ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വിജയം തുടര്‍ന്ന് നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീന. മറുപടിയില്ലാത്ത ഒറ്റ ഗോളിനു ചിലിയെ വീഴ്ത്തി ലാറ്റിനമേരിക്കൻ ഗ്രൂപ്പിലെ മേധാവിത്വം ഉറപ്പിച്ചു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി ദേശീയ ടീമിനായി ഇറങ്ങിയ പോരില്‍ ജൂലിയന്‍ അല്‍വാരസ് നേടിയ ഏകഗോളിലാണ് അര്‍ജന്റീനയുടെ ജയം. കളി തുടങ്ങി 15-ാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. തിയാഗോ അല്‍മാഡ യുടെ പാസില്‍ നിന്നായിരുന്നു അല്‍വാരസിന്റെ ഗോള്‍. പിന്നീടും ഗോളടിക്കാന്‍ അര്‍ജന്റീന ശ്രമം നടത്തിയെങ്കിലും പാഴായി. മറുഭാഗത്ത് ചിലിയും ആക്രമണം നടത്തിയെങ്കിലും അര്‍ജന്റീനയുടെ ഉറച്ച പ്രതിരോധം തടസമായി. പകരക്കാരനായാണ് മെസി കളത്തിലെത്തിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ തുടരെ അഞ്ചാം ജയമാണ് ലോക ചാമ്പ്യന്മാര്‍ കുറിച്ചത്. 15 കളിയില്‍ 11 ജയവുമായി 34 പോയിന്റോടെ അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
അർജന്റീനൻ ദേശീയ ഫുട്ബോൾ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫ്രാങ്കോ മസ്റ്റാന്റുവോനോ 83-ാം മിനിട്ടില്‍ കളത്തിലിറങ്ങി. ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഫ്രാങ്കോ മസ്റ്റാന്റുവോനോയ്ക്ക് 17 വർഷവും ഒമ്പത് മാസവും 22 ദിവസവുമാണ് പ്രായം. 1960ലെ സൗത്ത് അമേരിക്കന്‍ ടൂർണമെന്റിൽ അഡോള്‍ഫോ ഹൈസിംഗര്‍ കുറിച്ച റെക്കോഡാണ് മസ്റ്റാന്റുവോനോ തിരുത്തിയെഴുതിയത്. 18 വയസ്സും 1 മാസവും 6 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഹൈസിംഗറിന്റെ അരങ്ങേറ്റം. ഇതിഹാസ താരം ഡീഗോ മറഡോണ 16 വർഷവും മൂന്ന് മാസവും 28 ദിവസവും പ്രായമുള്ളപ്പോൾ അർജന്റീനയ്ക്കായി കളിച്ചിരുന്നു. എന്നാൽ അതൊരു അനൗദ്യോഗിക മത്സരമായിരുന്നു. 18 വയസ്സും ഒരു മാസവും 24 ദിവസവും പ്രായമുള്ളപ്പോഴാണ് ഹംഗറിക്കെതിരെ ലയണല്‍ മെസി അർജന്റീനയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.