പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകാരനുമായ സുധീഷ് കരിങ്ങാരി അന്തരിച്ചു

Web Desk
Posted on September 16, 2019, 4:43 pm

മാനന്തവാടി:  പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകാരനുമായ സുധീഷ് കരിങ്ങാരി (38) അന്തരിച്ചു. സുധീഷിന്റെ വേര്‍പാടോടെ കലാലോകത്തിന് നഷ്ടമാകുന്നത് കയ്യെഴുത്ത് കലകളുടെയും വരകളുടേയും തോഴനെയാണ്. ബാനറെഴുത്തും പോസ്റ്റര്‍ ഡിസൈനും ആധുനിക സംവിധാനങ്ങളുടെ പിന്‍ബലത്തോടെ കച്ചവടമായി വളര്‍ന്നിട്ടും ഇത്തരം മേഖലയിലേക്ക് തിരിയാന്‍ തയ്യാറാല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് തനത് ശൈലിയില്‍ സുധീഷ് വരച്ചുണ്ടാക്കുന്ന സൃഷ്ടികള്‍ ഏവരുടേയും മനം കവരുന്നതാണ്. പ്രകൃതിയെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന സുധീഷ് ബയോ ഡൈവേഴ്‌സിറ്റി പ്രൊജക്ട് ഫെല്ലോ ആയിരിക്കുമ്പോഴും വരകളുടെ ലോകത്ത് സജീവമായി നൂറുകണക്കിന് പോസ്റ്ററുകളും ബാനറുകളും ഇതിനോടകം രചിച്ചിട്ടുണ്ട്.ഇവയില്‍ തിരഞ്ഞെടുത്തവ പഴശ്ശി ഗ്രാന്ഥാലയത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

സുധീഷിന്റെ ജീവന്‍തുടിക്കുന്ന വരകളും എഴുത്തും ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നവയാായിരുന്നു. സാങ്കേതികവിദ്യ എത്രവളര്‍ന്നിട്ടും തനതുശൈലി വിടാന്‍ ഈ കലാകാരന്‍ തയ്യാറായിരുന്നില്ല. കംപ്യൂട്ടര്‍ സഹായത്തോടെ പോസ്റ്ററും ബാനറും തയ്യാറാക്കാനും സുധീഷ് ഒരുക്കമല്ലായിരുന്നു. മനസ്സിലെ സര്‍ഗാത്മകത ബ്രഷിലൂടെ മാത്രമാണ് കാന്‍വാസില്‍ പതിയുന്നതെന്ന വിശ്വാസമാണ് സുധീഷെന്ന കലാകാരനെ മുന്നോട്ട് നയിച്ചത്.ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെയ്ത പോസ്റ്റുകളും ബാനറുകളുമാണ് കൂടുതലുമുള്ളത്. ലൈബ്രറി കൗണ്‍സിലിനും വിവിധ വായനശാലകള്‍ക്കുമായും ബാനറുകള്‍ എഴുതിയിട്ടുണ്ട്. തുണിയിലും കടലാസിലുമാണ് രചന. ഈ വരകളും എഴുത്തും സുധീഷ് എന്ന കലാകാരന്റെ സാമൂഹിക ഇടപെടലുകളും ഓര്‍മിപ്പിക്കുന്നതാണ്. മികച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍കൂടിയായ സുധീഷ് തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, സംഘടനകള്‍ എന്നിവയുടെയെല്ലാം പരിസ്ഥിതിപരിപാടികളില്‍ സ്ഥിരമായി ക്ലാസെടുക്കാറുമുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുനെല്ലി മേഖലയില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍ സുധീഷ് നടത്തിയ ഇടപെടലുകള്‍ ഏതൊരു പ്രകൃതി സ്‌നേഹിക്കും മാതൃകയാക്കാവുന്നതായിരുന്നു. ഒടുവില്‍ 38 വര്‍ഷങ്ങള്‍ മാത്രം നീണ്ടു നിന്ന ആ ജീവത യാത്ര ഇന്നവസാനിച്ചപ്പോള്‍ കലകളേയും പ്രകൃതിയേയും ഇത്രമേല്‍ സ്‌നേഹിച്ച ഒരാളുടെ വേര്‍പാട് തീര്‍ക്കുന്ന വിടവ് നികത്താനാകാത്തത് തന്നെയാണെന്നുറപ്പാണ്.