Web Desk

പട്ന

June 06, 2020, 9:21 pm

പട്ടിണി: ബിഹാറിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു

Janayugom Online

കോവിഡും ലോക്ഡൗണും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ബിഹാറിൽ നിരവധി ജീവനുകളെടുക്കുന്നു. ജീവനോപാധി നഷ്ടപ്പെട്ടതോടെ പട്ടിണിമൂലം സംസ്ഥാനത്ത് നിരവധി പേർ ആത്മഹത്യ ചെയ്യുന്നു. എന്നാൽ പട്ടിണിമൂലം നിരന്തരം ഉണ്ടാകുന്ന ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും വാർത്തയുണ്ട്. ന്യൂസ് ക്ലിക്ക് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ആളുകൾ മാനസിക സമ്മർദ്ദത്തിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം സരൺ ജില്ലയില്‍ മധ്യവയസ്കനായ ഷാ ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ തൂങ്ങി മരിച്ചിരുന്നു. മൂന്നു കുട്ടികളങ്ങുന്ന ഷാ‌യുടെ അഞ്ചംഗ കുടുംബം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ ഇയാൾക്ക് ജോലിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. വരുമാനം ഇല്ലാതെ മക്കളുടെ വിദ്യാഭ്യാസം തുടരുന്നതിനെ കുറിച്ചും ഭക്ഷണം എത്തിക്കുന്നതിനെ കുറിച്ചും ഇയാൾ നിരന്തരം സങ്കടം പറഞ്ഞിരുന്നതായും അയൽവാസികൾ പറയുന്നു.സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കടയുടമയായ മോഹൻ കുമാർ, 33 വയസ്സുകാരനായ മുകേഷ് റാവത്ത് എന്നിവരും അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. ലോക്ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ പത്തിലധികം ആളുകളാണ് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ബിഹാറിൽ ആത്മഹത്യ ചെയ്തത്. ഏപ്രിലിൽ സ്വകാര്യ സ്ഥാപനത്തിലെ പ്രോജക്ട് മാനേജറായ ധന‍ഞ്ജയ് കുമാർ ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു. മെയിൽ ഖജരിയ ജില്ലയിൽ സാമ്പത്തിക പ്രതിസന്ധി മൂലം യുവദമ്പതികളും ആത്മഹത്യ ചെയ്തു.

സംസ്ഥാനത്തെ ദരിദ്ര ജനങ്ങൾക്കിടയിൽ പട്ടിണിമൂലമുള്ള ഭയം വര്‍ദ്ധിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് അർഹരായ ആയിരക്കണക്കിന് ആളുകൾക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. ജോലി നഷ്ടപ്പെട്ട് കയ്യിൽ പണം ഇല്ലാതായതോടെ ദുരിതാശ്വാസ പാക്കേജിന്റെ ഗുണഭോക്താക്കളായവർ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം തിരിച്ചുവന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഉപജീവനം കണ്ടെത്തി കൊടുക്കുക എന്നതാണ് ബിഹാർ സർക്കാർ നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 30 തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിൽ‍ നിന്നും ബിഹാറിൽ തിരിച്ചെത്തിയെന്നാണ് ഉദ്യോഗസ്ഥർ പുറത്തുവിടുന്ന കണക്ക്. ഇതുവരെ 4,551 കോവിഡ് പോസിറ്റീവ് കേസുകളും 30 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 73 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അതിഥി തൊഴിലാളികളിലാണ്.

ENGLISH SUMMARY:Suicide increas­es in Bihar due to hunger
You may also like this video