ബിജെപിക്കെതിരെ ജനാധിപത്യ ശക്തികളെയും പാര്‍ട്ടികളെയും ഒരേ വേദിയില്‍ കൊണ്ടുവരണം: സുധാകര്‍ റെഡ്ഡി

Web Desk
Posted on April 18, 2018, 10:20 pm

ഹൈദരാബാദ്: വര്‍ഗീയതയും അസഹിഷ്ണുതയും വളര്‍ത്തുന്ന ബിജെപിയും സംഘപരിവാര്‍ സംഘടനകളും രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. ബിജെപിക്കെതിരെ പരമാവധി ജനാധിപത്യ ശക്തികളെയും പാര്‍ട്ടികളെയും ഒരേ വേദിയില്‍ കൊണ്ടു വരണമെന്നാണ് സിപിഐയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇടത് ഐക്യത്തിന് നിലവിലെ സാഹചര്യത്തില്‍ പ്രസക്തിയേറിയിരിക്കുന്നു. തൊഴിലാളി-കര്‍ഷക വിരുദ്ധ, വര്‍ഗീയ നയങ്ങളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന് നിരന്തരമായ സമരം നയിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ(എം) 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരായി മാറിയിരിക്കുകയാണ്. രാജ്യത്തെ ദുരന്തത്തിലേക്കാണ് സര്‍ക്കാര്‍ നയിക്കുന്നത്. രാജ്യത്തിന്‍റെ ഭരണഘടന തന്നെ വെല്ലുവിളി നേരിടുന്നു. രാജ്യത്തെ നയിക്കുന്ന മതേതരത്വ, ജനാധിപത്യ, ഫെഡറല്‍ തത്വങ്ങളും നാനാത്വത്തിലെ ഏകത്വവും വെല്ലുവിളി നേരിടുന്നു.
രാജ്യമെങ്ങും അസഹിഷ്ണുത വളര്‍ത്താനാണ് സംഘപരിവാറിന്‍റെ ശ്രമം. കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് അവരുടെ വര്‍ഗീയ മനോഭാവം മറനീക്കി പുറത്തുവന്നു. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നു. ഗോരക്ഷകരുടെ ആക്രമണത്തില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇത്തരം അക്രമസംഭവങ്ങളില്‍ ആരും ശിക്ഷിക്കപ്പെടുന്നില്ല.

എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം ദളിത് വിഭാഗക്കാര്‍ക്കെതിരെ മാത്രം 2016 ല്‍ രാജ്യത്തുണ്ടായത് 40,801 അക്രമസംഭവങ്ങളാണ്. ഒരുവര്‍ഷം കൊണ്ട് 786 ദളിതര്‍ കൊല്ലപ്പെട്ടു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഇവയിലേറെയും നടന്നിരിക്കുന്നത്. ആദിവാസികള്‍ക്കെതിരായ അക്രമസംഭവങ്ങളും പെരുകിയിട്ടുണ്ട്. പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും ജീവനും രാജ്യത്ത് ഭീഷണി നേരിടുന്നു.

കോര്‍പറേറ്റ് അനുകൂലമായ കേന്ദ്രനയങ്ങള്‍ കാര്‍ഷികമേഖലയെ തകര്‍ക്കുകയാണ്. നരേന്ദ്ര മോഡിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തകര്‍ത്തെറിഞ്ഞു. തൊഴിലില്ലായ്മ വീണ്ടും പെരുകുന്നു. നിയന്ത്രണാതീതമായ വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം വീണ്ടും ദുസ്സഹമാക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങളും കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്ത് കുത്തകകള്‍ക്ക് അടിയറവയ്ക്കുകയാണ്. ഇവയ്‌ക്കെതിരെ കര്‍ഷകരുടെയും യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഭാഗത്ത് നിന്ന് പ്രതിരോധം ഉയര്‍ന്നുവരുന്നു എന്നത് ആശ്വാസകരമാണ്. ഇത്തരം പ്രതിഷേധങ്ങള്‍ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കണം.

രാജ്ഭവനുകളെ ദുരുപയോഗം ചെയ്ത് സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുക്കുന്ന ബിജെപി തന്ത്രമാണ് ഗോവ, മണിപ്പൂര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കണ്ടത്. ത്രിപുര തെരഞ്ഞെടുപ്പിലെ ജയത്തിന് ശേഷം ഇടത് പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ വേട്ടയാടല്‍ ബിജെപിയുടെ ഫാസിസ്റ്റ് മനോഭാവം തെളിയിച്ചു. രാജ്യത്തെ ജുഡീഷ്യറിയെ ശ്വാസംമുട്ടിച്ച് വരുതിയിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. ഭരണാഘടനാ, സ്വയംഭരണ സ്ഥാപനങ്ങളെയും തങ്ങളുടെ കീഴിലാക്കുന്നതിനാണ് ബിജെപി സര്‍ക്കാരിന്‍റെ നീക്കം.