വീണ്ടെടുപ്പിന്റെ വിജയഗാഥ

എഴുത്തും ചിത്രങ്ങളും: ജോമോൻ പമ്പാവാലി
Posted on May 17, 2020, 5:10 am

നാട്ടിലെ അതിസമ്പന്നരുടെ രോഗമെന്ന് ഓമനപ്പേരിട്ടുവിളിച്ച പ്രഷറും ഷുഗറും കൊളസ്ട്രോളും ജീവിതശൈലീ രോഗമെന്ന പേരിൽ എല്ലാത്തരം മനുഷ്യരിലേക്കും വ്യാപിച്ചത് വളരെ ചുരുങ്ങിയ കാലംകൊണ്ടായിരുന്നു. കപ്പയും ചക്കയും ചേമ്പും ചേനയും കാച്ചിലുമൊക്കെ മലയാളിയുടെ അടുക്കളയിൽ നിന്ന് പുറത്തായപ്പോൾ അതിന്റെ പേരിൽ അകത്ത് കയറിയത് ഈ ജീവിത ശൈലീ രോഗങ്ങൾ കൂടിയായിരുന്നു. അദ്ധ്വാനിക്കാനുള്ള നമ്മുടെ മനസും എവിടെയോ നഷ്ടപ്പെട്ടപ്പോൾ ആ രോഗങ്ങളുടെ വരവ് കുറേക്കൂടി എളുപ്പമാക്കി. ആഹാരശൈലിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് തിരിച്ചറിവ് ഇടയ്ക്കെപ്പൊഴോ ഉണ്ടായെങ്കിലും ശീലിച്ചതിനെയാകെ പാടേ മാറ്റാൻ നമ്മളും ഒരുക്കമായിരുന്നില്ല. ഇപ്പോൾ കോവിഡ് 19നെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പടിക്കു പുറത്തായത് മലയാളിയുടെ ഈ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ കൂടിയാണ്.

ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചു പൂട്ടി വീടിനുള്ളിലായതോടെ ജങ്ക് ഫുഡ് സംസ്കാരത്തിനു പകരം ചക്കയും കപ്പയും മാങ്ങയും ഇലക്കറികളും ഉൾപ്പെടുന്ന പരമ്പരാഗത ഭക്ഷണ ശീലങ്ങളിലേയ്ക്ക് താൽകാലികമായെങ്കിലും ഒരു തിരിച്ചു വരവുണ്ടായി തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനും എത്രയോ നാൾ മുമ്പേ, തങ്ങളുടെ അടുക്കളിലേക്ക് പരമ്പരാഗത ഭക്ഷണ രീതിയെ തിരിച്ചുവിളിക്കാൻ ഇടുക്കിയിലെ ആദിവാസി സമൂഹത്തിനായിരുന്നു. ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസി സമൂഹം അവരുടെ പരമ്പരാഗത ഭക്ഷ്യശീലങ്ങളിലേയ്ക്കുള്ള മടക്കം ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആദിവാസികളുടെ പരമ്പരാഗത കൃഷിരീതിയും വിത്തിനങ്ങളും സംരക്ഷിക്കാനായി സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ‘പുനർജീവനം’ എന്ന പദ്ധതിയാണ് ഈ മടങ്ങിപ്പോക്കിനു വഴിതെളിച്ചത്.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.11&permmsgid=msg-f:1666673296021723415&th=1721368846011917&view=fimg&realattid=f_ka6thyyf10&disp=thd&attbid=ANGjdJ-0s53AsmDr9MA8Y6OXPGisn_PjfGv77Xtn4bQFl-g5S7ebKvOYtj-zxIoM4lPqDFRm53GLtTJMUMtWJ4tVNmBBl4Tn_GOoVJsVNSy8oMMNRSsqjKeqA3WIe0Q&ats=2524608000000&sz=w1366-h639

പി എം പ്രഭു

വഴിത്തിരിവായ മെഡിക്കൽ ക്യാമ്പ്

ചിന്നാർ വന്യജീവി സങ്കേതത്തിലെ പതിനൊന്ന് ആദിവാസിക്കുടികളിലായി 2016 ൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു മെഡിക്കൽ ക്യാമ്പാണ് വഴിത്തിരിവായത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ പതിവില്ലാത്ത പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളും വിളർച്ച, തൂക്കക്കുറവ് എന്നീ ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയതോടെയാണ് എന്തുകൊണ്ട് ഇത്തരം രോഗങ്ങൾ ആദിവാസികൾക്കിടയിൽ ഉണ്ടാകുന്നു എന്ന അന്വേഷണത്തിലേയ്ക്ക് അന്ന് ചിന്നാർ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനായിരുന്ന പി എം പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘം തിരിഞ്ഞത്.

ആദിവാസികളുടെ ഭക്ഷണ ശീലങ്ങളിലുണ്ടായ മാറ്റത്തിലാണ് ആ അന്വേഷണം ചെന്നെത്തിയത്. വിവിധയിനം റാഗി, തിന, വരക്, ചാമ തുടങ്ങിയവയായിരുന്നു ഇവരുടെ പ്രധാന ഭക്ഷണങ്ങൾ. എന്നാൽ സൗജന്യ റേഷന്റെ വരവോടെ ഇവയെല്ലാം അടുക്കളയിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. പരമ്പരാഗത കൃഷിരീതികളിൽ നിന്നു പിൻമാറി റേഷനരിയിലേയ്ക്ക് ഭക്ഷണ ശീലം മാറിയപ്പോൾ അന്യമായത് പോഷകസമൃദ്ധമായ ഒരു ഭക്ഷ്യ സംസ്കാരം മാത്രമായിരുന്നില്ല. അവരുടെ കൃഷിയിടങ്ങളെ സമ്പന്നമാക്കിയിരുന്ന ചില അപൂർവയിനം വിത്തിനങ്ങൾ കൂടിയായിരുന്നു.

പുനർജീവനം എന്ന മൃതസഞ്ജീവനി

നഷ്ടമായിക്കൊണ്ടിരിക്കുന്ന ആരോഗ്യം കാത്തുസൂക്ഷിക്കാൻ തങ്ങളുടെ പരമ്പരാഗത കൃഷിരീതികളും പോഷകവൈവിധ്യം നിറഞ്ഞ ഭക്ഷണ രീതികളും തിരികെ പിടിച്ചേ തീരൂ എന്ന് ആദിവാസി സമൂഹം മനസ്സിലാക്കിയപ്പോൾ വനം വകുപ്പ് അവരുടെ സഹായത്തിനെത്തി. ഇതിനായി ആവിഷ്കരിച്ച പദ്ധതിയാണ് പുനർജീവനം. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന മൂന്ന് മേഖലകളിലായി വളരെ വിശാലമായ കാഴ്ചപ്പാടോടെ രൂപം കൊടുത്ത പദ്ധതിയായിരുന്നു ഇത്.

തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടു പോയ ഭക്ഷ്യ സംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവൽക്കരിച്ച് അതിലേക്കൊരു തിരിച്ചു പോക്കാണ് പുനർജീവനം വഴി വിഭാവനം ചെയ്തത്. തായണ്ണൻ കുടി, മുളങ്ങാമുട്ടി, വെള്ളക്കൽ, പുതുക്കുടി, ഇരുട്ടളക്കുടി, ഈച്ചാം പെട്ടി, ആലാം പെട്ടി, പാളപ്പെട്ടി, ചമ്പക്കാട്, മാങ്ങാപ്പാറ, ഒള്ളവയൽ എന്നിവയാണ് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസിക്കുടികൾ. ഈ പതിനൊന്നു കുടികളിലായി ഏകദേശം 1800 പേരാണുള്ളത്. ഇക്കോ ഡെവലപ്മെന്റ് കമ്മറ്റി(ഇഡിസി)വഴിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. 2016 ൽ തായണ്ണൻകുടിയിൽ 15 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്.

വിത്തുകൾ തേടി

കൃഷിയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമായ പരമ്പരാഗത ഇനങ്ങളുടെ വിത്തിന്റെ വീണ്ടെടുപ്പായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മുപ്പതിൽ പരം വ്യത്യസ്തയിനം റാഗികൾ കൃഷി ചെയ്തിരുന്ന സ്ഥാനത്ത് അത് നാല് ഇനങ്ങളായി ചുരുങ്ങിയിരുന്നു. അഞ്ചു നാടുകൾ എന്ന പേരിൽ അറിയപ്പെടുന്ന മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കാരയൂർ, കൊട്ടക്കുടി എന്നിവടങ്ങളിലെ മുതുവാൻ കുടികളിൽ കയറിയിറങ്ങിയാണ് റാഗി വിത്തുകൾ ശേഖരിച്ചത്. ഇങ്ങനെ ലഭിച്ച വിത്തുകൾ തായണ്ണൻ കുടിയിൽ നദീ തീരത്ത് തടങ്ങളുണ്ടാക്കി പാകി മുളപ്പിച്ചു. തുടർന്ന് തൈകൾ കൃഷിസ്ഥലത്തേക്ക് പറിച്ചു നടുകയായിരുന്നു. വനം വകുപ്പും ആദിവാസികളും നിശ്ചയദാർഢ്യത്തോടെ നടത്തിയ ശ്രമഫലമായി പുനർജീവനം പദ്ധതിയുടെ ആദ്യ വർഷം തന്നെ എട്ട് ഇനത്തിൽപ്പെട്ട റാഗികൾ കൃഷിയിറക്കാൻ കഴിഞ്ഞു.

രണ്ടാം വർഷം ഇത് 15 ലേക്ക് ഉയർന്നു. പദ്ധതി ആവേശകരമായ മൂന്നു വർഷങ്ങൾ പിന്നിട്ടപ്പോൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന 23 ഇനം റാഗികൾ തായണ്ണൻ കുടിയിൽ കതിരണിഞ്ഞു. 2019 ഓടെ 28 ഇനം ചെറു ധാന്യങ്ങളുടെ പുനരുല്പാദനം സാധ്യമായിട്ടുണ്ട്. കൂടാതെ വിവിധയിനം തിന, ചീര, ചോളം, ബീൻസ് തുടങ്ങിയവയും തായണ്ണൻ കുടിയുടെ മണ്ണിനെ പച്ചപ്പിന്റെ പുതപ്പണിയിച്ചു. വിത്ത് സംഭരണം എന്ന നിലയിൽ നിന്ന് കാർഷിക സംസ്കാരമായി ഇപ്പോൾ തായണ്ണൻ കുടിയിൽ നിന്ന് ഈച്ചാംപെട്ടി, ഇരുട്ടള കുടികളിലേയ്ക്കും ഇത് വ്യാപിച്ചിട്ടുണ്ട്.

പുനർജീവനത്തെ തേടി പുരസ്കാരങ്ങൾ

പുനർജീവനം പദ്ധതി വഴി പുരസ്കാരങ്ങളും ആദിവാസിക്കുടിയിലെത്തി. 2017 ൽ തന്നെ സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച പ്രോജക്ടിനുള്ള പുരസ്കാരവും 2018 ൽ വേൾഡ് മലയാളി കൗൺസിലിന്റെ പുരസ്കാരവും പുനർജീവനത്തിലൂടെ തായണ്ണൻകുടിയിലെത്തി.

കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിറ്റിയുടെ പ്ലാന്റ് ജിനോം സേവിയർ കമ്യൂണിറ്റി അവാർഡ് എന്ന ദേശീയ പുരസ്കാരം തായണ്ണൻകുടിയിലെത്തിയതിനു പിന്നിലും പുനർജീവനം പദ്ധതിയായിരുന്നു. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെടുന്ന നാല് കാർഷിക സംഘങ്ങൾക്ക് നൽകുന്ന ഈ പുരസ്കാരം 10 ലക്ഷം രൂപയുടേതാണ്.

ചരിത്രദൗത്യം ഡോക്യുമെന്ററി രൂപത്തിലും

പദ്ധതിയുടെ തുടക്കം മുതൽ പകർത്തി സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി പുനർജീവനം എന്ന പേരിൽ തന്നെ മനോഹരമായ ഒരു ഡോക്യുമെന്ററി വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ ചുക്കാൻ പിടിച്ച ചിന്നാർ വന്യജീവി സങ്കേതം മുൻ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനും ഇപ്പോൾ തൃശൂർ സോഷ്യൽ ഫോറസ്ട്രി എസിഎഫു മായ പി എം പ്രഭു തന്നെയാണ് ഡോക്യുമെന്ററിയുടെ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ചിന്നാറിന്റെ ഭൂപ്രകൃതിയുടെ മനോഹാരിതയും ആദിവാസി സമൂഹത്തിന്റെ സാസ്കാരിക തനിമയും ഉൾപ്പെടുത്തി പുനർജീവനം പദ്ധതിയെക്കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട് 11 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയിൽ. ഈ കോവിഡ് കാലത്ത് കേരളം വീണ്ടും കൃഷിയിടങ്ങളിലേയ്ക്കു തിരിയുമ്പോൾ, മലയാളി മറന്ന കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യം സജീവ ചർച്ചയാകുമ്പോൾ, അതിന് ഊർജം പകരുന്ന അനുകരണീയമായ ഒരു മാതൃകയാണ് ചിന്നാറിലെ തായണ്ണൻകുടിയിൽ തുടക്കമിട്ട പുനർജീവനം പദ്ധതി. നാടിനെയും നാട്ടിനങ്ങളെയും ചേർത്തുപിടിച്ച് മലയാളിയുടെ ആരോഗ്യത്തിന് പുനർജീവനേകുന്ന സ്വപ്നപദ്ധതി.