സായുധസേനയില്‍ ആത്മഹത്യപെരുകുന്നു, പരിഹാരം തേടി കേന്ദ്രം

Web Desk
Posted on February 20, 2019, 6:56 pm

ന്യൂഡെല്‍ഹി : സേനയില്‍ ആത്മഹത്യപെരുകുന്നു. പാര്‍ലമെന്റില്‍ അടുത്തിടെ സമര്‍പ്പിച്ച കണക്കുപ്രകാരം 2011നും 2018നുമിടയില്‍ ആത്മഹത്യചെയ്തത് 888 പേരാണ്. കരസേനയിലാണ് ഏറ്റവുമേറെ മരണം. ഇക്കാലയളവില്‍ 704പേരാണ് സ്വയം ജീവന്‍വെടിഞ്ഞത്. എയര്‍ഫോഴസില്‍്148 പേരുണ്ട്. നേവിയില്‍ ഏറ്റവും കുറഞ്ഞ എണ്ണമാണ് എട്ടുവര്‍ഷത്തിനിടെ 36 പേര്‍.


2011 ലാണ് ഏറ്റവും അധികം പേര്‍ ആര്‍മിയില്‍ മരിച്ചത,് 105 പേര്‍. 2016ലാണ് പിന്നീട് ഏറ്റവും അധികം പേര്‍ മരിച്ചത് 101 പേര്‍. കഴിഞ്ഞവര്‍ഷം 80 മരണമാണ് ഉണ്ടായത്. സേനയിലെ ആത്മഹത്യയുടെ വാര്‍ഷിക ശരാശരി 111 ആണ്. കരസേനയിലിത് 88ഉം വ്യോമസേനയില്‍ 18.5 ഉം നാവിക സേനയില്‍ 4.5 ഉം ആണ്.
സര്‍ക്കാര്‍ മറ്റുസേനകളിലെയും കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ആംഡ് പൊലീസ് സേന(സിഎപിഎഫ്) അസം റൈഫിള്‍സ് എന്നിവയുടെ കണക്കുമുണ്ട്. 2012നും 2015നുമിടയില്‍ സിഎപിഎഫില്‍ 149 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍ ബിഎസ്എഫിലെ 134പേരാണ് ജീവന്‍ സ്വയം ഇല്ലാതാക്കിയത്. സിഐഎസ്എഫ് 56 ആത്മഹത്യകളും ഐടിബിപിയിലും സശസ്ത്ര സീമാബലിലും 25 മരണവും റിപ്പോര്‍ട്ടുചെയ്തു. അസം റൈഫിള്‍സ് 30 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.


ഗസറ്റഡ്,കമാന്‍ഡിംങ്,ജൂനിയര്‍ കമാന്‍ഡിംങ് ഓഫിസര്‍മാരല്ല ആത്മഹത്യചെയ്തവരിലേറെയുമെന്നതും ശ്രദ്ധേയം. മറ്റു റാങ്കുകളിലുള്ളവരാണ് മരിച്ചത്. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും നിന്നുള്ളവരാണ് മരിച്ചവരിലേറെയും.
മനസിന്റെ ആരോഗ്യക്കുറവും സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ശേഷിക്കുറവുമാണ് ആത്മഹത്യയിലേക്കു നയിക്കുന്നതെന്ന്ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ജോലിയും വിവിധമേഖലകളിലെ തൊഴില്‍പരമായ വിന്യാസവും കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് ആത്മഹത്യകളിലെത്തുന്നത്.
ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുണ്ട്.താഴേത്തലത്തില്‍ ഭക്ഷണം,വസ്ത്രം യാത്ര,വിനോദം എന്നിവയില്‍ ശ്രദ്ധിക്കുന്നുണ്ട്. വിവാഹിതരായ ജവാന്മാര്‍ക്ക് കുടുംബമൊന്നിച്ചുതാമസിക്കുന്നതിനും മക്കളെ പഠിപ്പിക്കുന്നതിനും സഹായം ചെയ്തിട്ടുണ്ട്. അവധി ചട്ടങ്ങള്‍ ലഘൂകരിക്കുകയും പ്രശ്‌നപരിഹാരസെല്ലുകള്‍ ആരംഭിക്കുകയും ചെയ്തു. മുംബെയിലെ ഐഎന്‍എച്ച്എസ് അശ്വിനിയില്‍ മാനസികരോഗചികില്‍സാ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഗോവ,കൊച്ചി,വിശാഖപട്ടണം,പോര്‍ട്ട്ബ്‌ളെയര്‍,കാര്‍വാര്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്. സേനാംഗങ്ങളുമായി കൗണ്‍സിലര്‍മാര്‍ ഇടക്കിടെ യോഗങ്ങള്‍ ചേരുന്നതിനും മാനസികാരോഗ്യ കഌസുകള്‍ നടത്തുന്നതിനും സംവിധാനമുണ്ട്. ഓഫീസര്‍മാരെത്തന്നെ കൗണ്‍സിലിംങില്‍ പരിശീലനം നല്‍കുന്നുണ്ട്. പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മാനസികാരോഗ്യ പാഠങ്ങളും നല്‍കാനും നടപടിയുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.