പുളിക്കല്‍ സനില്‍രാഘവന്‍

August 11, 2021, 11:47 am

സുധാകരന്റെ വാക്കുകള്‍ വെള്ളത്തില്‍ വരച്ച വരപോലെ ; ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം ഓണം കഴിയും

Janayugom Online

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ പിടി മുറുക്കിയതോടെ ജില്ലാ കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഓണത്തിനു ശേഷമുണ്ടാകുമെന്ന് സൂചന. കഴിഞ ദിവസം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരുടെ പട്ടിക സുധാകരന് കൈമാറി. ഗ്രൂപ്പുകളെ മാററി നിര്‍ത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷനേയും,പ്രതിപക്ഷ നേതാവിനെയും നിശ്ചയിച്ചെങ്കിലും പിന്നീട് മുന്നോട്ടുള്ള പോക്ക് ഇരുവര്‍ക്കും അത്ര സുഖകരമല്ലായിരുന്നു.ജൂലൈ 31 നുമുമ്പ് ഡിസിസി ഭാരവാഹികളെയൂം, കെപിസിസിയുടെ മറ്റ് ഭാരവാഹികളെയും പ്രഖ്യാപിച്ചു മുന്നോട്ട പോകുമെന്ന കെപിസിസി അധ്യക്ഷന്‍റെ പ്രഖ്യാപനങ്ങള്‍ വെറും ജലരേഖയായി മാറി. ഗ്രൂപ്പുകള്‍ നല്‍കിയ ഡിസിസി അദ്ധ്യക്ഷന്‍മാരുടെ പട്ടികയും ഒപ്പം കെപിസിസി അധ്യക്ഷന് താല്‍പര്യമുള്ളവരുടെ പട്ടികയും ചേര്‍ത്ത് ഡല്‍ഹിക്കു പോകുന്ന സുധാകരന്‍ എംപിമാരുമായി ചര്‍ച്ച നടത്തും. ഇതിനുശേഷം വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് വിഡി സതീശനുമൊത്ത് ഹൈക്കമാന്‍ഡിനെ കാണും. തുടര്‍ന്ന് അവരുടെ കൂടി താല്‍പര്യമുള്ള പേരുകളുമായി തിരികെ കേരളത്തിലെത്തുംഇതിനു ശേഷം പ്രധാന നേതാക്കളുമായി ഒരുവട്ടം കൂടി ചര്‍ച്ചകള്‍ നടത്തും. ഇതിനു ശേഷമെ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിക്കൂ. ഇതോടെ പ്രഖ്യാപനം ഓണത്തിനു ശേഷമാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആഗസ്റ്റ് 15 നകം പട്ടിക എന്നായിരുന്നു കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നത്. അതും നടക്കുന്നില്ല.അതേസമയം കോണ്‍ഗ്രസിലെ പതിവ് തീരികള്‍ വിട്ടാണ് ഇത്തവണ പുനസംഘടാനാ ചര്‍ച്ചകള്‍ നടക്കുന്നത്. ആദ്യം ജില്ലകള്‍ ഗ്രൂപ്പുകള്‍ക്കായി വിഭജിച്ചശേഷം പേരു നിര്‍ദേശിക്കുന്നതായിരുന്നു പതിവ്.

എന്നാല്‍ ഇത്തവണ അതുവേണ്ടെന്നാണ് നിര്‍ദേശം. പരിഗണിക്കപ്പെടുന്നവര്‍ ഗ്രൂപ്പുകളുടെ ഭാഗമാണെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലാകണം തീരുമാനമെന്നാണ് ധാരണ. എന്നാല്‍ ധാരണകളെല്ലാം കാറ്റില്‍ പറത്തി. ഗ്രൂപ്പുകള്‍ പിടിമുറുക്കിയതോടെ സുധാകരനും ഒന്നും ചെയ്യാന്‍ പറ്റായ സ്ഥിതിയിലായിരിക്കുന്നു.പ്രായപരിധി മാനദണ്ഡമാകില്ലെങ്കിലും ഒരിക്കല്‍ ഇതേ പദവി വഹിച്ചവരെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെയും പരിഗണിക്കേണ്ടെന്നാണ് തീരുമാനം. അതുകൊണ്ടുതന്നെ സമ്മിശ്രമായ ഒരു പട്ടികയാകും ഇത്തവണ അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ ഉണ്ടാകുകയെന്നാണ് പറയുന്നത്.ഡിസിസി അധ്യക്ഷന്‍മാരാകുവാന്‍ ഗ്രൂപ്പുകളില്‍ തന്നെ മത്സരമാണ്. എംപിമാര്‍, എംഎല്‍എ മാരും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനാകാന്‍ ശ്രമിക്കുന്നുണ്ട്.അതിനിടെ കെപിസിസി ഭാരവാഹികളുടെ എണ്ണം 51 എന്നത് കവിയില്ലെന്നു തന്നെയാണ് ധാരണ. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന കര്‍ശന നിലപാടിലാണ് ഇപ്പോള്‍ കെ സുധാകരന്‍. അതിനാല്‍ 49 പേരുടെ പട്ടികയാകും ആദ്യം പ്രഖ്യാപിക്കുക. വലിയ പരാതികളും തര്‍ക്കങ്ങളും ഉണ്ടായാല്‍ ആവശ്യമെങ്കില്‍ മാത്രം പിന്നീട് രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തും. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ നിശ്ചിച്ചപ്പോഴും സുധാകരന് ഇതേനിലപാടു തന്നെയായിരുന്നു. ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യമില്ലെന്നും,പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കും എന്നൊക്കെ ആയിരുന്നു. എന്നാല്‍ ഒന്നും ഗ്രൂപ്പുകള്‍ സമ്മതിക്കില്ല.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ ജില്ലകളിൽ തർക്കം രൂക്ഷമാണ്‌. ആലപ്പുഴയിൽ രമേശ്‌ ചെന്നിത്തലയുടെ വിശ്വസ്‌തനായ ബാബു പ്രസാദിനെയാണ്‌ നിർദേശിച്ചത്‌. ഇത്‌ കെ സി വേണുഗോപാൽ അംഗീകരിക്കാനിടയില്ല. കണ്ണൂരിൽ കെ സുധാകരൻ നിർദേശിച്ച പേരിനെ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച്‌ എതിർത്തു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലും ഐ ഗ്രൂപ്പിനുള്ളിലും തർക്കമാണ്‌.

ജില്ലകളിൽ പര്യടനം നടത്താനുള്ള സുധാകരന്റെ തീരുമാനം ഉപേക്ഷിച്ചു. ജില്ലകളിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, വി എം സുധീരൻ തുടങ്ങിയവരെ പാടെ അവഗണിച്ചു. എ, ഐ ഗ്രൂപ്പുകളും വി ഡി സതീശൻ, കെ സുധാകരൻ സഖ്യവും ചേർന്ന്‌ ഡിസിസികൾ പങ്കിടുമെന്നാണ്‌ സൂചന. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പ്രാഥമികമായി പരിഗണിക്കപ്പെടുന്നവര്‍ ഇവരാണ്.തിരുവനന്തപുരം: വി എസ് ശിവകുമാര്‍, ആര്‍ വത്സലന്‍, പാലോട് രവി, ടി ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ് . മുതിര്‍ന്ന നേതാവ് തമ്പാനൂര്‍ രവിയുടെ പേരും കടന്നു വരുന്നു, അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ്.

കൊല്ലം: എ എം നസീര്‍, ഷാനവാസ് ഖാന്‍, ജി രതികുമാര്‍ , ആലപ്പുഴ: ബാബു പ്രസാദ്, കോശി എം കോശി, അഡ്വ. അനില്‍ ബോസ്, കെപി ശ്രീകുമാര്‍, പത്തനംതിട്ട: അനിഷ് വരിക്കണ്ണാമല, സതീഷ് കൊച്ചുപറമ്പില്‍, അനില്‍ തോമസ്, ജ്യോതി വിജയകുമാര്‍, ഇതില്‍ ജ്യോതിവിജയകുമാര്‍ ആലപ്പഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശിയാണ്.,ഇടുക്കി: സി.പി. മാത്യു, ജോയി വെട്ടിക്കുഴി, എം എന്‍ ഗോപി, എസ് അശോകന്‍,കോട്ടയം: യൂജിന്‍ തോമസ്, ഫില്‍സണ്‍ മാത്യൂസ്, ബിജു പുന്നത്താനം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്,എറണാകുളം: മുഹമ്മദ് ഷിയാസ്, ഐ കെ രാജു, അബ്ദുള്‍ മുത്തലിബ്, എറണാകുളം ജില്ല പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ ജില്ലയാണ്.തൃശ്ശൂര്‍: ടി.വി. ചന്ദ്രമോഹന്‍, പത്മജാ വേണുഗോപാല്‍, അനില്‍ അക്കര,പാലക്കാട്: എ.വി. ഗോപിനാഥ്, വി ടി ബാലറാം, എ തങ്കപ്പന്‍,മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത്, വി എ കരീം, വി ബാബുരാജ്,കോഴിക്കോട്: എന്‍ സുബ്രഹ്മണ്യന്‍, വി എന്‍ ചന്ദ്രന്‍, ബാലകൃഷ്ണക്കിടാവ്, കെ പ്രവീണ്‍കുമാര്‍, ആദം മുല്‍സി. കെപി അനില്‍കുമാര്‍,കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, ടി.ഒ. മോഹനന്‍, ചന്ദ്രന്‍ തില്ലങ്കേരി, സുമ ബാലകൃഷ്ണന്‍, സോണി സെബാസ്റ്റ്യന്‍.വയനാട്: കെ കെ എബ്രഹാം, അഡ്വ. ടിജെ ഐസക്ക്, പി ഡി സജി, പികെ ജയലക്ഷ്മി,കാസര്‍കോട്: നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, ഖാദര്‍ മങ്ങാട്.