ഉല്പാദനത്തിലുണ്ടായ ഇടിവ് മൂലം സംസ്ഥാനത്തെ നെൽ കർഷകർക്ക് കോടികളുടെ നഷ്ടം. കാലാവസ്ഥാ വ്യതിയാനവും കൃഷിയിടങ്ങൾ കുറഞ്ഞതും ഉല്പാദനത്തെ വലിയ തോതിലാണ് ബാധിച്ചത്. ഉല്പാദനത്തിൽ 1.79 ലക്ഷം ടൺ നെല്ലിന്റെ കുറവുണ്ടായപ്പോൾ 507.6 കോടി രൂപയാണ് ചോർന്നുപോയത്. കഴിഞ്ഞ വർഷം 7.31 ലക്ഷം ടൺ ലഭിച്ച സ്ഥാനത്ത് ഇക്കുറി കിട്ടിയത് 5.52 ലക്ഷം ടൺ മാത്രം. കഴിഞ്ഞ വർഷം 1.83 ലക്ഷം ഹെക്ടറിലായിരുന്നു കൃഷിയെങ്കിൽ മൂന്ന് സീസണുകളിലായി ഇപ്രാവശ്യം ഇത് 1.68 ഹെക്ടർ സ്ഥലത്തായി ചുരുങ്ങി. ശരാശരി ഉല്പാദനത്തിലും കുറവുണ്ട്. മുൻ വർഷം ഒരു ഹെക്ടർ നിലത്തിൽ നിന്ന് 4000 കിലോഗ്രാം നെല്ല് കിട്ടിയത് ഈ വർഷം 3280 കിലോഗ്രാമായി ചുരുങ്ങി. പല കാരണങ്ങളാൽ കർഷകർ നെൽക്കൃഷിയിൽ നിന്ന് പിന്തിരിഞ്ഞ് മറ്റ് കാർഷിക വിളകളിലേക്ക് തിരിയുകയും നിലം നികത്തി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങുകയും ഒക്കെ ചെയ്യുന്നത് കൂടിയതോടെയാണ് വർഷം ചെല്ലുന്തോറും സംസ്ഥാനത്ത് നെൽകൃഷിയിടങ്ങൾ ചുരുങ്ങി വരുന്ന സ്ഥിതിയുണ്ടായത്.
കാലം തെറ്റിയുള്ള മഴയും കടുത്ത വേനലും കര — കോൾ മേഖലകളിലെ നെൽകൃഷി ഉല്പാദനത്തിൽ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. മഴ, മഞ്ഞ്, അത്യുഷ്ണം എന്നിവ മാറി വന്നതോടെ കോൾ മേഖലയിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും നെല്ലിനെ ബാധിക്കുന്ന രോഗങ്ങൾ വ്യാപിച്ചു. നടീൽ പൂർത്തിയാക്കി രണ്ട് ആഴ്ച കഴിഞ്ഞപ്പോഴാണ് നെൽച്ചെടികളെ ഇല്ലാതാക്കുന്ന ഇല കരിച്ചിൽ രോഗം പടർന്നു പിടിച്ചത്.പുറമെ,തണ്ടുതുരപ്പൻ, കുടപ്പുഴു ബാധയും. ഇതോടെ വിളവ് നേർപകുതിയായി. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതും കോൾ മേഖലയിൽ പതിവ്. കര മേഖലയിലും രോഗങ്ങളും കാലം തെറ്റി വന്ന മഴയും കനാൽ വെള്ളത്തിന്റെ ദൗർലഭ്യവും നെൽകൃഷിയെ ഞെരുക്കുന്നു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അർഹമായ വിഹിതം നൽകുന്നത് കേന്ദ്ര സർക്കാർ താമസിപ്പിക്കുന്നത് മൂലം നെൽക്കർഷകർക്കുണ്ടാകുന്ന ദുരിതവും ചെറുതല്ല.
English Summary:Substantial decline in production: 507 crore loss to rice farmers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.