October 1, 2022 Saturday

ഉരുളക്കിഴങ്ങ് തിന്നുന്നവരുണരുമ്പോൾ…

റെജി മലയാലപ്പുഴ
December 21, 2020 11:11 pm

റെജി മലയാലപ്പുഴ

നമ്മുടെ രാജ്യത്ത് കർഷക സമരം ശക്തിപ്പെടുമ്പോൾ വിൻസെന്റ് വാൻഗോഗിന്റെ പൊട്ടറ്റോ ഈറ്റേഴ്സ് എന്ന ലോക പ്രശസ്ത ചിത്രത്തെ ആസ്പദമാക്കി സുഭാഷ് ചന്ദ്രൻ എഴുതിയ ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന കഥയെ വിലയിരുത്താം. ദാരിദ്ര്യത്തിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഖനിത്തൊഴിലാളികളുടെ ജീവിത ചിത്രമാണ് ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന കഥയിൽ വരച്ചു കാട്ടപ്പെടുന്നത്. ഖനിയിലെ അപകട വാർത്തയറിഞ്ഞ് മകനെ തിരക്കി, തിരിച്ചെത്തിയ മിറലിന് തന്റെ വീട് പരിചിതമല്ലാതായിത്തീർന്നു.

മരുമകൾ ജൂലിയാന വീട്ടിനുള്ളിലുണ്ടായിരുന്നു. റാന്തലിന്റെ ഇളം വെളിച്ചത്തിൽ അകത്ത് മൂന്ന് മുഖങ്ങൾ തെളിഞ്ഞു നിന്നിരുന്നു. ജൂലിയാനയുടെ വൃദ്ധ മാതാപിതാക്കളും, മകൾ അന്നയും..

ജൂലിയാന വാതിലടച്ച് മടങ്ങി വന്ന് മറിയത്തിന്റെ ചില്ലിട്ട പടത്തിനു മുന്നിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുമ്പോഴും ചുമരിലെ ഘടികാരത്തിൽ നിന്നും സമയം ഇറ്റു താഴേക്ക് വീഴുന്നുണ്ടായിരുന്നു. ഖനികളിലുണ്ടാകുന്ന അപകടത്തെപ്പറ്റി അവൾക്ക് വലിയ നിശ്ചയമില്ല. എങ്കിലും ആർക്കും ആപത്ത് വരരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസിൽ.

ഉരുളക്കിഴങ്ങ് കിട്ടുന്നതു പോലെ ഖനികളിൽ നിന്നും കുഴിച്ചെടുക്കുന്നത് ഈസ്റ്റർ മുട്ടകളെന്നാണ് അന്നയോട് അവളുടെ അച്ഛൻ പറഞ്ഞുവച്ചിരിക്കുന്നത്.

തൊഴിലാളിയുടെ ജീവിതത്തെ എത്ര കൃത്യമായാണ് കഥാകൃത്ത് അടയാളപ്പെടുത്തിയിരിക്കുന്നത്. തന്റെ മകന്റെ മരണത്തെയും, ഉരുളക്കിഴങ്ങിനെയും സാദൃശ്യമാക്കുമ്പോൾ ജീവിതത്തിന്റെ ദുരന്ത മുഖമാണ് അഴിഞ്ഞു വീഴുന്നത്. മണ്ണിൽ പണിയെടുക്കുന്നവന്റെ ജീവിതാവസ്ഥകൾ അതി ദയനീയമാണ്. ഉരുളക്കിഴങ്ങ് കൃഷിയിൽ നിന്ന് വരുമാനമില്ലാതെ വന്നപ്പോഴാണ് ഖനിയിലെ തൊഴിൽ അന്വേഷിച്ച് അയാൾ പോയതും അതിൽ അപകടത്തിൽപ്പെട്ടതും.

ഉരുളക്കിഴങ്ങ് പുഴുങ്ങിയത് പാത്രത്തിൽ എത്തിയപ്പോൾ മിറലിന് മകന്റെ മുഖമാണ് ഓർമ്മയിലെത്തിയത്. മണ്ണിനടിയിൽപ്പെട്ട് ചതഞ്ഞ് മുഖം വികൃതമാക്കപ്പെട്ട് മുടിയും, തൊലിയും ഉരിഞ്ഞ്.… ഓർക്കാൻ കൂടി വയ്യാത്ത ചിത്രം..

തൊഴിലില്ലായ്മയും, പട്ടിണിയും വർധിച്ചുവരുന്ന ഈ കാലത്ത് ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന കഥയ്ക്ക് പ്രസക്തി ഏറുന്നു. അതോടൊപ്പം അധ്വാനിക്കുന്ന കർഷകന്റെ വിയർപ്പിന് വില കൽപ്പിക്കാത്ത ഭരണകൂടത്തെ തിരിച്ചറിയാനും കർഷകന്റെ വേദന മനസിലാക്കാനും ഒരു പടി കൂടി കടന്ന് ചിന്തിക്കാൻ ഈ കഥ നമ്മെ പ്രേരിപ്പിക്കുന്നു.

മണ്ണിൽ പണിയെടുക്കുന്നവനാണ് അന്നമൂട്ടുന്നത്. അവന്റെ വിളവിന് അർഹതപ്പെട്ട വില ലഭിച്ചാൽ ദാരിദ്ര്യത്തിൽ നിന്നും കരകയറാം. ഉരുളക്കിഴങ്ങ് പുഴുങ്ങുംപോലെ അവനെ എരിവെയിലിൽ പുഴുങ്ങിയെടുക്കാൻ ശ്രമിച്ചാൽ അത് പ്രതികരണത്തിന്റെ സമര മുഖങ്ങൾ തുറന്നേക്കും എന്ന തിരിച്ചറിവിലേക്ക് തന്നെ കാലം കൊണ്ടുചെന്നെത്തിക്കും. അത്തരം ശബ്ദങ്ങൾക്കൊപ്പം നിലകൊള്ളുന്ന സാഹിത്യ രചനകളും കാലത്തെ അതിജീവിച്ചു നിൽക്കുമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.