July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

കാർഷിക പരിഷ്കരണ നിയമത്തിന്റെ പിന്തുടർച്ച

Janayugom Webdesk
December 31, 2019

 

1970 ജനുവരി ഒന്നുമുതലാണ് കാർഷിക പരിഷ്കരണ നിയമത്തിലെ എല്ലാ വകുപ്പുകളും പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ഗവണ്‍മെന്റ് പ്രഖ്യാപനം പുറപ്പെടുവിച്ച് നടപ്പിലാക്കിത്തുടങ്ങിയത്. അതായത്, ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് ജന്മിസമ്പ്രദായവും പാട്ടവ്യവസ്ഥയും അവസാനിപ്പിക്കപ്പെട്ടു എന്നർഥം. ഇത് വലിയൊരു വിപ്ലവമായിരുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച്. 27.66 ലക്ഷം കുടിയാന്മാർ അവർ പാട്ടത്തിനെടുത്ത് കൃഷിനടത്തിയിരുന്ന ഭൂമിയുടെ ഉടമകളായി. നാലു ലക്ഷത്തിൽപ്പരം കുടികിടപ്പുകാർക്ക് അവർ കുടിൽ കെട്ടി താമസിച്ചിരുന്നതിനു ചുറ്റും 10 സെന്റുവരെ ഭൂമി സ്വന്തമായി കിട്ടി. അവർ എന്നെന്നേയ്ക്കുമായി ഒഴിപ്പിക്കൽ ഭീഷണിയിൽ നിന്ന് വിമുക്തരായി. കേരളത്തിലെ കുടിയാന്മാർ കൊല്ലംതോറും ജന്മികൾക്ക് പാട്ടമായി കൊടുത്തിരുന്നത് 17 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.

1910 ജനുവരി ഒന്നുമുതൽ നിയമപരമായി ഈ ബാധ്യത കുടിയാന്മാർക്കില്ലാതായി. കുടികിടപ്പുകാർക്ക് അവരുടെ കുടിലുകൾ നില്‍ക്കുന്ന പത്തു സെന്റുവരെയുള്ള ഭൂമിയിൽ ജന്മാവകാശം നൽകുന്നു. പട്ടയം കൊടുക്കുന്നതിന് വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പട്ടയദാനമേളകൾ വലിയൊരു ബഹുജനപ്രസ്ഥാനമായി രൂപാന്തരപ്പെട്ടു. ആ പട്ടയമേളകൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് അച്യുതമേനോൻ മന്ത്രിസഭയിലെ റവന്യൂ-ഭക്ഷ്യവകുപ്പുകളിലെ ചുമതല വഹിച്ച മന്ത്രിയും കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെ ഊർജസ്വലനേതാക്കളിലൊരാളുമായ പരേതനായ കെ ടി ജേക്കബായിരുന്നു. ഈ പട്ടയമേളകളിലൂടെ ഒരുലക്ഷത്തോളം കുടികിടപ്പുകാർക്ക് പട്ടയം നൽകുകയുണ്ടായി. കാർഷിക പരിഷ്കരണ നിയമത്തിന്റെ തുടർച്ചയായി പട്ടയ വിതരണും ഭൂവിതരണവും മാത്രമായിരുന്നില്ല നടന്നത്. മിച്ചഭൂമിയായി ലഭിച്ച സ്ഥലങ്ങൾ വ്യവസായ വികസനത്തിനും പൊതുമേഖലാ സംരംഭങ്ങളുടെ രൂപീകരണത്തിനുമായി ഉപയോഗിച്ചുകൊണ്ട് സ്ഥായിയാ വികസനത്തിനുളള അടിത്തറ പാകുന്നതിനും പ്രസ്തുത സർക്കാർ ശ്രമിക്കുകയുണ്ടായി. കാര്‍ഷിക ബന്ധനിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ പഴയ മലബാര്‍ ജില്ലയില്‍പെട്ട സ്വകാര്യജന്മികളുടെ വകയായ ഏഴരലക്ഷം ഏക്കറോളം വരുന്ന വനങ്ങളും കണ്ണന്‍ദേവന്‍ കമ്പനിയുടെ വകയായ തരിശായി കിടന്നിരുന്ന കൃഷിക്കുപയോഗിക്കാവുന്ന ഭൂമിയും കുട്ടനാട്ടില്‍ കൃഷി ചെയ്യാതിട്ടിരുന്ന മുരുക്കന്റെ വകയായ കായല്‍നിലവും പ്രതിഫലം കൊടുക്കാതെ സര്‍ക്കാര്‍ ഏറ്റെടുത്തു. നാടുവാഴി ജന്മിത്തത്തിനും വന്‍കിട ഭൂപ്രഭുത്വത്തിനുമെതിരായ മറ്റൊരു കനത്ത പ്രഹരമായിരുന്നു ഇത്. കേരളത്തിലെ തോട്ടംമേഖലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന വിദേശക്കമ്പനികള്‍ ദേശവല്‍ക്കരിക്കുന്നതിനുള്ള ഒരു കരടുബില്‍ തയാറാക്കി അച്യുതമേനോന്‍ ഗവണ്‍മെന്റ് കേന്ദ്രത്തിന്റെ അനുമതിക്ക് അയച്ചുകൊടുക്കുകയുണ്ടായി.

പക്ഷെ അതിന്നൊരിക്കലും അനുമതി കിട്ടുകയുണ്ടായില്ല. കശുവണ്ടി വ്യവസായത്തിന്റെ സ്ഥിരമായ ദുരവസ്ഥയ്ക്ക് ഒരു അളവില്‍ ആശ്വാസം നല്‍കാനും തൊഴിലാളികള്‍ക്ക് സാധ്യമായത്ര കൂടുതല്‍ തൊഴിലും നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങളും ഉറപ്പുവരുത്തുവാനും പൂട്ടിക്കിടക്കുന്ന സ്വകാര്യ മുതലാളികളുടെ വകയായ ഫാക്ടറികള്‍ ഏറ്റെടുത്തു തുറന്ന് പ്രവര്‍ത്തിപ്പിക്കാനും നടപടികളെടുത്തു. അതിനുവേണ്ടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചു. കശുവണ്ടി വ്യവസായത്തില്‍ ആദ്യമായി അങ്ങനെ ഒരു പൊതുമേഖല നിലവില്‍ വന്നു. ഇന്നു കശുവണ്ടി വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് കോര്‍പ്പറേഷന്‍ വക ഫാക്ടറികളിലാണ്. കര്‍ഷകതൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിക്കുകയും അവരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുന്നതിനും തൊഴില്‍സംബന്ധമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനും ഒരു പുതിയ നിയമം കൊണ്ടുവന്നു. ഈ നിയമത്തിന്റെ ഫലമായി കാര്‍ഷിക തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കിട്ടി. കുട്ടനാട്ടിലും പാലക്കാട്ടും കര്‍ഷകതൊഴിലാളികള്‍ക്കുവേണ്ടി വ്യവസായബന്ധ കമ്മിറ്റികള്‍ രൂപീകരിച്ചു. തൊഴിലാളികള്‍ക്ക് ‘ഗ്രാറ്റുവിറ്റി’ നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവന്നു. പ്രായാധിക്യംമൂലമോ, രോഗിയായതുകൊണ്ടോ, ജോലിയില്‍ നിന്ന് പിരിഞ്ഞുപോകേണ്ടിവരികയോ, തൊഴിലുടമ എന്തെങ്കിലും കാരണവശാല്‍ പിരിച്ചുവിടുകയോ ചെയ്യുമ്പോള്‍, തൊഴിലാളികള്‍ക്ക് അവര്‍ ജോലി ചെയ്ത കാ­­ലവും കിട്ടിയിരുന്ന വേതനവും അനുസരിച്ച് ‘ഗ്രാറ്റുവിറ്റി’ നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. ഇന്ത്യയില്‍ ഏതെങ്കിലും ഒരു സ്റ്റേറ്റില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് ആദ്യമായിട്ടായിരുന്നു. കേരളത്തിന് ഇന്ത്യയുടെ ഇലക്ട്രോണിക്ക് വ്യവസായ ഭൂപടത്തില്‍ ഒരു സ്ഥാനം നല്‍കുന്നതിന് തുടക്കം കുറിച്ചു. ‘കെല്‍ട്രോണ്‍’ എന്ന പേരിലറിയപ്പെടുന്ന പൊതുമേഖല വ്യവസായസ്ഥാപനം തുടങ്ങി. അത്യാധുനികമായ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും അതിന്നാവശ്യമായ ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ശാഖോപശാഖകളായി സ്റ്റേറ്റിന്റെ നാനാഭാഗത്തേക്കും പടര്‍ന്നുപിടിച്ച, നൂറുകണക്കിന് യുവതീയുവാക്കള്‍ക്ക് പരിശീലനവും തൊഴിലും നല്‍കുന്ന വലിയ ഒരു വ്യവസായസാകല്യമാണ് കെല്‍ട്രോണ്‍ എന്നു പറയേണ്ടതില്ലല്ലോ. എം എൻ ഗോവിന്ദൻ നായരുടെ മുൻകയ്യാൽ ‘ലക്ഷം വീടു പദ്ധതി’ എന്ന് പ്രസിദ്ധമായി കഴിഞ്ഞിട്ടുള്ള ഭവന നിര്‍മ്മാണ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പില്‍ വരുത്തി. ഭാവനാപൂര്‍ണമായ ഇത്തരമൊരു സമാരംഭവും നമ്മുടെ രാജ്യത്തിലാദ്യമാണ് ആരംഭിക്കുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഗ്രാമീണ ദരിദ്ര വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ഭൂമി വാങ്ങി ജനങ്ങളുടെ സഹകരണത്തോടെ വീടുണ്ടാക്കിക്കൊടുക്കാനുള്ള പദ്ധതിയായിരുന്നുവല്ലോ അത്. വാസ്തവത്തില്‍ ഒരു കൊല്ലംകൊണ്ട് 80,000ത്തിലധികം വീടുകള്‍ നിര്‍മ്മിച്ച് പാവപ്പെട്ടവര്‍ക്കു കൊടുക്കാന്‍ കഴിഞ്ഞത് ഒരു റെക്കോഡാണ്. കേരളത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ഭവനനിര്‍മ്മാണപദ്ധതികള്‍ക്ക് അത് തുടക്കം കുറിച്ചു.

കെല്‍ട്രോണിനു പുറമെ കേരളത്തില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് മറ്റു പല നടപടികളുമെടുത്തു. അവയില്‍ എടുത്തുപറയേണ്ട ഒന്ന് കൊച്ചിയില്‍ ഒരു കപ്പല്‍ നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്രഗവണ്‍മെന്റിനെ പ്രേരിപ്പിക്കാന്‍ കഴിഞ്ഞതാണ്. മറ്റൊന്ന് ചവറ(ശങ്കരമംഗലം)യില്‍ ടെെറ്റാനിയം ഡയോക്സെെഡ് നിര്‍മ്മിക്കുന്ന പുതിയ ഒരു ഫാക്ടറി (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ്) സ്ഥാപിച്ചതാണ്. ആലപ്പുഴയ്ക്കടുത്ത് കലവൂരില്‍ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഔഷധ നിര്‍മ്മാണശാല സ്ഥാപിച്ചതും ഈ കാലത്താണ് അടച്ചുപൂട്ടി കിടന്നിരുന്ന തുണിമില്ലുകള്‍ ഏറ്റെടുത്തുനടത്താന്‍ പൊതുമേഖലയില്‍ കേരളസ്റ്റേറ്റ് ടെക്സ്റ്റെെല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയതും ഈ കാലത്താണ്. കേരള ഹൗസിംഗ് (ഭവന നിര്‍മ്മാണ ബോര്‍ഡ്) സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്‍, ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ കാലത്ത് തുടങ്ങിയതാണ്. കേരളത്തിന്റെ വികസനത്തിനാവശ്യമായ ഗവേഷണപഠനങ്ങള്‍ നടത്താന്‍ സഹായകമായ ഡോക്ടര്‍ കെ എന്‍ രാജിന്റെ നേതൃത്വത്തില്‍ ‘സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്’ എന്ന പ്രശസ്ത സ്ഥാപനവും ഇന്ത്യാഗവണ്‍മെന്റിന്റെ വകയായ ‘സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സും’ തുടങ്ങാന്‍ പ്രേരണയും പ്രോത്സാഹനവും നല്‍കിയതും അച്യുതമേനോന്‍ ഗവണ്‍മെന്റാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.