Janayugom Online
marayoor-janayugom

കാലംതെറ്റി കരിമ്പുകൾ പൂത്തു; ശര്‍ക്കര ഉല്‍പ്പാദനം കുറഞ്ഞേക്കും

Web Desk
Posted on November 27, 2018, 7:43 pm

സന്ദീപ് രാജാക്കാട് 

മറയൂര്‍: കരിമ്പ് വ്യാപകമായി പൂത്തത് വിലയിടിവില്‍ നട്ടം തിരിയുന്ന മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി.  ഇതോടെ പൂത്ത കരിമ്പുകളില്‍ നീരുവറ്റുമെന്നതിനാല്‍ ശര്‍ക്കര ഉല്‍പ്പാദനത്തില്‍ ഇത്തവണ  ഗണ്യമായ കുറവുണ്ടാകുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.

അഞ്ചുനാട് മേഖലയിലെ പ്രധാന കാര്‍ഷിക വിളയായ കരിമ്പ് പൂത്ത്  ഉല്‍പ്പാദനം കുറഞ്ഞത് കൂടാതെ ശര്‍ക്കരയുടെ വിലയിടിവും കര്‍ഷകര്‍ക്ക്  തിരിച്ചടിയായിരിക്കുകയാണ്. പൂത്ത കരിമ്പില്‍ നീര് കുറഞ്ഞ്  ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നത് കൂടാതെ ശര്‍ക്കരക്ക്  വിപണിയിലെ വിലയിടിവ് കര്‍ഷകരുടെ ഉപജീവനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. കാന്തല്ലൂര്‍,മാശിവയല്‍,ചുരക്കുളം,മറയൂര്‍മാശി തുടങ്ങിയ മേഖലകളില്‍ 1500  ഹെക്ടറിലധികം കരിമ്പിന്‍ തോട്ടമാണ് പൂത്തിരിക്കുന്നത്. സാധാരണയായി  കരിമ്പ് ഓഗസ്റ്റ് മാസങ്ങളില്‍ പൂക്കുമെന്നതിനാല്‍ കര്‍ഷകര്‍ ഇത് ഒഴിവാക്കുന്ന തരത്തിലാണ് കൃഷിയിറക്കാറുള്ളത്. എന്നാല്‍ പതിവിന്  വിപരീതമായി ഓഗസ്റ്റ്,സെപ്തംബര്‍ മാസങ്ങളില്‍ പൂത്തതാണ് കര്‍ഷകര്‍ക്ക്  പ്രതിസന്ധി സൃഷ്ടിച്ചത്. അഞ്ച് മാസം മുതല്‍ വളര്‍ച്ചയെത്തിയതും
പാകമായതുമായ കരിമ്പുകളാണ് വ്യാപകമായി പൂത്തിരിക്കുന്നത്.  ഉല്‍പ്പാദന കുറവ് കൂടാതെ മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശര്‍ക്കര  സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലേക്ക് എത്തിക്കാന്‍ കഴിയാത്തതും  തിരിച്ചടിയായിട്ടുണ്ട്.

കര്‍ഷകരില്‍ നിന്ന് 65  മുതല്‍ 70 രൂപ വരെ വില  നല്‍കി വ്യാപാരികള്‍ സംഭരിച്ചിരുന്ന ശര്‍ക്കര പെരിയവര പാലം തകര്‍ന്നതോടെ  കേരളത്തിനുള്ളിലേക്ക് കൊണ്ടെത്തിക്കുന്നത് ചിലവേറിയതാണെന്ന് കാണിച്ച്  നിലവില്‍ 45 മുതല്‍ 50 രൂപവരെയാണ് വിലയായി നല്‍കുന്നത്. എന്നാല്‍  വ്യാപാരികള്‍ ഈ സാഹചര്യത്തെ മുതലാക്കി തമിഴ്‌നാട്ടില്‍ നിന്നും  ഗുണനിലവാരമില്ലാത്ത ശര്‍ക്കര കേരളത്തില്‍ എത്തിച്ച് മറയൂര്‍  ശര്‍ക്കരയെന്ന പേരില്‍ വിറ്റഴിച്ച് ലാഭം കൊയ്യുകയാണെന്ന് കര്‍ഷകര്‍  ആരോപിക്കുന്നു.