Saturday
07 Dec 2019

തേജസിന്റെ നേവല്‍ വേരിയന്റ് പരീക്ഷണം വിജയം

By: Web Desk | Friday 13 September 2019 10:05 PM IST


ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനത്തിന്റെ നേവല്‍ വേരിയന്റ് വിജയകരമായി ലാന്‍ഡിംഗ് പരീക്ഷണം പൂര്‍ത്തിയാക്കി. നാവികസേനയുടെ  ഭാഗമാക്കുന്നതിനുള്ള സുപ്രധാന പരീക്ഷണമായ അറസ്റ്റഡ് ലാന്‍ഡിംഗാണ് പ്രത്യേകം തയ്യാറാക്കിയ റണ്‍വേയില്‍ തേജസ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

നാവികസേനയുടെ പടക്കപ്പലുകളില്‍ പറന്നിറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ ദൂരപരിധിയുള്ള റണ്‍വേയില്‍ അറസ്റ്റഡ് ലാന്‍ഡിംഗ് നടത്തിയത്.  വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ടെയില്‍ഹൂക്ക് റണ്‍വേയിലെ പ്രത്യേകം തയ്യാറാക്കിയ കയറില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ ലാന്‍ഡിംഗ് നടത്തുന്നതാണ് അറസ്റ്റഡ് ലാന്‍ഡിംഗ്. വിമാനവാഹിനി കപ്പലുകളിലെ 150 മീറ്ററില്‍ താഴെ മാത്രം നീളമുള്ള റണ്‍വേയില്‍ ഇറങ്ങുന്നതിന്റെ ഭാഗമായാണ് ഈ വിദ്യ ഉപയോഗിക്കുന്നത്.

ഇതാദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒരു വിമാനം അറസ്റ്റഡ് ലാന്‍ഡിംഗ് നടത്തുന്നത്. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, യുകെ ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഗോവന്‍ തീരത്ത് പ്രത്യേകം തയ്യാറാക്കിയ റണ്‍വേയിലാണ് ഇന്ത്യന്‍ നാവികസേനയുടെ വിദഗ്ധ പൈലറ്റുമാര്‍ വിമാനത്തെ ഇറക്കിയത്. ഇനി നിരവധി തവണ വിമാനം അറസ്റ്റഡ് ലാന്‍ഡിംഗ് നടത്തി എല്ലാ പോരായ്മകളും പരിഹരിച്ച ശേഷമാകും നാവികസേനയുടെ ഭാഗമാകുക. അതിന് മുമ്പ് ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ കൂടി തേജസ് ലാന്‍ഡിംഗ് നടത്തും. എന്നാല്‍ ഐഎന്‍എസ് വിക്രമാദിത്യയിലും ഗോവയിലെ റണ്‍വേയിലും സ്ഥാപിച്ചിരിക്കുന്ന ലാന്‍ഡിംഗ് ഗിയറുകള്‍ വ്യത്യസ്തമാണെന്നും ഇത് പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ കൂടി നടത്തിയ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നും പ്രതിരോധ വൃത്തങ്ങള്‍ വിശദീകരിച്ചു.
ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന ഒറ്റ എന്‍ജിന്‍ ലഘുയുദ്ധ വിമാനമായ തേജസിന് ആ പേരിട്ടത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ്. 1980കളിലാണ് ഇന്ത്യ ലഘുയുദ്ധ വിമാനങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. മാരുത് യുദ്ധ വിമാനങ്ങള്‍ക്ക് ശേഷം ഹിന്ദുസ്ഥാന്‍ എറോനോട്ടിക്കല്‍സ് വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. 2011ല്‍ വ്യോമസേനാ പൈലറ്റുമാര്‍ക്കായി തേജസ് പരിശീലനത്തിന് കൈമാറിയിരുന്നു. 2016ല്‍ ഇത് സേനയുടെ ഭാഗമായി.

Related News