നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അംഗമായ സുധീഷ് എന്ന ഞാന്‍ നിയമാധിഷ്ഠിതമായ രീതിയില്‍ തന്നെ നാടിന്റെ നന്മക്കും വികസനത്തിനുമായി വിവേചനമോ മറ്റോ കൂടാതെ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കുന്നു…മൈക്കിനു മുന്നില്‍ മകന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഹൃദയത്തില്‍ സന്തോഷവും, കൂപ്പു കൈകളുമായി സുധീഷിന്റെ മാതാപിതാക്കളും കോളനിവാസികളും ആഹ്ലാദാരവത്തിലായിരുന്നു. പൊന്നോമന മകന് വിജയകൊടി പാറിച്ച് നിയുക്ത അംഗമായപ്പോള്‍ മാതാപിതാക്കള്‍ക്ക് മാത്രമല്ല ആദിവാസി സമൂഹത്തിന്റെ വികസനത്തിന് നാന്ദികുറിക്കുമെന്ന പ്രതീക്ഷയോടെ കോളനിവാസികള്‍ക്കും ഇന്നലെ ആഘോഷമായിരുന്നു. നിലമ്പൂരിലെ കൊടും വനത്തില്‍ നിന്നുമാണ് ചരിത്ര നിയോഗം പോലെ നാട്ടുഭരണത്തിലേക്ക് 21കാരനായ സുധീഷ് എത്തിയത്.
ഗുഹാനിവാസികളായ ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ജനപ്രതിനിധി കൂടിയാണ് പ്ലസ്ടുദാരിയായ സുധീഷ്. പുഞ്ചക്കൊല്ലി ഉള്‍വനത്തിലെ അളക്കല്‍ കോളനിക്കാരനായ സുധീഷ് നിലമ്പൂര്‍ ബ്ലോക്കിലേക്ക് വഴിക്കടവ് ബ്ലോക്ക് ഡിവിഷനില്‍ നിന്നും വിജയിച്ചത്. 5435 വോട്ടുകളാണ് സുധീഷ് നേടിയത്. 1096 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി. വനത്തില്‍ നിന്ന് പുറത്തെത്തി എട്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ സുധീഷിന്റെ വിജയം ചരിത്രത്തിന്റെ ഭാഗമായി മാറി. പൂവത്തി പൊയില്‍, മണല്‍പാടം, വെള്ളക്കട്ട, കാരക്കോട്, പഞ്ചായത്തങ്ങാടി, വള്ളിക്കാട്, വഴിക്കടവ്, ആല പൊയില്‍ വാര്‍ഡുകളാണ് ബ്ലോക്ക് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്.
ഇത്തവണ എസ്ടി ജനറല്‍ വാര്‍ഡായതോടെയാണ് സുധീഷിന് മല്‍സരിക്കാന്‍ അവസരം വന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഏഷ്യയിലെ തന്നെ പ്രാക്തന ഗോത്ര നിവാസികളില്‍ അളകളില്‍ (ഗുഹകളില്‍) താമസിച്ചു വന്ന വിഭാഗമാണ് ചോലനായ്കര്‍ വിഭാഗം. ചോലനായ്ക്കരുടെ ആകെ ജനസംഖ്യ 400ല്‍ താഴെയാണ്. മാഞ്ചീരിയിലും, പുഞ്ചകൊല്ലിയിലുമാണ് ഇവര്‍ വസിക്കുന്നത്. അധികവും ഗുഹകളിലും, അളകളിലുമാണ് താമസം. പ്രാക്തന ഭാഷ സംസാരിക്കുന്ന ഈ വിഭാഗത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരും വിരളമാണ്. മുതിര്‍ന്ന അംഗം പി പുഷ്പവല്ലിയാണ് സുധീഷിന് സത്യവാചകം ചൊല്ലികൊടുത്തത്.
English Summary : Sudheesh’s oath of office made the voice of the forest royal
You May Also Like This Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.