Web Desk

കോഴിക്കോട്

November 02, 2020, 6:12 pm

മട്ടുപ്പാവിനെ പച്ചപ്പണിയിച്ച് മാധ്യമപ്രവര്‍ത്തകന്‍

Janayugom Online

കോഴിക്കോട്: ലോക് ഡൗൺ കാലത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തി വീടിന്റെ രണ്ടാം നിലയിലെ മട്ടുപ്പാവ് മുഴുവനായും മഴമറ നിർമ്മിച്ച് കൃഷിയിൽ നൂറുമേനി കൊയ്ത് മാധ്യമ പ്രവർത്തകൻ. കോവിഡ് കാലത്തെ പ്രതിസന്ധികളെ നേരിട്ടാണ് മാധ്യമപ്രവർത്തകനും അധ്യാപകനുമായ പാവങ്ങാട് സ്വദേശി സുധിൻ കൃഷിയിൽ വിജയം നേടുന്നത്. കൃഷിയെയും പച്ചപ്പിനെയും ഏറെ ഇഷ്ടപ്പെടുന്ന സുധിൻ ഏറെ കാലമായി ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സ്വപ്നമാണ് ഈ ലോക്ഡൗൺ കാലത്ത് പൂർത്തീകരിച്ചിരിക്കുന്നത്. പുതിയ വീട് നിർമ്മിച്ചപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു മട്ടുപ്പാവിലെ ഒഴിഞ്ഞു കിടക്കുന്ന ഇടം കൃഷിക്കായി പ്രയോജനപ്പെടുത്തണം എന്നത്. എന്നാൽ ജോലിയുടെ തിരക്കുകൾക്കിടയിൽ അതൊന്നും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം യാദൃശ്ചികമായി എലത്തൂർ കൃഷി വകുപ്പ് ഓഫീസിൽ എത്തിയപ്പോൾ തന്റെ ആഗ്രഹം ഉദ്യോഗസ്ഥരെ അറിയിച്ചു. അപ്പോൾ കൃഷി ഓഫീസർ നീന വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും മഴമറ നിർമ്മാണ പദ്ധതിയിൽ പേരു രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ലോക്ഡൗൺ കാലത്ത് അനുഗ്രഹമെന്ന പോലെയായിരുന്നു ഇത്തവണ സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചകറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മഴമറയ്ക്കുള്ള സഹായം ലഭിച്ചത്. പിന്നീട് ഒഴിവുള്ള സമയമെല്ലാം ചെടികൾക്കായി കൂടാരമൊരുക്കുന്നതിലായിരുന്നു ശ്ദ്ധ. മഴ മറയുടെ പ്ലാനും ഡിസൈനും സ്വന്തമായി തന്നെ തയ്യാറാക്കി. കൃഷി വകുപ്പ് ഉദ്യോഗസ്ഥ ജിഷ നിർദ്ദേശങ്ങളും പിന്തുണയുമായി ഒപ്പം നിന്നു. 120തോളം ഗ്രോ ബാഗിലും ഡ്രമുകളിലുമായി പയർ, വെണ്ട, തക്കാളി, വഴുതന, പൊതീന, പച്ചമുളക്, കാപ്സിക്കം, ചുരങ്ങ, കൈപ്പ, പടവലം തുടങ്ങിയ പച്ചകറികൾക്ക് പുറമെ പാഷൻ ഫ്രൂട്ട്, അലങ്കാര ചെടികൾ എന്നിവയും ഈ മട്ടുപ്പാവിന് മാറ്റ് കൂട്ടുന്നു. ആവശ്യക്കാർ നേരിട്ട് സമീപിക്കാൻ തുടങ്ങിയതോടെ ചെടികളുടെ വിൽപ്പനയും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സുധിൻ. സ്വന്തം അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ആവശ്യക്കാർക്കായി മട്ടുപ്പാവിൽ കൃഷിക്കാവശ്യമായ ഭൗതിക സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി പച്ചപ്പിന്റെ കൂടാരം ഒരുക്കി കൊടുക്കുന്ന ഒരു സംരംഭകം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ് ഇദ്ദേഹം. വിഷ രഹിതമായ പച്ചകറികൾ ലഭിക്കുക എന്നതിലുപരി മാനസിക ഉല്ലാസത്തിന് ഇതിലും വലിയ ഒരു ഉപാധി വേറെ ഇല്ലെന്ന് സുധിൻ സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തിന് വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഇന്ന് ഇവിടം മാറിയിരിക്കുകയാണ്. മാധ്യമ പ്രവർത്തകനും പി കെ സി ഐ സി എസ് കോളെജിലെ ജേർണലിസം വിഭാഗം അധ്യാപകനുമായ സുധിൻ സംഗീതരംഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ്. സ്കൂൾ കോളെജ് കലോത്സവങ്ങളിലും കേരളോത്സവ മത്സരങ്ങളിലും ഗിറ്റാർ വായനയിൽ സംസ്ഥാന ജില്ലാ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് ഇപ്പോൾ എം ഹബ് മ്യൂസിക് ബാൻഡിലെ അംഗം കൂടിയാണ്. മാതാവ് തങ്കവും പിതാവ് സുരേന്ദ്രനും സഹോദരൻ നിധിനും സഹപ്രവർത്തകരും പിന്തുണയും പ്രോത്സാഹനവുമായി സുധിനൊപ്പമുണ്ട്.