കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ, തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയിരിക്കെയാണ് മാറ്റിയത്. വോട്ടര്‍ പട്ടിക മുതല്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങളുടെ നല്ലരീതിയില്‍ കൊണ്ടുപോകുമ്പോഴാണ് പുതിയ മാറ്റം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പണിയും ചെയ്ത് വച്ചിട്ടുണ്ട്. മാറ്റിയതില്‍ നിരാശയില്ല. ചെയ്തതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
അഖിലേന്ത്യാ നേതാക്കന്‍മാര്‍ക്ക് കെ സുധാകരന്റെ സേവനം അത്രമതിയെന്ന് തോന്നിയാല്‍ തനിക്ക് സമ്മതാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും താനും തമ്മില്‍ തര്‍ക്കമില്ല. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് പരാതി നല്‍കിയത്. ദീപയെ മാറ്റണമോയെന്ന ചോദ്യത്തിന് അത് താന്‍ പറയേണ്ടിടത്ത് പറയും. മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നായിരുന്നു മറുപടി. നിലവിലെ കെപിസിസി പ്രസിഡന്റ് തന്റെ നോമിനിയല്ല. തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായി കണ്ണൂര്‍ ജില്ലയില്‍ വളര്‍ന്നുവന്ന ആളാണ്. തനിക്ക് പുറകെ വന്ന ഡിസിസി പ്രസിഡന്റാണ്. ആ ബന്ധം പരസ്പരമുണ്ട്.
സണ്ണി വക്കീല്‍ മാന്യനായ രാഷ്ട്രീയ നേതാവാണെന്നാണ് തന്റെ അനുഭവം കൊണ്ടുള്ള വിശ്വാസമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനകത്ത് ഔദ്യോഗിക സ്ഥാനമില്ലെങ്കിലും പാര്‍ട്ടിക്കത്തെ നേതാവെന്ന നിലയില്‍ പിണറായി വിജയനെ എതിര്‍ക്കാന്‍ താന്‍ ഉണ്ടാകും. നേതൃത്വമില്ലെങ്കിലും താന്‍ എന്റെ ഉത്തരവാദിത്വം നിറവേറ്റും. എനിക്ക് അതിന് ഔദ്യോഗിക സ്ഥാനമൊന്നുവേണ്ട. എന്റെ പ്രവര്‍ത്തകരെ മതി. പറയുന്നിടത്ത് നില്‍ക്കുന്ന പ്രവര്‍ത്തകര്‍ കണ്ണൂരില്‍ എനിക്കുണ്ട്. കേരളത്തിലുണ്ട്. അതിന് എനിക്ക് പാര്‍ട്ടിയുടെ അംഗീകാരവും അഭിനന്ദനവും വേണ്ട. പ്രവര്‍ത്തകസമിതി അംഗം എന്ന പദവി കിട്ടിയതുകൊണ്ട് എന്താണ് ഗുണം. ആ സ്ഥാനത്ത് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എവിടെയാണെന്നും സുധാകരന്‍ ചോദിച്ചു.
താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറയുന്ന ഏത് പോസ്റ്റും ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. തനിക്ക് അഖിലേന്ത്യ നേതൃത്വത്തിനോട് എതിര്‍പ്പില്ല. കെപിസിസി പ്രസിഡന്റിനയെും യുഡിഎഫ് കണ്‍വീനറെയും മാറ്റിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ മാറ്റേണ്ട എന്ന് അവര്‍ക്ക് താത്പര്യമുണ്ടായിരിക്കും. അതില്‍ ചില നേതാക്കള്‍ക്ക് വ്യക്തിപരമായ താത്പര്യവും ഉണ്ടാകാം. തന്നെ മാറ്റുന്നതില്‍ വി ഡി സതീശന് പങ്കുണ്ടെന്ന കാര്യം താന്‍ വിശ്വസിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
താന്‍ ആരുടേയും പിന്തുണയ്ക്ക് വേണ്ടി പിറകെ നടന്നിട്ടില്ല. സണ്ണി ജോസഫ് തന്റെ നോമിനി അല്ലെങ്കിലും പൂര്‍ണ പിന്തുണയുണ്ട്. തന്നെ പുറത്താക്കാന്‍ ആരെങ്കിലും ഇടപെട്ടുവെന്ന് തോന്നിയിട്ടില്ല. താന്‍ പ്രവര്‍ത്തകന്മാരെ സ്‌നേഹിക്കുന്നത് പോലെ ഒരാളും പാര്‍ട്ടിയില്‍ സ്‌നേഹിക്കില്ല. താന്‍ കുട്ടികള്‍ക്കും പ്രവര്‍ത്തകന്മാര്‍ക്കും വേണ്ടി ഏതറ്റം വരെയും പോകും. ആ നന്ദി അവര്‍ തന്നോട് കാണിക്കുന്നുണ്ട്. നിയമസഭക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.