November 28, 2022 Monday

അവിടെ കള്ളുകുടി; ഇവിടെ ആത്മഹത്യ

ദേവിക
വാതില്‍പ്പഴുതിലൂടെ
October 5, 2020 3:33 am

കോവിഡ് ലോകത്തെ വരിഞ്ഞുമുറുക്കുന്നതിനിടെ ആത്മഹത്യകള്‍ പെരുകുന്നുവെന്ന് വാര്‍ത്തകള്‍. അമേരിക്കയിലാണെങ്കില്‍ പെണ്ണുങ്ങള്‍ക്കിടയിലെ കള്ളുകുടി പിടിച്ചുകെട്ടാനാവാത്ത വിധം കൈവിട്ടുപോയെന്ന് സര്‍വേ. ഇന്ത്യയില്‍ ആത്മഹത്യകളുടെ പെരുമഴ. ആത്മഹത്യകളില്‍ പ്രബുദ്ധ മലയാളികള്‍ മാത്രമല്ല വിദ്യാവിഹീനര്‍വരെയുണ്ട്. ആത്മഹത്യാ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ് വിങ്ങുകയാണ് പതിവ്. പക്ഷേ ആത്മഹത്യാ വാര്‍ത്തകള്‍ കേട്ട് തലയറഞ്ഞു ചിരിക്കേണ്ടിവന്നാലോ. ഈയടുത്ത് നെയ്യാറ്റിന്‍കരയില്‍ നിന്നാണ് അത്തരമൊരു വാര്‍ത്ത. തൊഴില്‍രഹിതനായ ചെറുപ­്പക്കാരൻ പ്രണയത്തിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പരിണയിക്കുന്നു. അസുഖം മൂലം ഭാര്യ മരിച്ചപ്പോള്‍ ഇയാൾക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനം ലഭിച്ചപ്പോള്‍ മണ്‍മറഞ്ഞ പ്രണയിനിയെക്കുറിച്ചുള്ള ഓര്‍മ്മകളും മണ്‍മറഞ്ഞു. സഹജീവനക്കാരിയായ ഒരുവളെ രണ്ടാം ഭാര്യയാക്കി. അവര്‍ സ്ഥലംമാറ്റം കിട്ടിപ്പോയപ്പോള്‍ നമ്മുടെ നായകൻ വിവാഹമോചനത്തിനു കേസുകൊടുത്തു.

കേസ് ഊര്‍ജിതമായി നടക്കുന്നതിനിടെ നിലമ്പൂരു നിന്ന് മൂന്നാം വിവാഹം. അവര്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ നാലാം നിക്കാഹിനു സ്കോപ്പുണ്ടോ എന്ന് ആലോചിച്ചു നില്ക്കാനൊന്നും ആ പഹയന്‍ തുനിഞ്ഞില്ല. കൂടെ താമസിക്കുന്ന ആദ്യഭാര്യയിലെ മകനെ കൊന്നശേഷം കക്ഷി നൈസായി ആത്മഹത്യ ചെയ്തു. ഈ കൊലയ്ക്കും ആത്മഹത്യക്കും കാരണമന്വേഷിച്ച് പൊലീസ് ഇരുട്ടില്‍ തപ്പുന്നു. പോക്കില്ലെങ്കില്‍ പൊലീസില്‍ എന്നല്ലേ ചൊല്ല്. കൊറോണക്കാല കൊലയെക്കുറിച്ച് അന്വേഷിക്കാതിരിക്കാനാവുമോ. കൊറോണക്കാലത്ത് റൗഡികള്‍ക്കുപോലും പിടിച്ചു നില്ക്കാൻ കഴിയുന്നില്ല. ബംഗളൂരുവിലെ ഒരു കുപ്രസിദ്ധ റൗഡി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് റൗഡിയുടെ സ്വയം മരണം എന്ന നിലയിലല്ല വാര്‍ത്തയായത്. പൊലീസിനെ പേടിച്ചുമല്ലായിരുന്നു ജീവനൊടുക്കല്‍. ഭക്ഷണത്തിനു രുചിയില്ലെന്നു പറഞ്ഞ് ഭാര്യയുമായി വഴക്കായി. അടിപിടിയായി. റൗഡി പത്നി ആരോഗ്യ വകുപ്പിലേക്ക് ഫോണ്‍ ചെയ്തു, ഭര്‍ത്താവിന് രുചി നഷ്ടപ്പെട്ടിരിക്കുന്നു. നാക്കു വരണ്ടാണെങ്കിലും തെറിവിളി ഉഗ്രം. കൊറോണയാണെന്നാണ് സംശയം. ഒന്നു വേഗം വന്ന് കണവനെ ആശുപത്രിയിലാക്കാമോ എന്ന് ഫോണിലൂടെ കേണഭ്യര്‍ത്ഥന.

ഇതു കേട്ടപാടെ റൗഡി മുറിയടച്ച് അകത്തായി. രുചിയില്ലായ്മയില്‍ തുടങ്ങുന്ന കൊറോണ വന്നു ചാകുന്നതില്‍ ഭേദം കെട്ടിത്തൂങ്ങി മരിക്കാമെന്നു കരുതി ആത്മഹത്യ ഒപ്പിച്ചെടുത്തു. കണ്ണൂര്‍ തളിപ്പറമ്പിനടുത്ത ഒരു ഗള്‍ഫുകാരന്‍ പയ്യന്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തു. വയസ് 28. അവധിക്കാലത്തില്‍ പകുതി ക്വാറന്റൈന്‍ കൊണ്ടു പോയി. ക്വാറന്റൈനിലായിരിക്കവേയും അതുകഴിഞ്ഞും പല കല്യാണാലോചനകളും നടന്നു. ഒന്നും ഒത്തുവന്നില്ല. പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പൊലീസുകാര്‍ കള്ളക്കേസെടുക്കുക സ്ഥിരം കലാപരിപാടിയായിരുന്നു. തോപ്പില്‍ ഭാസി അത്തരമൊരു കലാപരിപാടിയുടെ കഥ പറഞ്ഞിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ കേസെടുത്തു. എഫ്ഐആറില്‍ പറഞ്ഞിരുന്നത് പ്രതി അടയ്ക്കാ മോഷ്ടാവും സര്‍വോപരി കമ്മ്യൂണിസ്റ്റുമാണെന്നായിരുന്നു. അതുപോലെ ക്വാറന്റൈന്‍ കഴിഞ്ഞവനും സര്‍വോപരി ഗള്‍ഫുകാരനുമാണെന്നു മാലോകര്‍ വിധിയെഴുതിയതോടെ പെണ്ണുകിട്ടാതായി. പാവം ഒരു കയറിന്‍തുമ്പില്‍ ജീവനൊടുക്കി. ഇത്തരം ആത്മഹത്യകളെയാണ് ചിന്താശൂന്യതയെന്നും അവിവേകമെന്നും പറയാറ്, പെണ്ണുകെട്ടിയ ആരോടെങ്കിലും ഒന്ന് കണ്‍സള്‍ട്ട് ചെയ്തിരുന്നുവെങ്കില്‍ ഇയാള്‍ ഈ കടുംകൈയ്ക്കു തുനിയില്ലായിരുന്നു­വെന്നത് വേറെ കാര്യം.

ഒരു ന്യായീകരണ മന്ത്രിപുംഗവനും ഈ മഹാമാരിക്കാലത്തെ സംഭാവന; സംഭവം നടന്നത് കൊറോണ പിറക്കുന്നതിനു തൊട്ടുമുമ്പ്. കേന്ദ്രത്തിലെ സചിവോത്തമനും പൊലീസ് ഭാഷയില്‍ സര്‍വോപരി മലയാളിയുമായ വി മുരളീധരന്റെ ഇക്കിളിപ്പെടുത്തുന്ന ഒരു കഥ വിദേശത്ത് അബുദാബിയില്‍ നിന്നുവരുന്നു. അവിടെ നടന്ന ഒരു മന്ത്രിതല സമ്മേളനത്തില്‍ വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ വേണുനാദവുമായെത്തുന്നു. പരിവാരങ്ങള്‍ക്കൊപ്പം നയതന്ത്രജ്ഞയുടെ വേഷമണിഞ്ഞ് ഒരു സ്വപ്നസുന്ദരിയും. പേര് സ്മിതാമേനോന്‍. ആരുമറിയാതെ ഒരു മന്ത്രിസംഗമമെന്നു കരുതിയിരിക്കുമ്പോഴാണ് ആര്‍ജെഡി നേതാവായ സലിം മടവൂര്‍ എന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പിന്റെ വരവ്. മടവൂര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നു. നയതന്ത്രയല്ലാത്ത സ്മിതാ മേനോന്‍ എന്ന അ‍‍ജ്ഞാതസുന്ദരിക്കു നയതന്ത്ര കുപ്പായം തുന്നിക്കൊടുത്തത് മന്ത്രി മുരളിയെന്ന് അദ്ദേഹം പറയുന്നു. മടവൂരിന്റെ പരാതി കിട്ടിയ പ്രധാനമന്ത്രി മോഡിയുടെ പ്രതികരണം, രമേശ് ചെന്നിത്തലയുടെ മട്ടിലായിരിക്കാം. ബലാത്സംഗം ഡിവൈഎഫ്ഐകാര്‍ക്കു മാത്രമേ ആകാവോ, എന്ന മട്ടിൽ.

സ്വപ്നയുടെ അടവുകള്‍ സ്മിത പ്രയോഗിച്ചാല്‍ കയ്ക്കുമോ എന്ന് മോഡി ചോദിക്കുമ്പോള്‍ തലയറഞ്ഞ് ചിരിക്കുന്നത് സലിം മടവൂരിന്റെ നെടുങ്കന്‍ പരാതിക്കത്തായിരിക്കും. ഇതിനിടെ മോഡിയുടെ ഒരു ടിപ്പണിക്കു കൂടി കാത്തിരിക്കുക. ‘മാതൃവദ് പരദാരാണി’ (പരസ്ത്രീകളെ അമ്മയായി കരുതണം) എന്നോ ‘വൃദ്ധന്ത്യ തരുണീവിഷം’ (വയസന് യുവതിയുമായുള്ള ബന്ധം വിഷതുല്യം എന്നോ മറ്റോ). അങ്ങനെ അറബിക്കടലും മുസ്‌ലിംവല്ക്കരണത്തിലേക്ക്. ഭാവിയില്‍‍ അറബിക്കടലിനെ മുസ്‌ലിമാക്കി മതം മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് കടലിന് അറബിപ്പേരിട്ടതെന്ന് ചില ഹിന്ദുവര്‍ഗീയവാദികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, അമ്പലപ്പുഴ മുതല്‍ പുന്നപ്ര വരെയുള്ള ചുവപ്പു വിപ്ലവങ്ങളുടെ പോരാട്ട ഭൂമിയിലെ അറബിക്കടല്‍ കുറേ ദിവസം പച്ചത്തിരകളടിച്ചതാണ്. കാലം അറബിക്കടലിനെയും ഇസ്‌ലാമിവല്ക്കരിച്ചുവെന്ന് ബിജെപിക്കാര്‍ അലമുറയിടുന്നു.

കരയിലും കടലിലും മുസ്‌ലിംവല്ക്കരണത്തിന്റെ ഹരിതവല്ക്കരണമുണ്ടായാല്‍ എങ്ങനെ പൊറുക്കും. ഈ ഒപ്പാരിനിടയില്‍ നീലത്തിരകള്‍ക്ക് പച്ചച്ചന്തം വരുന്നതിന്റെ ശാസ്ത്രീയ കാരണമൊന്നും നിരത്തി അവരെ ബോധവല്ക്കരിക്കാന്‍ മെനക്കെടേണ്ട. കടല്‍വെള്ളത്തില്‍ പായലുകളുടെ ആധിക്യമുണ്ടാകുമ്പോള്‍ തിരകള്‍ക്കു പച്ചനിറമാകും. ഈയിടെ ഗള്‍ഫ് രാജ്യമായ ഒമാനിലെ അറബിക്കടലിലെ തിരകള്‍ക്ക് ദിവസങ്ങളോളം ചുവപ്പു നിറമായിരുന്നു. ചുവന്ന ഒരിനം പായലിന്റെ അസാധാരണമായ അധിക സാന്നിധ്യമായിരുന്നു കാരണം. തങ്ങളുടെ കടലില്‍ ഇതാ കമ്മ്യൂണിസ്റ്റ് അധിനിവേശം എന്നൊന്നും ഒമാനികള്‍ വിളിച്ചു കൂവിയില്ല. എന്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനമുള്ള സൗദി അറേബ്യയെ തഴുകി ഒഴുകുന്നത് ചെങ്കടലാണ്. ഇതെല്ലാം പറഞ്ഞ് സംഘികളെ തിരുത്താന്‍ നോക്കേണ്ട. എരുമയുടെ ആസനത്തില്‍ ഭൂപാളരാഗം മീട്ടി വീണവായിക്കരുതെന്നല്ലേ പ്രമാണം.

കേകേന്ദ്രമന്ത്രിയും മുഖ്യമന്ത്രിണിയുമായിരുന്ന ഉമാഭാരതി ബിജെപി രാഷ്ട്രീയത്തിലെ സന്യാസി മുഖമാണ്. അവര്‍ ജനിച്ചുവീണതുതന്നെ കാഷായവസ്ത്രാവൃതയായി. ഇപ്പോള്‍ രാഷ്ട്രീയത്തിലെ സന്യാസവേഷം തനി സന്യാസവേഷമാക്കാന്‍ പോകുന്നെന്നു വാര്‍ത്ത. കാഷായവും സന്യാസവുമായി പോകാന്‍ ഉമാഭാരതി തീരുമാനിച്ചപ്പോള്‍ ഇങ്ങു തെക്ക് കേരളത്തില്‍ ശോഭാ സുരേന്ദ്രനും കാവിയണിഞ്ഞ് സന്യാസജീവിതത്തിലേക്കു പോ­കുന്നു. കുമ്മനം, സി കെ പത്മനാഭന്‍ തുടങ്ങി നേതൃത്വത്തിലെ കമാന്‍ഡര്‍മാരും സന്യാസിമാരാന്‍ പോകുന്നുവെന്ന കിംവദന്തി പരക്കുന്നു. കേരളമാകെ അക്ഷരാര്‍ത്ഥത്തില്‍ സര്‍വസംഗ പരിത്യാഗികളുടെ ഒരു കാവിപ്പടതന്നെ പിറക്കാനിരിക്കുന്നു. ഇതിനെന്തു കാരണമെന്ന് ജനത്തിന് ‘അറ്റമില്ലാത്ത’ ചിന്തയില്‍ ഒടുവില്‍ മറുപടി കണ്ടെത്തി, എ പി അബ്ദുള്ളക്കുട്ടി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.