മൊഞ്ചുള്ള മൈലാഞ്ചി ഡിസൈനുകളൊരുക്കി വിജയഗാഥ രചിക്കുകയാണ് മാന്നാർ നായർ സമാജം ഹയർ സെക്കന്‍ഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ഇൻഷാ ഫാത്തിമയും ചങ്ങനാശേരി എസ്ബി കോളജിൽ മൈക്രോ ബയോളജി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഖദീജാ ഹാറൂണും. ഹൈസ്കൂൾ ക്ലാസ് മുതൽ ഒപ്പന മത്സരത്തിൽ പങ്കെടുത്തും ടീമംഗങ്ങൾക്ക് മൈലാഞ്ചി അണിയിച്ചും തന്റെ കലാവിരുതിന് തുടക്കം കുറിച്ച ഇൻഷാ ഫാത്തിമ തന്റെ അമ്മാവന്റെ മകൾ ഖദീജയുമായി ചേർന്ന് സഹപാഠികൾക്കും വീട്ടുകാർക്കും സ്നേഹസമ്മാനമായി നൽകിത്തുടങ്ങിയ മൈലാഞ്ചി ഡിസൈനിങ് ഇന്നിവർക്കൊരു വരുമാന മാർഗമായി മാറുകയാണ്. ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ കല്യാണപ്പെണ്ണിന് മൈലാഞ്ചി അണിയിച്ചതോടെ ഇവരുടെ ഡിസൈനിങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ദൂരസ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവരെത്തേടി എത്തി. അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനം കൂടി ആയപ്പോൾ ഇരുവരും ആത്മവിശ്വാസത്തിലായി. ഇന്ത്യൻ, അറബിക് ഡിസൈനുകളെ സമന്വയിപ്പിച്ചുള്ള ഇന്തോ അറബിക് ഡിസൈനുകൾക്ക് പ്രാധാന്യം നൽകിയാണ് ഇൻഷായും ഖദീജയും ഡിസൈനുകൾ ഒരുക്കുന്നത്.
ആദ്യമൊക്കെ മൈലാഞ്ചി ഇടുന്നതിന് റേറ്റൊന്നും പറയാതെ, തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു ഇൻഷായും ഖദീജയും ചെയ്തിരുന്നത്. എങ്കിലും അയ്യായിരത്തിൽ കുറയാതെ ലഭിക്കുമായിരുന്നു. നാലഞ്ച് മണിക്കൂറോളം ഒരേ ഇരുപ്പിരുന്ന് ചെയ്യേണ്ട ജോലിക്ക് അത് മതിയാകില്ലായിരുന്നു. എന്നാൽ ഇന്ന് പതിനയ്യായിരം രൂപ കടന്നിരിക്കുന്നു ഇവരുടെ അധ്വാനമൂല്യം. മൈലാഞ്ചി കോണുകളിൽ പലതും മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഗുണനിലവാരമുള്ള ഉയർന്ന ബ്രാന്റഡ് മൈലാഞ്ചി കോണുകളും അനുബന്ധ ലേപനങ്ങളും മറ്റും വിദേശത്ത് നിന്നും ഓൺലൈൻ വഴി എത്തിച്ച് ഉപയോഗിക്കേണ്ടി വന്നതോടെ ചെലവും വർധിച്ചു. കല്യാണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മണവാട്ടിക്ക് മൈലാഞ്ചി അണിയിക്കും. അടുത്ത ദിവസങ്ങളിൽ വധുവിന്റെ ബന്ധുക്കൾക്ക് മൈലാഞ്ചി ഇടണം. അതിനനുസരിച്ചുള്ള ഡിസൈനുകളും റേറ്റുമാണ് നിശ്ചയിക്കുന്നത്. നഴ്സിങ് മേഖലയിലെ ജോലിയാണ് സ്വപ്നമെങ്കിലും ഏറെ ഇഷ്ടപ്പെടുന്ന മൈലാഞ്ചി ഡിസൈനിങ് ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ തന്നെയാണ് ഇൻഷാ ഫാത്തിമയുടെയും ഖദീജാ ഹാറൂണിന്റെയും തീരുമാനം. മാന്നാറിലെ മാധ്യമ പ്രവർത്തകൻ ബഷീർ പാലക്കീഴിലിന്റെയും സുരയ്യ ബഷീറിന്റെയും മകളാണ് ഇൻഷാ ഫാത്തിമ. മുഹമ്മദ് ഇഹ്സാൻ, ഹുസ്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. മാന്നാർ പുളിക്കലാലുമ്മൂട്ടിൽ ഹാറൂൺ മജീദിന്റെയും സാബിദ ഹാറൂണിന്റെയും മകളാണ് ഖദീജ ഹാറൂൺ. ഫാത്തിമ ഹാറൂൺ സഹോദരിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.