മകരമാസത്തിലെ, മരംകോച്ചുന്ന തണുപ്പിൽ വിഷ്ണുപുരം ഗ്രാമവാസികൾ മൂടി പുതച്ച് നല്ല സുഖ സുഷ്പ്തിയിലായിരുന്നു. സമയം അതിരാവിലെ മൂന്നു മണി. നിരന്തരം ഫോൺ മുഴങ്ങുന്ന ശബ്ദമാണവരെ ഉണർത്തിയത്. എല്ലാ വീടുകളിലും വിളക്കുകൾ തെളിഞ്ഞു. ഫോണെടുത്തവർ ഞെട്ടി തരിച്ചു നിന്നു പോയി. ആ വാർത്ത അത്രമാത്രം അപ്രതീക്ഷിതവും ഹൃദയം പിളർത്തുന്നതുമായിരുന്നു. ഡോ.അലക്സാണ്ടർ ആത്മഹത്യ ചെയ്തിരിക്കുന്നു. എല്ലാവരുടെ മനസിലും അപ്പോൾ ഉയർന്നുവന്ന ചോദ്യം ഒന്നു തന്നെയായിരുന്നു. എന്തിന്? വാർത്ത വിശ്വസിക്കാനാകുന്നില്ല. ! വിഷ്ണുപുരത്തിന്റെ സ്വന്തം ഡോക്ടർ. തങ്ങളുടെ ഗ്രാമത്തെ സ്വർഗ്ഗസമാനമാക്കിയ, ദൈവതുല്യനായ ഡോക്ടർ. അദ്ദേഹമെന്തിന് ആത്മഹത്യചെയ്യണം. അവരറിയുന്ന ഡോ. അലക്സാണ്ടർ ആത്മഹത്യ ചെയ്യാൻ തക്കവണ്ണം ഒരു ഭീരു ആയിരുന്നേയില്ല. അതവർക്കുറപ്പുണ്ട്. എത്രയോ പേരെ ആത്മഹത്യയിൽ നിന്നും ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു കാലം വിഷ്ണുപുരത്തിനുണ്ടായിരുന്നു. ഒരു ചെറിയ മലയോര ഗ്രാമം. സാധാരണക്കാരിൽ സാധാരണക്കാരായ ഗ്രാമ വാസികൾ,പകലന്തിയോളം പണിയെടുക്കാൻ മാത്രമറിയുന്നവരുടെ, നാട്. പ്രതിഫലത്തിലേറെയും ചൂതുകളിക്കും, മദ്യത്തിനുമായി ചിലവിട്ടിരുന്നവർ. വിദ്യാഭ്യാസത്തിൽ ഏറെ പിന്നിൽ നിന്നവർ. വിവാഹിതരായ യുവതീ യുവാക്കളിലേറിയ പേരും എന്തൊക്കെയോ കാരണങ്ങളാൽ വേർപിരിഞ്ഞവർ. ആത്മധൈര്യത്തിലും, ആത്മവിശ്വാസത്തിലും എന്നുംപിന്നിൽ നിന്നവർ. വേണ്ടതിനും, വേണ്ടാത്തതിനും പോരടിച്ചിരുന്നവർ. അവിടേക്കാണ് ഒരു സുപ്രഭാതത്തിൽ സൂര്യ പ്രഭയോടെ സുമുഖനായ ഡോക്ടർ അലക്സാണ്ടർ എന്തോ നിയോഗത്താൽ എന്നപോലെ കടന്നുവന്നത്. അങ്ങ് ദൂരെ പട്ടണത്തിൽ ഒരു സ്വകാര്യ ആതുരാലയത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടറെ, വിഷ്ണു പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹൻബാബുവാണ് തന്റെ ഗ്രാമത്തിലേക്ക് ക്ഷണിച്ചത്. ഗ്രാമത്തിലെ മുഴുകുടിയനായ ഓട്ടോഡ്രൈവർ പാമ്പ് കേശവന്റെ ചികിത്സാർഥമാണ് മോഹൻ ബാബു പട്ടണത്തിലെത്തിയതും, ഡോ. അലക്സാണ്ടറെ കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും.
രണ്ടു മാസത്തോളം പാമ്പു കേശവനെ അവിടെ കിടത്തി ചികത്സിച്ചു. വിഷ്ണുപുരത്തെ കുടിയന്മാരിൽ പ്രധാനിയായിരുന്നു പാമ്പു കേശവൻ. സ്വന്തമായി ഒരു ഓട്ടോ ഉണ്ടായിരുന്നുവെങ്കിലും, അതും വിറ്റ് കേശവൻ കുടിച്ചാഘോഷിച്ചു. മല്ലിക എന്ന മെല്ലിച്ചു വളഞ്ഞു കുത്തിയ ഭാര്യയും, 8 വയസ്സുകാരൻ മകൻ രമണനുമാണ് കേശവന്റെ ആകെ സമ്പാദ്യം. പാമ്പായി വീട്ടിൽ വന്നാൽ പിന്നെ കേശവന്റെ ആഘോഷം മുഴുവൻ മല്ലികയുടെ ക്ഷീണിച്ചെല്ലുന്തിയ ശരീരത്തിലാണ്. മുഴുപട്ടിണിയും, കേശവന്റെ തല്ലും മല്ലികയെ സ്ഥിരം രോഗിയാക്കി. രമണൻ ഇതെല്ലാം കണ്ടും, കേട്ടും മടുത്ത് അച്ചമ്മയുടെ കൂടെ പോയി. ഒറ്റക്കായ മല്ലികയുടെ കഥ വാർഡ് മെംബർ ജാക്സനാണ് പ്രസിഡന്റിന്റെ ചെവിയിലെത്തിച്ചത്. കനിവ് തോന്നിയ മോഹൻ ബാബുവാണ് തന്റെ പാർട്ടിക്കാരിൽ ചിലരെയും കൂട്ടി ചെന്ന് ബലമായി പാമ്പ് കേശവനെ പട്ടണത്തിൽ എത്തിച്ച് ചികിത്സക്ക് വിധേയനാക്കിയത്. ആ കാലഘട്ടത്തിലാണ് ഡോക്ടറും, നമ്മുടെ പ്രസിഡന്റും തമ്മിൽ അടുക്കുന്നത്. പാമ്പ് കേശവനിപ്പോൾ സഹധർമ്മിണി മല്ലികയും, മകൻ രമണനുമൊന്നിച്ച് സ്വന്തം വീട്ടിൽ നന്നായി പണിയെടുത്ത് (ഒട്ടോ ഓടിച്ച് ) സന്തോഷപൂർവ്വം കഴിയുന്നു. പഞ്ചായത്ത് പ്രസിഡന്റ് മോഹൻബാബുവിന്റെ മനസിൽ ഒരാഗ്രഹം പത്തിവിടർത്തി. ഡോ. അലക്സാണ്ടറെ തന്റെ ഗ്രാമത്തിലേക്ക് ക്ഷണിച്ചാലോ? കൃഷ്ണപുരത്തിന് നല്ലൊരു ഡോക്ടറുടെ സാന്നിദ്ധ്യം ഇപ്പോൾ അത്യാവശ്യമാണ്. അടുത്ത സുഹൃത്തുക്കളുമായി മോഹൻബാബു കൂടിയാലോചനയും നടത്തി. കൃഷ്ണപുരം അങ്ങാടിയിൽ തന്നെ മോഹൻ ബാബുവിന്റെ ഭാര്യ അംഗിതയുടെ പേരിൽ ഒരു നല്ല രണ്ടു നിലവീടുണ്ട്.. അവിടെ ഒരു ക്ലിനിക് തുടങ്ങാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. അപ്പോഴും മോഹൻ ബാബുവിന് ഒരു സംശയം, ഡോക്ടർ വരുമോ?കോടീശ്വരനായ കുന്നേൽ അവറാച്ചന്റെ രണ്ട് ആൺ മക്കളിൽ ഇളയ പുത്രനാണ് ഡോക്ടർ അലക്സാണ്ടർ. കണക്കില്ലാത്ത സ്വത്തിന്റെ അവകാശി. അവസാനം അവർ ഒരു തീരുമാനത്തിലെത്തി ഡോക്ടറെ പോയി കാണുക തന്നെ. മെംബർ വാസുവും, കരുണനും, വനിതാ മെംബർ ഡാർളി ജോസും കൂട്ടത്തിൽ ചെല്ലാമെന്നുമേറ്റു. ശാന്തിനഗറിലെ ഒൻപതാം നമ്പർ വില്ല. കൂറ്റൻ മതിൽ കെട്ടും ജപ്പാൻ മാതൃകയിൽ തീർത്ത ശില്പ ഭംഗിയുള്ള പടി കെട്ടും, ഓട്ടോമാറ്റിക്ക് ഗേററും കടന്ന് പൂമഖത്തെത്തിയ മോഹൻ ബാബുവും കൂട്ടരും ആ കെട്ടിടത്തിനു മുൻപിൽ ഒരു നിമിഷം അന്തിച്ചു നിന്നു പോയി. ഇതൊരു വീടോ അതോ മുകൾ രാജാക്കന്മാരുടെ കാലത്തു നിർമ്മിച്ച കൊട്ടാരമോ? ഡോക്ടർ അലക്സാണ്ടർ അവരെയും പ്രതീക്ഷിച്ച് സിറ്റ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. കയറിവരൂ.. അദ്ദേഹം അവരെ സന്തോഷപൂർവം അകത്തേക്ക് സ്വാഗതം ചെയ്തു. വിശാലമായ സ്വീകരണമുറിയും, നയനമനോഹരങ്ങളായ ഇരിപ്പിടങ്ങളും,വർണ്ണാലംകൃതങ്ങളായ വൈദ്യുതി വിളക്കുകളും, ഒരു ഭാഗത്ത് കൃത്രിമക്കുന്നും, കുളിർമ നൽകുന്ന മനോഹരമായ നീർചാലുകളും, ബൃഹത്തായ അക്വേറിയവും, ഇങ്ങനെ ഒരു വസതി അവർ ആദ്യം കാണുകയാണ്. ഇതൊക്കെ വീക്ഷിച്ച് ഒരു നിമിഷം അവർ മൂകരായി ഇരുന്നു പോയി.
പ്രസിഡന്റെ എനിക്ക് നിങ്ങളുടെ നാട് ഒന്നു സന്ദർശിക്കണം ഉടനെ തന്നെ. ഡോക്ടറാണ് നിശബ്ദതക്ക് ഭംഗം വരുത്തിയത്. ഡോക്ടർ വളരെ ഉത്സാഹത്തോടെ കുറെയധികം സംസാരിച്ചു. തനിക്കീ പട്ടണത്തിന്റെ തിരക്കിൽ ശ്വാസം മുട്ടുന്നുവെന്നും, ഒരു മാറ്റത്തിനായ് താൻ കൊതിക്കയാണെന്നും അദ്ദേഹം അവരെ അറിയിച്ചു. കൂടുതൽ സമയമെടുക്കാതെ തന്നെ നിങ്ങളുടെ പ്രതീക്ഷകൾ സഫലമാകുമെന്നും ഡോക്ടർ അലക്സാണ്ടർ അവർക്ക് ഉറപ്പു നൽകി. ഡോക്ടറുടെ സുന്ദരിയായ സഹധർമിണി ആൻ മേരി അവരെ ചായയും, മധുരപലഹാരങ്ങളും നൽകി സൽകരിച്ചു. ഡോക്ടർ ദമ്പതികൾക്ക് മക്കളിലെന്ന കാര്യം അന്നാണവർ അറിഞ്ഞത്. പൂർണ്ണ സംതൃപ്തിയോടും, സന്തോഷത്തോടും കൂടിയാണവർ അവിടെ നിന്നും മടങ്ങിയത്. എന്തൊക്കെയോ ഇപ്പോൾ തന്നെ നേടിയ നിർവൃതി, യാത്ര പറഞ്ഞിറങ്ങുമ്പോൾ എല്ലാവരുടേയും മുഖത്ത് അതിന്റെ പ്രകാശം വ്യക്തമായിരുന്നു. പിന്നെയെല്ലാം വേഗത്തിലാണ് നടന്നത്. ഒരവധി ദിനത്തിൽ ഡോക്ടർ സഹധർമ്മിണി ആൻ മേരിയുമൊന്നിച്ച് വിഷ്ണുപുരത്തെത്തി. മുൻകൂട്ടി അറിയിച്ചു കൊണ്ടു തന്നെയാണവർ എത്തിയത്. ഡോക്ടറെ വരവേൽക്കാൻ ഗ്രാമവാസികൾ അത്യുൽസാഹത്തോടെ വിഷ്ണുപുരം സെന്ററിലെത്തി. അവർ ഡോക്ടറെ ആനയിച്ചത് മോഹൻ ബാബുവിന്റെ രണ്ടു നിലവസതിയിലേക്കാണ്. ഡോക്ടർ എല്ലാവരോടും കുശലാന്വേഷണങ്ങൾ നടത്തി. പിന്നീട് പ്രസിഡന്റിനോടും, സഹപവർത്തകരോടും ചർച്ചയിൽ ഏർപ്പെട്ടു. ഒരു മാസത്തിനുള്ളിൽ തന്നെ ഇവിടെ ക്ലിനിക്കും, ഫാർമസിയും തുടങ്ങാമെന്ന് പൊതു ധാരണയിലെത്തി. ഒരു നിബന്ധന മാത്രം ഡോക്ടർ അലക്സാണ്ടർ മുന്നോട്ടുവെച്ചു. മോഹൻ ബാബുവിന്റെ ഭാര്യ അംഗിതയുടെ പേരിലുള്ള ഈ വസതിയും, അതിനോടു ചേർന്ന ഒരേക്കർ പറമ്പും ഡോക്ടർക്ക് വിലക്കുനൽകണം. അതിലും തീരുമാനം അധികം വൈകിയില്ല.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിഷ്ണുപുരം ഗ്രാമം ഡോക്ടറെ വല്ലാതെ വശീകരിച്ചു എന്നല്ലാതെ എന്താ പറയാൻ. നയനമനോഹരങ്ങളായ മാന്തോപ്പുകളും, തെങ്ങും കവുങ്ങും, ജാതിമരങ്ങളും നെൽപ്പാടങ്ങളും ഹരിതാഭ നൽകിയ ആ ഗ്രാമം ആരെയാണ് ആകർഷിക്കാതിരിക്കുക. നിറഞ്ഞ മനസ്സോടെയാണ് ഡോക്ടറും, നാട്ടുകാരും പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞത്. അന്ന് വിഷ്ണുപുരം ഗ്രാമ ജനത ഒരു ഉത്സവ തിമർപ്പിലായിരുന്നു. ഡോക്ടർ അലക്സാണ്ടറുടെ വിശ്വശാന്തി ഫാമിലി ക്ലിനിക്കാന്റെ ഉദ്ഘാടന ദിനം. കാവടിയാട്ടവും, ചെണ്ടമേളവുമൊക്കെയായി നാട്ടുകാർ അതങ്ങാഘോഷിച്ചു.ക്ലിനിക്കിന്റെ മുൻ ഭാഗത്ത് വലിയ ബോർഡുയർന്നു. (വിശ്വശാന്തി ഫാമിലി ക്ലിനിക്, ഡോ. അലക്സാണ്ടർ. എംഡി. , ഡി. സൈക്(ഡോ. ഓഫ് സൈക്കോളജി. ), എം. എഡ്.ഇൻ കൗൺസലിംഗ് സൈക്കോളജി. ) ഡോക്ടറും പത്നിയും തൽക്കാലം ക്ലിനിക്കിന്റെ മുകളിലെ നിലയിൽ താമസിക്കും. താഴെ ക്ലിനിക്കും, അത്യന്താധുനിക ലാബും,എക്സ്റേ യൂണിറ്റും, ഫാർമസിയും. ഇരുപത്തിനാലു മണിക്കൂറും സേവനം ഡോക്ടർ ഓഫർ ചെയ്തു. തന്റെ ജൂനിയറായി കോഴ്സ് പൂർത്തിയാക്കിയ ഡോ. അശ്വിൻ ജോയിയെ (ഫിസിഷ്യൻ) കൂടി അവിടെ നിയമിക്കാനും ഡോക്ടർ അലക്ലാണ്ടർ താൽല്പര്യമെടുത്തു. ബി എസ് സി നഴ്‌സിങ് പാസ്സായ കുമാരിയും, അരുണയും, ബീഫാം പാസ്സായ ലളിതകുമാരി, ലാബ് ടെക്നീഷ്യന്മാരായ മാലതിയും വസന്തയും, എസ്റേ ടെക് നീഷ്യൻ വിൻസന്റ്, അന്റൻഡർ കുമാരൻ, നഴ്‌സിങ് അസിസ്റ്റന്റുമാരായ വെറോണിക്ക, സാറ, സ്വീപ്പർ തങ്കമ്മ, സെകൂരിറ്റി വേലായുധൻ, ഇത്രയും പേരാണ് ക്ലിനിക്കിലെ ജീവനക്കാർ. കുറഞ്ഞ നാൾ കൊണ്ടു തന്നെ ക്ലിനിക് വമ്പിച്ച ജനപ്രീതി നേടി. ഡോക്ടർ അലക്സാണ്ടറുടെ കൈപുണ്യത്തിൽ നാട്ടുകാർ അമിത വിശ്വാസം രേഖപ്പെടുത്തി. മദ്യപന്മാർക്കും,വയോജനങ്ങൾക്കും, വിവാഹ ബന്ധം വേർപ്പെടുത്തിയവർക്കും, വിദ്യാർത്ഥികൾക്കും ഡോക്ടർ സൗജന്യ കൗൺസിലിംഗ് നിരന്തരം നടത്തി. യുവതീ യുവാക്കൾക്ക് വിവാഹപൂർവ്വ കൗൺസിലിംഗ് സ്നേഹപൂർവം നിർബന്ധമാക്കി. അതിന്റെ മാറ്റങ്ങളവിടെ അതിവേഗത്തിൽ പ്രകടമായി. നിരവധി പേർ മദ്യപാനം നിർത്തി. വിവാഹ ബന്ധം വേർപെടുത്തിയപല യുവതീയുവാക്കളും വീണ്ടും ഒത്തുചേർന്നു. വൃദ്ധരായ മാതാപിതാക്കളുടെ പരാതികൾ കുറഞ്ഞു. രാഷ്ട്രീയ കലഹങ്ങൾ ഇല്ലാതായി.നാട്ടുകാരിൽ ഡോക്ടർ ആത്മവിശ്വാസവും ആത്മധൈര്യവും വളർത്തി. ഒരു ഡോക്ടർ എന്നതിലുപരി നല്ലൊരു സാമൂഹ്യ പ്രവർത്തകനായി അദ്ദേഹം മാറി. നാട്ടുകാർക്ക് എന്തിനും, ഏതിനും ഡോക്ടറുടെ സാന്നിദ്ധ്യം അനിവാര്യമായി. അവരുടെ ഏതു കാര്യത്തിലുമുള്ള അന്തിമവാക്കും ഡോക്ടറുടേതായി. ദൈവത്തിന്റെ സ്വന്തം നാടായി വിഷ്ണുപുരം മാറാൻ അധിക നാൾ വേണ്ടി വന്നില്ല.
ക്ലിനിക്കിന്റെ കോമ്പൗണ്ടിൽ തന്നെ ഡോക്ടർ അതി മനോഹരമായ വീടും പണി തീർത്ത് താമസം അങ്ങോട്ട് മാറ്റി. ഉന്നത വർഗ്ഗത്തിൽ പെട്ട നായ്ക്കൾ ഡോകടറുടെ ബലഹീനതയായിരുന്നു. വൃത്തിയുള്ള വിശാലമായ കൂടുകളിൽ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട എട്ടു നായകൾ. ആരും കൊതിച്ചു പോകുന്ന എന്നാൽ ഭയം തോന്നിപ്പിക്കുന്ന ബെൽജിയൻ മലിനോയിസ്, ജർമൻ ഷെപ്പേർഡ്, റോട്ട് വെയിലർ,സൈബീരിയൻ ഹസ്കി. , ഡോബർമാൻ, പിഗ് ബുൾ, ഡാൽമീഷ്യൻ, ബോക്സർ എന്നീ ഇനങ്ങൾ, അവർക്ക് നിത്യ പരിശീലനത്തിനും, ശുശ്രൂഷക്കുമായി ഒരാളെ തന്നെ നിയമിച്ചിട്ടുണ്ടു് ഡോക്ടർ. മിസ്റ്റർ ബെനഡിക്.പേരെടുത്ത ഡോഗ്ട്രെയിനറാണ്. ദൃഡ ഗാത്രനും സുമുഖനുമായ ചെറുപ്പക്കാരൻ. പട്ടണത്തിലാണ് വീട്. എന്നും രാവിലെ വന്ന്, ഉച്ചക്കു ശേഷം തിരിച്ചു പോകും.. അതിനുള്ളിൽ ഓരോ നായകളേയും, പ്രത്യേകം പ്രത്യേകം പുറത്തിറക്കി അടുത്തുള്ള പഞ്ചായത്ത് ഗ്രൗണ്ടിൽ നടത്താനും ഓടിക്കാനുംകൊണ്ടുപോകും. അതിനിടക്ക് നായ്ക്കൾക്ക് ഗ്രൂമിങ്ങും, മസ്സാജിംഗും നടത്തും. ജോലിയിൽ നല്ല ആത്മാർത്ഥതയുള്ളവൻ. ഡോക്ടർക്ക് തികഞ്ഞ മതിപ്പാണ് ബെനഡക്കിൽ. ദിവസങ്ങളും, മാസങ്ങളും വർഷങ്ങളും എത്ര വേഗമാണ് കടന്നുപോയത്. ഇന്ന് വിശ്വശാന്തി ക്ലിനിക്കിന്റെ പേരും പെരുമയും ഏറെ വര്‍ധിച്ചു. ഡോക്ടർ അലക്സാണ്ടറെ തേടി ദൂരെ ജില്ലകളിൽ നിന്നു പോലും രോഗികൾ എത്തിതുടങ്ങി. ഇപ്പോൾ അത്യാവശ്യംവേണ്ട രോഗികളെ കിടത്തി ചികത്സിക്കുന്നുമുണ്ട്. ക്ലിനിക്കിന്റെ സൗകര്യങ്ങളും ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു നല്ല ആശുപത്രിയായി ഉയർത്തുന്നതിനുള്ള നിയമനടപടികളും ഏറെ കുറെ പൂർത്തിയായി കഴിഞ്ഞു. ഫാമിലി ക്ലിനിക്കിന്റെ മേൽനോട്ടത്തിലിപ്പോൾ ഡോകടറുടെ ഭാര്യ ആൻ മേരിയും നല്ല ജാഗ്രതയിലാണ്. ഡോക്ടർ അലക്സാണ്ടറുടെ ശ്രദ്ധയെത്താത്ത ഒരിടവും വിഷ്ണുപുരം ഗ്രാമത്തിലില്ല. ഉന്നത അധികാര കേന്ദ്രങ്ങളിലുള്ള ഡോക്ടറുടെ സ്വാധീനം ഗ്രാമത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നതിലും ഏറെ സഹായകരമായി തീർന്നു. വിഷ്ണുപുരം ഗ്രാമം ഇന്നറിയപ്പെടുന്നത് ഡോക്ടർ അലക്സാണ്ടറുടെ നാട് എന്ന നിലയിലാണ്. എത്ര കഠിനാദ്ധ്വാനത്തിലോ, അതിനു ശേഷമോ ഡോക്ടറുടെ മുഖത്തെ പ്രസന്നതയോ, ചുണ്ടിലെ പുഞ്ചിരിയോ മാഞ്ഞ് ആരും ഇതുവരെ കണ്ടിട്ടില്ല. ആ തല ആരുടെ മുൻപിലും എന്നും ഉയർന്നു തന്നെ നിന്നു. ഇങ്ങനെ ഡോക്ടർ പ്രശസ്തിയുടെ എല്ലാ പടവുകളും കയറിനിൽക്കുമ്പോഴാണ് അഗ്‌നിവർഷം പോലെ, ആ വാർത്ത വിഷ്ണുപുരം നിവാസികൾക്കു മേൽ മാരകമായ പൊള്ളലേൽപ്പിച്ചത്. അവരുടെ ജീവന്റെ ജീവനായ ഡോക്ടർ ആത്മഹത്യ ചെയ്തിരിക്കുന്നു. ആബാലവൃദ്ധ ജനങ്ങളും അലമുറയിട്ട് ഡോക്ടറുടെ വസതിയിലേക്ക് ഒഴുകിയെത്തി. അപ്പോഴും അവർ പ്രാർത്ഥിച്ചു. ഈ വാർത്ത സത്യമായിരിക്കല്ലെ എന്ന്. സൂര്യനുദിക്കുമ്പോഴേക്കും വിഷ്ണുപുരം സെന്ററും, ജനസാഗരമായി മാറികഴിഞ്ഞിരുന്നു. ഡോക്ടറുടെ വസതിയുടെ എപ്പോഴും തുറന്നു കിടക്കാറുള്ള ഗേറ്റ് പൊലീസ് അടച്ചു. അടുത്ത ബന്ധുക്കളെയല്ലാതെ ആരെയും അകത്തേക്ക് കടത്തിവിടുന്നില്ല. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപെട്ടു. ജില്ലാകളക്ടർ, പൊലീസ് കമ്മിഷണർ, സ്ഥലം എംഎല്‍എ. പഞ്ചായത്ത് പ്രസിഡന്റ്, തുടങ്ങി പ്രമുഖരായ എല്ലാവരും അവിടെ നേരത്തെ തന്നെ എത്തി കഴിഞ്ഞിരിക്കുന്നു.
ടിവി ചാനലുകൾ മത്സരിച്ച് ലൈവ് പ്രക്ഷേപണവും നടത്തുന്നുണ്ട്. ആത്മഹത്യാ കാരണം മാത്രം ഇനിയും പുറത്ത് വന്നിട്ടില്ല. അതിലേക്കെത്താൻ ഇനിയുമേറെ സഞ്ചരിക്കണം. ജനങ്ങളുടെ പ്രവാഹം പരിധി വിട്ടപ്പോൾ റൂറൽ പൊലീസ് കമ്മിഷണർ മിസ്റ്റർ നാഗരാജു ഗേറ്റിൻ പുറത്തെത്തി. ചാനലുകാർ അദ്ദേഹത്തെ പൊതിഞ്ഞു, നാട്ടുകാരും ആകാംഷാഭരിതരായി. ദയവായി എല്ലാവരും സമാധാനത്തോടെ പിരിഞ്ഞു പോകണം. ബോഡിയുടെ ഇൻക്വസ്റ്റ് നടപടികൾ
നടന്നുവരികയാണ്. അതിന് കുറച്ച് സമയമെടുക്കും. ഇപ്പോൾ നിങ്ങൾ ഇവിടെ കൂടി നിന്നിട്ട് ഒരു പ്രയോജനവുമില്ല. കമ്മിഷണർ ജനത്തെ അഭിസംബോധന ചെയ്തു.
മാധ്യമ പ്രവർത്തകരെ ഉള്ളിലേക്ക് കടത്തി വിടണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചു. സർ, ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ടോ? മലയാളം ചാനൽ റിപ്പോർട്ടർ ചോദ്യത്തിലേക്ക് കടന്നു. ഇല്ല. പരിശോധനകൾ നടന്നുവരികയാണ്. ഇനിയും ഒരുപാട് നടപടികൾ പൂർത്തി കരിക്കാനുണ്ട്, ഡോക്ടറുടെ ഭാര്യ,
അടുത്ത
ബന്ധുക്കൾ, ക്ലിനിക്കിലെ ജീവനക്കാർ എന്നിവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതെല്ലാം കഴിഞ്ഞ് പോസ്റ്റു മാർട്ടം ഫോർമാലിറ്റിയിലേക്ക് കടക്കണം. അതിനു
ശേഷമെ സൂയിസയിഡ് സ്ഥിരീകരിക്കാൻ കഴിയൂ. ഓകെ, കമ്മിഷണർ കാര്യങ്ങൾ വ്യക്തമാക്കി, ഗേറ്റിനകത്തേക്കു തന്നെ മടങ്ങി. ഉദ്ദ്വേഗഭരിതരായ ജനകൂട്ടം
അവിടെ തന്നെ തങ്ങുകയാണ്. തങ്ങളുടെ ഡോക്ടർക്ക് സംഭവിച്ചതെന്ത്? അതറിഞ്ഞാലെ അവർക്ക് സമാധാനമാകു. മണികൂറുകൾ പിന്നേയും കടന്നുപോയി. പലരും
അതിരാവിലെ ഭക്ഷണം പോലും കഴിക്കാതെ വന്ന വരാണ്. അവർ വിശപ്പൊന്നും അറിയുന്നേയില്ല. ഇതിനിടക്ക് പൊലീസ് കമ്മിഷണറും, കളക്ടറും പുറത്തേക്കു
പോയി. അതാ പഞ്ചായത്ത് പ്രസിഡന്റ് മോഹൻ ബാബു പുറത്തേക്കുവരുന്നുണ്ട്. ചാനലുകാരും, നാട്ടുകാരും അദ്ദേഹത്തെ വളഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ
പൂർത്തിയായിട്ടുണ്ട്. ഇനി ടൗണിലെ ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഞാനും
അങ്ങോട്ട് പോകുകയാണ്. മോഹൻ ബാബു എല്ലാവരോടുമായി പറഞ്ഞു. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് സൈറൺ മുഴക്കി പുറത്തേക്കു പോയി. ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല, ചാനലുകാരടക്കം, ജനങ്ങൾ അവിടെ നിന്നും പിരിയാൻ തുടങ്ങി. വാഹനമുള്ളവർ
ടൗണിലെ ജില്ലാശുപത്രിയിലേക്കും നീങ്ങി. ജില്ലാശുപത്രിയിൽ മൃതദേഹം പോസ്റ്റുമാർട്ടം ഇന്നു തന്നെ നടത്തി കാട്ടുന്നതിനുള്ള നടപടികൾക്ക് ഉന്നതങ്ങളിൽ നിന്ന് ശിപാർശകൾ വന്നിരുന്നു. ഭാഗ്യവശാൽ പോസ്റ്റു മാർട്ടത്തിനായ് വേറെ ആരുടെയും ബോഡികൾ ഉണ്ടായിരുന്നില്ല. ആംബുംലൻസ് എത്തിയതേ, ഡോകടറുടെ മൃതദേഹം ഒട്ടും സമയം കളയാതെ മോർച്ചറിയിലേക്കെടുത്തു. പുറത്ത് ഡോക്ടറുടെ ബന്ധുമിത്രാതികളും, വിഷ്ണുപുരം പഞ്ചായത്ത് പ്രസിഡന്റും, ചില നാട്ടുകാരുമുണ്ടായിരുന്നു. മോർച്ചറിയൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റു മാർട്ടം നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഫോറൻസിക്ക് സർജൻ, പാത്തോളജിസ്റ്റ്, അസിസ്റ്റന്റ് സർജൻ, നഴ്സസ്, പോസ്റ്റു മാർട്ടം ടെക്ക് നീഷ്യൻ തുടങ്ങി നല്ലൊരു ടീം അവിടെ സുസജ്ഞരായിരുന്നു.
ഏകദേശം രണ്ടു മണിക്കൂറോളമെടുത്തു പോസ്റ്റു മോർട്ടം നടപടികൾ പൂർത്തീകരിക്കാൻ. മുതദേഹത്തിൽ പ്രത്യേകമായ മുറിവുകളോ, ചതവുകളോ യാതൊന്നും
തന്നെ ഉണ്ടായിരുന്നില്ല. അതിമാരകമായ ഏതോ വിഷം സ്വയം കുത്തി വെച്ചതാണ് മരണകാരണമെന്ന് വ്യക്തമായി. അതെന്താണെന്നറിയണമെങ്കിൽ ആന്തരികാവയവങ്ങളുടെ സാമ്പിളും, ശ്രവവും കൂടുതൽ പരിശോധനക്കായ് തിരുവനന്തപുരത്തെ സർക്കാർ ലബോറട്ടറിയിലേക്കയക്കണം. എന്തായാലും മരണം ആത്മഹത്യ തന്നെ എന്നു സ്ഥിരീകരിച്ചു. ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കിയാൽ ബോഡി ബന്ധുക്കൾക്ക് ഏറ്റുവാങ്ങാം. ആ സമയം വിഷ്ണുപുരത്തെ ഡോക്ടറുടെ വസതിയിൽ മൃതദേഹം എത്തി കഴിഞ്ഞാൽ പൊതുദർശനത്തിനു വേണ്ട ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഏകദേശം അഞ്ചു മണിയോടെ മൃതദേഹം വീട്ടിലെത്തും. രാത്രി പത്തുമണി വരെ പൊതുദർശനം. അതു കഴിഞ്ഞാൽ മൃതദേഹം ടൗണിലെ തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോകും. അടുത്ത ദിവസം ഇടവക പള്ളി ശശ്മാനത്തിൽ വേണ്ട പ്രാർത്ഥനകൾക്കുശേഷം അടക്കം. ഇതാണ് പൊതുവെ എടുത്ത തീരുമാനം. ഇപ്പോൾ തന്നെ ഡോക്ടറുടെ വസതിയിൽ നാട്ടുകാരും ബന്ധുക്കളുമായി ഒരു പാട് പേർ എത്തികഴിഞ്ഞിട്ടുണ്ട്. ഡോക്ടർ അലക്ലാണ്ടറുടെ പിതാവ് കുന്നേൽ അവറാച്ചനും, ഭാൎയ്യ മറിയവും ആകെ തളർന്നിരുപ്പാണ്. അവർക്ക് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടിയെയാണ് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. കുന്നേൽ അവറാച്ചന് എന്നും പ്രിയം ഇളയ മകൻ അലക്സാണ്ടറോടു തന്നെയായിരുന്നു. എന്നും അപ്പച്ചന്റെ ഇഷ്ടങ്ങൾക്കും, താൽപര്യങ്ങൾക്കും വിധേയനായിട്ടാണ് ആ മകൻ കഴിഞ്ഞു പോന്നിരുന്നത്. വിഷ്ണുപുരത്തേക്കുള്ള അലക്സിന്റെ പറിച്ചു നടീലിൽ ആദ്യം അദ്ദേഹം അത്ര താൽപര്യം കാണിച്ചിരുന്നില്ല. പിന്നെ മകന്റെ നിർബന്ധത്തിന്
വഴങ്ങുകയായിരുന്നു. എല്ലാ ആഴ്ചകളിലും ഒരു ദിവസം മാതാപിതാക്കളോടൊപ്പമുളള അത്താഴത്തിന് ഡോക്ടറും ആൻ മേരിയം തറവാട്ടു വീട്ടിൽ മുടങ്ങാതെ
എത്തുമായിരുന്നു. ഡോക്ടറുടെ മരണവിവരം അറിഞ്ഞ് വരുന്നവരൊക്കെ ആ അപ്പനേയും, അമ്മയേയും കണ്ട് ആശ്വസിപ്പിക്കാൻ മറന്നില്ല. ആൻ മേരി തളർന്ന് കിടപ്പാണ്. അവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വരുന്നവരുടെ ഉള്ളം പിടഞ്ഞു. കൃത്യം അഞ്ചു മണിക്കു തന്നെ ഡോക്ടറുടെ പോസ്റ്റു മാർട്ടം ചെയ്ത ദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് വീട്ടിലെത്തി. വമ്പിച്ച ജനാവലിയുടെ ഇടയിലൂടെ ശ്രമപ്പെട്ട് ബോഡി ഉൾകൊള്ളുന്ന ഫ്രീസർ ചുമന്ന്, അവിടെ ഉയർത്തിയ, വലിയ പന്തലിന്റെ മദ്ധ്യത്തിലായി സജ്ജീകരിച്ച ദർശന വേദിയിൽ വെച്ചു.
വിതുമ്പലുകളും പൊട്ടി കരച്ചിലുകളുമായി വിഷ്ണുപുരം നിവാസികളും, ബന്ധുമിത്രാദികളും, അവസാനമായി തങ്ങളുടെ പ്രിയപ്പെട്ടവന്റെ മുഖമൊന്നു കാണാൻ, അന്ത്യോപചാരമർപ്പിക്കാൻ തിക്കിതിരക്കി. ജനങ്ങളെ നിയന്ത്രിക്കുവാൻ കഠിന യജ്ഞം തന്നെ വേണ്ടി വന്നു. ഇതിനിടയിൽ വിഷ്ണുപുരം ഇടവക പള്ളിയിലെ അച്ചനും, കന്യാസ്ത്രികളും പ്രാർത്ഥനയർപ്പിക്കാൻ ഇടം കിട്ടാതെ ഒട്ടൊന്നു വിഷമിച്ചു. അച്ചൻ ചൊല്ലി കൊടുത്ത പ്രാർത്ഥന ഏറ്റുചൊല്ലുന്നവരുടെ കണ്ഠമിടറി, വാക്കുകൾ മുറിഞ്ഞു. എവിടെ നിന്നൊക്കെയോ ജനം വിഷ്ണു പുരത്തെ ഡോക്ടറുടെ വസതിയിലേക്ക് ഒഴുകി വന്നു കൊണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അതിനൊരു ശമനവും കണ്ടില്ല. വിഷ്ണുപുരം ഗ്രാമത്തിന്റെ ഹൃദയം മുൻപൊരിക്കലും ഇങ്ങനെ പിടഞ്ഞിട്ടില്ല. തന്നിൽനിന്നും ഏറ്റവും പ്രധാനപ്പെട്ട ഒരവയവം ആരോ ബലമായി കുത്തി പറിച്ചു കൊണ്ടുപോകുന്ന സഹിക്കാനാവാത്ത വേദന, അങ്ങിനെയാണ് ഓരോരുത്തർക്കും അനുഭവപ്പെട്ടത്. രാത്രി പത്ത് മണിയോടടുത്തപ്പോൾ തന്നെ ആളുകളുടെ വരവ് നന്നേ കുറഞ്ഞിരുന്നു. എന്നാലും വിഷ്ണുപുരം നിവാസികളായ ഏറെ പേർ അവിടെ തന്നെ തങ്ങി. തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ യാത്രയാക്കിയിട്ടേ അവർ അവിടെ നിന്നു പോകു. കുന്നേൽ അവറാച്ചൻ ടൗണിലെ വീട്ടിലെ, തയ്യാറെടുപ്പുകൾ വിളിച്ച് ഉറപ്പ് വരുത്തി. പത്തരമണി കഴിഞ്ഞപ്പോൾ തന്നെ ആംബുലൻസിലേക്ക് മൃതദേഹമടങ്ങിയ ഫ്രീസർ കയററി. ആംബുലൻസിൽ ഡോക്ടറുടെ സഹോദരനും, ഏതാനും ബന്ധുക്കളും കയറി. കുന്നേൽ അവറാച്ചനും, ഭാര്യയും, ആൻ മേരിയും, സഹോദര ഭാര്യയും കാറിൽ ആബുംലൻസിനെ പിൻതുടർന്നു. വികാരനിർഭരമായ വിടുതലാണ് ഗ്രാമവാസികൾ ഡോക്ടർ അലക്സാണ്ടറുടെ അവസാന യാത്രക്ക് നൽകിയത്. പട്ടണത്തിലെ. തറവാട്ടു വസതിയിൽ ബന്ധുമിത്രാദികൾ അടക്കം കുറേപ്പോർ ആ രാത്രിയിലും കാത്തു നിന്നിരുന്നു. ആർക്കും ഉറക്കമില്ലാത്ത ആ രാവും കടന്നുപോയി. ഇപ്പോൾ ഡോക്ടർ അലക്സാണ്ടറുടെ മൃതദേഹം ഇടവകപള്ളിയിലെ ആൾത്താര ഹാളിൽ അന്ത്യ പ്രാർത്ഥനക്കായി കിടത്തിയിരിക്കുന്നു. കുന്നേൽ അവറാച്ചന്റെ അടുത്ത ബന്ധുകൂടിയായ ബിഷപ്പ് കുന്നത്തൂർ തിരുമേനി മുൻപേ എത്തിയിട്ടുണ്ട്. അധികം വൈകിയില്ല. അഞ്ചു മിനിറ്റിനുള്ളിൽ പ്രാർത്ഥനാ ചടങ്ങുകൾ തീർത്ത് മൃതശരീരം അടക്കുന്നതിനുള്ള കല്ലറയിലേക്കെടുത്തു. കുന്നേൽ അവറാച്ചൻ, മൂത്ത മകനും ഭാൎയ്യയും, അമ്മ മറിയ, ഡോക്ടറുടെ പത്നി ആൻ മേരി തുടങ്ങി ചുരുക്കം ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമെ ശവ അടക്കിനുണ്ടായിരുന്നുള്ളു. ഉള്ളം പൊള്ളുന്ന വേദനയോടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി. കുന്നേൽ അവറാച്ചന്റെ വസതിയിൽ അന്ന് മൗനം തളം കെട്ടി. ആരും കൂടുതലായി ഒന്നും സംസാരിച്ചില്ല. ആൻ മേരി തികച്ചും ഒരു ഉന്മാദാവസ്ഥയിലായിരുന്നു. മുറി അടച്ചിട്ടു കിടന്നു. പിറ്റേ ദിവസം തന്നെ, തനിക്ക് വിഷ്ണുപുരത്തേക്ക് പോകണമെന്ന് അപ്പച്ചനോടും അമ്മയോടും ആവശ്യപ്പെട്ടു. കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കാനാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ ആൻ മേരി വാശിപിടിച്ചു. ഡോകടറുടെ ആത്മഹത്യക്കുശേഷം ആൻ മേരിയോടൊപ്പം ഉണ്ടായിരുന്ന സ്വന്തം അപ്പനും, അമ്മയും മകളേയും കൂട്ടി വിഷ്ണുപുരത്തേക്കു പോകാമെന്നും, കുറച്ചു ദിവസം അവിടെ നിൽക്കാമെന്നും
അവറാച്ചനോട് അറിയിച്ചു.
അദ്ദേഹം ഒന്നാലോചിച്ച് സമ്മതം മൂളി. വിഷ്ണുപുരത്തെ വീട്ടിലെത്തിയ ആൻ മേരി കൂടുതൽ മുകയും, ക്ഷീണിതയുമായി. ക്ലിനിക്കിലെ ജീവനക്കാർ കാണാനെത്തിയെങ്കിലും, ആൻ മേരി അവരെയൊക്കെ അവഗണിക്കയാണുണ്ടായത്. മാതാപിതാക്കൾ ഏറെ ശ്രമിച്ചെങ്കിലും, മകളിൽ ഒരു മാറ്റവും ഉണ്ടായില്ല. രാത്രിവളരെ വൈകിയിട്ടും ആൻ മേരി തന്റെ ബെഡ് റൂമിൽ നിന്നും പുറത്തിറങ്ങിയില്ല എന്നു മാത്രമല്ല അപ്പനോടും, അമ്മയോടും കിടന്നോളാൻ പറഞ്ഞ് വാതിലടച്ച് കുറ്റിയിട്ടു. അവൾ കിടക്കയിൽ കമിഴ്ന്ന് കിടന്ന് കുറെ കരഞ്ഞു. പിന്നീട് എഴുന്നേറ്റ് ചുമരോട് ചേർന്ന് ചാരിയിരുന്നു കണ്ണുകളടച്ചു. ഡോകടറുടെ മുഖം മനസിൽ കൂടുതൽ, കൂടുതൽ തെളിഞ്ഞു വരുന്നു. ആൻ, ഡോക്ടർ വിളിച്ചപോലെ അവൾ ഞെട്ടികണ്ണു തുറന്നു. എന്തൊക്കെയോ ചിന്തകൾ, മനസ്സ് പിറകിലേക്ക് പാഞ്ഞു. അതെ താനാണ് ഡോക്ടറുടെ മരണത്തിനുത്തരവാദി. സ്വന്തം ഭർത്താവിനെ കൊന്നവൾ. എത്ര നാൾ അത് മറച്ചുവെക്കാൻ സാധിക്കും. ആ നശിച്ച ദിവസങ്ങൾ, ഡോക്ടർ അലക്സാണ്ടർ ഇൻഡ്യൻ സൈക്കോളജിസ്റ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ പൂനക്ക് പോയ അഞ്ചു ദിവസങ്ങൾ. ആ ദിവസങ്ങളാണ് തന്റെ ജീവിതത്തെ പാടെ മാറ്റി മറിച്ചത്. അന്ന് പതിവിന് വിപരീതമായി ബെനഡിക് ഡോഗ് ടെയിനിംഗ് കഴിഞ്ഞു പോകാൻ നേരം പുറത്ത് നിൽക്കുകയായിരുന്ന തന്നോട് ഏറെ സംസാരിച്ചു. നായകളെ കുറിച്ച് പറഞ്ഞു തുടങ്ങിയ അയാൾ പിന്നീട് തന്റെ വീട്ടുകാര്യങ്ങളിലേക്ക കടന്നു. വളരെ ആകർഷണീയമായ പെരുമാറ്റവും, മധുരമായ സംഭാഷണവും. താൻ ബെനഡിക്ടിനെ കൂടുതൽ ശ്രദ്ധിച്ചു. സുമുഖനായ ചെറുപ്പക്കാരൻ, ബലിഷ്ടമായ ശരീരം. വശ്യമായ കണ്ണകൾ. ഒരു നിമിഷം താൻ ചഞ്ചലയായി. അതു മനസിലാക്കിയ ബെനഡിക് പെട്ടന്നു പറഞ്ഞു, ഇന്ന് മാഡം പതിവിലും സുന്ദരിയായിരിക്കുന്നു. തന്റെ പുകഴ്ത്തലിൽ ആൻ മേരി ഒന്നു പതറിയിരിക്കുന്നു എന്നുമനസിലാക്കിയ അയാൾ കുറച്ചു കൂടി വശ്യമായി പുഞ്ചരിച്ചുകൊണ്ട് പറഞ്ഞു. ശരി മാഡം നാളെ കാണാം, കാണണം. പിന്നെ ബെനഡിക്ക് തന്റെ എൻഫീൽഡ് മോട്ടോർ സൈക്കിൾ സ്റ്റാർട്ടാക്കി പുറത്തേക്ക് ഓടിച്ചു പോയി. ആൻ മേരി ഒരു നിമിഷം പകച്ചു നിന്ന് തുടർന്ന് അകത്തേക്കു കയറി വാതിലടച്ചു. തന്നിൽ ബെനഡിക് സുഖമുള്ള ഒരു അസ്വസ്തത സൃഷ്ടിച്ചിരിക്കുന്നു എന്ന് ആൻ മേരി ക്കുമനസിലായി. അതോടൊപ്പം എന്തോ തെറ്റ് ചെയ്തിരിക്കുന്നു എന്ന തോന്നലും. പെട്ടന്നാണ് മൊബൈൽ ഫോൺ റിങ് ചെയ്തത്. അവർ പെട്ടന്നുതന്നെ കാൾഅററന്റ് ചെയ്തു. അലക്സേട്ടനാണ്. പൂനയിൽ
എത്തിയതിനു ശേഷമുള്ള ആദ്യ വിളി. ആൻ വിശേഷമൊന്നുമില്ലല്ലോ? വേണമെങ്കിൽ രാത്രി കൂട്ടിന് ക്ലിനിക്കിൽ നിന്ന് ആരെയെങ്കിലും കൂട്ടിക്കോളു. ശരിയേട്ടാ, ഭക്ഷണമൊക്കെ ശ്രദ്ധിക്കണേ. ആൻ മേരി പ്രത്യേകം പറഞ്ഞു. ഓകെ ഞാൻ നാളെ വിളിക്കാം ഒന്ന് ഫ്രഷ് ആകണം. ഡോക്ടർ അലക്സാണ്ടർ ഫോൺ കട്ട് ചെയ്തു. വല്ലാതെ വിയർത്തിട്ടുണ്ട്, ഒന്നു കുളിച്ചു വരാം. ആൻ മേരി ബാത്ത്റൂമിലേക്ക് കയറി. വസ്ത്രമെല്ലാം മാറി ഷവറിന്റെ കീഴിൽ വെള്ളത്തിന്റെ സുഖകരമായ തണുപ്പ് നന്നായി ആസ്വദിച്ചു. ഷവർ ഓഫ് ചെയ്ത് ആൻ മേരി ബാത്ത് റൂമിലെ വലിയ കണ്ണാടിയിൽ തന്റെ നഗ്ന ശരീരം പതിവില്ലാത്തവിധം ശ്രദ്ധിച്ചു.യൗവ്വനം യാത്രപറയാൻ തുടങ്ങിയെങ്കിലും, തന്റെ ആകാരവടിവിന് കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല! പെട്ടന്നാണ് ബെനഡക്കിന്റെ വാക്കുകൾ ഓർമ വന്നത്, മാഡം ഇന്ന്പതിവിലും സുന്ദരിയായിരിക്കുന്നു. അവൾ തന്റെ സൗന്ദര്യത്തിൽ ഒന്നഹങ്കരിച്ചു. നിറുകയിൽ വെള്ളമിറങ്ങിയാൽ ചിലപ്പോൾ കോൾഡ് വരാം. പെട്ടന്നുതന്നെ ടർക്കിയെടുത്ത് തുവർത്തി അവർ പുറത്തേക്കിറങ്ങി. നൈറ്റി എടുത്തണിഞ്ഞ് ഹാളിൽ ചെന്ന് ടിവി ഓൺ ചെയ്ത് സെറ്റിയിലിരുന്നു. ഒരു പഴയകാല ചലചിത്രമാണ്, അവിടെയിരുന്നൊന്നു മയങ്ങി. മയക്കത്തിലും. , ആൻ മേരിയുടെ ചുണ്ടുകളിൽ അവരറിയാതെ ഒരു ചെറുപുഞ്ചിരി വിടരുന്നുണ്ടായിരുന്നു.
അടുത്ത ദിവസം പതിവിലും ഭംഗിയായി അണിഞ്ഞൊരുങ്ങി ക്ലിനിക്കിലേക്കു പോയി. ഡോക്ടർ അലക്സാണ്ടറുടെ അസാന്നിദ്ധ്യത്തിലും ക്ലിനിക്കിൽ സാമാന്യം തിരക്കുണ്ടായിരുന്നു. ഉച്ചക്ക് 3 മണിക്കുശേഷമാണ് ആൻ മേരി വീട്ടിലേക്ക് മടങ്ങിയത്. ഉച്ച ഭക്ഷണം കഴിഞ്ഞ് ആൻമേരി ലിവിംഗ് റൂംഒന്നുകൂടി ഭംഗിയായി ചിട്ടപ്പെടുത്തി. എന്നിട്ട് ആരെയോ പ്രതീക്ഷിച്ചെന്നപോൽ ഇടക്ക് പൂമുഖ വാതിൽ തുറന്നു പുറത്തേക്കുനോക്കും, പിന്നെ വാതിലടച്ച് സോഫയിൽ വന്നിരിക്കും. അവർ ആകെ ഒരസ്വസ്തതയിലാണ്. നാലുമണിക്ക് ക്ലോക്ക് ശബ്ദിച്ചതും, കോളിംഗ് ബെൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു. അതു് പ്രതീക്ഷിച്ചിരുന്നു എന്നപോലെ ധൃതിയിൽ പോയി കതകു തുറന്നു. ആകർഷകമായ ചിരിയോടെ ബെനഡിക് ചോദിച്ചു അകത്തേക്കുവരാമോ? തീർച്ചയായും വരൂ. സന്തോഷത്തോടെ ആൻ മേരി അയാളെ ആദ്യമായി അകത്തേക്ക് ക്ഷണിച്ചു. രണ്ടു പേരും അഭിമുഖമായി സെറ്റിയിലിരുന്നു. അൽപനേരത്തെ നിശബ്ദതക്ക ശേഷംഅവൾ ചോദിച്ചു, കുടിക്കാൻ ചായയോ, അതോ തണുത്തതെന്തെങ്കിലുമോ? ബെനഡിക് മെല്ലെ പറഞ്ഞു, തണുത്തത് മതി, അതാ നല്ലത്… ദാ ഇപ്പൊ വരാം എന്ന് പറഞ്ഞ് ആൻ മേരി കിച്ചനിലേക്ക് പോയി. ആ സമയം അയാൾ ആ മുറിയെല്ലാം ഒന്നു വിശദമായി നോക്കി കണ്ടു. എല്ലാം വളരെ നന്നായ് അടുക്കും ചിട്ടയോടും കൂടി അറേഞ്ച് ചെയ്തിരിക്കുന്നു. ആൻ മേരി ട്രേയിൽ രണ്ടു മനോഹരമായ ചില്ലുഗ്ലാസ്സുകളിൽ ഷേയ്ക്കുമായ് വന്നു. എടുക്കൂ അവർ ട്രേ അയാളുടെ അടുത്തേക്കടുപ്പിച്ചു. ട്രേയിൽ നിന്നും ഗ്ലാസ്സെടുക്കുമ്പോൾ ബെനഡിക് അറിയാത്ത പോലെ ആൻ മേരിയുടെ കൈവിരലുകളിൽ സ്പർസിച്ചു. അവൾ അയാളുടെ മുഖത്ത് നോക്കി ഒന്നു മന്ദഹസിച്ചു. ഷേയ്ക്ക് രുചിച്ച അയാൾ പറഞ്ഞു, നന്നായിരിക്കുന്നു ഇളനീർ ഷെയ്ക്കാണല്ലെ? ഞാനിത് ആദ്യമായാണ് കഴിക്കുന്നത്. പിന്നെ അവർ നിശബദരായ് മുഖത്തോടു മുഖം നോക്കി കുറച്ചു നേരമിരുന്നു. ഡോക്ടർ എന്നാണ് തിരിച്ചു വരുന്നത്? രണ്ടു ദിവസം കഴിഞ്ഞ് ബെനഡിക്കിന്റെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് ആൻ മേരി മറുപടി നൽകി. പിന്നെയും കുറെ നേരം അവർ സംസാരിച്ചിരുന്നു. എന്നാൽ ഞാനിറങ്ങട്ടെ, യാത്ര പറഞ്ഞ അയാൾ അപ്രതീക്ഷിതമായി ആൻ മേരിയുടെ ഇരു കരങ്ങളും കവർന്നുകൊണ്ടു പറഞ്ഞു, ഞാൻ നാളെ രാത്രിവരും. മറുപടിക്കു കാക്കാതെ അയാൾ കതകു തുറന്ന് പുറത്തിറങ്ങി. വേണ്ട എന്നവൾ പറഞ്ഞെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. കതകടച്ച് തിരിച്ച് സോഫയിൽ വന്നിരുന്നപ്പോഴേക്കും മനസിൽ ഒരു കുറ്റബോധത്തിന്റെ അസ്വസ്തത നിറഞ്ഞു. വേണ്ടാ, ഇതിവിടെ വെച്ച് അവസാനിപ്പിക്കുന്നതാണ് നിനക്ക് നല്ലത്. മനസാക്ഷി അവളെ വിലക്കി. പക്ഷെ മനസ്സ് പിടി തരാതെ കുതറുകയാണ്. ഡോക്ടർ അലക്സാണ്ടറുടേയും, ബെനഡിക്കിന്റെയും മുഖം മാറി, മാറി മനസിൽ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു. എന്നാൽ പിശാചവളുടെ മനസിനെ ഒടുവിൽ കീഴടക്കി. ഒന്നും സംഭവിക്കാത്ത പോലെ ആ ദിവസവും കടന്നുപോയി. അന്ന് ക്ലിനിക്കിൽ പോകുന്നില്ലെന്ന് ഉറപ്പിച്ചതാണ്. പക്ഷെ ഡോക്ടർ അശ്വിൻ ജോയ് അറ്റൻഡറെ അയച്ച് ആൻ മേരിയെ അത്യാവശ്യമായ് വിളിപ്പിച്ചു. അദ്ദേഹത്തിന് ടൗണിലെ വീടുവരെ അത്യാവശ്യമായി ഒന്നു പോകേണ്ടിവന്നിരിക്കുന്നു. ഡോക്ടർ അലക്സാണ്ടറില്ലാത്തപ്പോൾ എങ്ങിനെ പോകും. രണ്ടു പേരും ചർച്ച ചെയ്ത്അവസാനം ഒരു തീരുമാനത്തിലെത്തി. ഇന്ന് വലിയ തിരക്കില്ലാത്ത ദിവസമല്ലെ, വൈകീട്ട് ഏഴു മണിക്ക് ശേഷം പോകാം. അപ്പോഴെക്കും ഒരു വിധം രോഗികളുടെ വരവ് കുറയും. ആൻ മേരിക്കന്ന് സമയം വളരെ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ഉച്ചക്ക് 2 മണിയോടെ വീട്ടിലേക്ക് വന്ന ആൻ മേരി അന്നു പിന്നെ ക്ലിനിക്കിലേക്ക് പോയതേയില്ല. ദിവസവും രാവിലെ വരാറുള്ള ബെനഡിക്കിനെ ഇതുവരെ കണ്ടതുമില്ല. ആൻ മേരി തന്നെ നായകൾക്ക് ഡോഗ് ഫുഡ് കൊടുക്കുന്ന ജോലിയും ഏറെറടുത്തു. അവൾക്ക് സമയം ഇരുട്ടും തോറും ഹൃദയമിടിപ്പ് വര്‍ധിച്ചു. പാടില്ലാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ ഒരു തോന്നൽ. എന്നാലുമവൾ അയാൾക്കു വേണ്ടി കാത്തിരുന്നു.
രാത്രി ഒൻപത്‌മണി കഴിഞ്ഞു, ഇനി ബെനഡിക് വരില്ലായിരിക്കും, വരാതിരിക്കട്ടെ ആൻ മേരി അങ്ങിനെയും ചിന്തിച്ചു. പക്ഷെ ആ ചിന്തകൾക്കു വിരാമമിട്ടു കൊണ്ട് കോളിംഗ് ബെൽ ശബ്ദിച്ചു. ഹൃദയമിടിപ്പ് വര്‍ധിച്ചു, വിറക്കുന്ന കൈകളോടെ ഡോക്ടർ അലക്സാണ്ടറുടെ മാത്രം സ്വന്തം ആൻ, മറ്റൊരാൾക്കു വേണ്ടി കതകു തുറന്നു. ബെനഡിക് നിറഞ്ഞ ചിരിയോടെ മുൻപിൽ, അയാൾ അകത്തു കടന്നതും അവൾ പെട്ടന്നുതന്നെ കതകടച്ച് കുറ്റിയിട്ടു. തുടർന്നെല്ലാം അപ്രതീക്ഷിതമായിരുന്നു. വന്യമായ ആവേശത്തോടെ ബെനഡിക് ആൻ മേരിയെ തന്റെ ശരീരത്തോട് ചേർത്ത് ശക്തിയോടെ ആശ്ലേഷിച്ചു. ആകരുത്തിൽ അവൾ അയാളുടെ മാറിൽ ഞെരിഞമർന്നു. ഒട്ടും ക്ഷമയില്ലാതെ അവനവളെ കോരിയെടുത്ത് ബെഡ് റൂമിലേക്ക് കടന്നു. കിടക്കയിൽ ആൻമേരി ഒരു പ്രതിരോധരുമില്ലാതെ അയാൾക്കു വഴങ്ങി. തളർച്ചയുടെ ഏതോ യാമത്തിൽ രണ്ടു പേരും സുഖകരമായ മയക്കത്തിലേക്കമർന്നു. കോളിംഗ് ബെൽ ശബ്ദിക്കുന്ന ശബ്ദമാണവരെ ഉണർത്തിയത്. ബെനഡിക് റിസ്റ്റ് വാച്ചിൽ നോക്കി സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. രണ്ടും പേരും ചാടിയെഴുന്നേറ്റു. ആരായിരിക്കും ഈ അസമയത്ത്. ആൻ മേരി ആകെ പരിഭ്രമിച്ചു. വസ്ത്രമെല്ലാം ഒരു വിധം ധരിച്ചപ്പോഴേക്കും അടുത്ത ബെല്ലും മുഴങ്ങി. ബെനഡിക്കിനെ മുറിയിലിരുത്തി കതടച്ച് ആൻ മേരി പുറത്ത് കടന്ന് പൂമുഖ വാതിൽ പഴുതിലൂടെ പുറത്തേക്ക് നോക്കി. ഒരു നിമിഷം ഇടിവെട്ടേറ്റ പോൽ അവൾ തരിച്ചു നിന്നു. ഡോ. അലക്സാണ്ടർ. ദേഹമാസകലം വിറക്കാനും വിയർക്കാനും തുടങ്ങി. യാന്ത്രികമായി ആൻ കതകു തുറന്നു. ആൻ നിനക്കെന്തു പറ്റി, ഡോക്ടർ ഭാര്യയുടെ ഭാവം കണ്ട് പരിഭ്രമിച്ചു. ഒന്നും മിണ്ടാതെ നിൽക്കുന്ന ആൻ മേരിയോട് ഡോക്ടർ പറഞ്ഞു, പെട്ടന്ന് ഇങ്ങോട്ട് പോരണമെന്നു തോന്നി ഞാനിങ്ങു പോന്നു. ആൻ മേരി പൊട്ടി കരഞ്ഞു കൊണ്ട് ഡോക്ടറുടെ കാൽക്കൽ വീണു. ഞാൻ ശപിക്കപ്പെട്ടവളാണ്. ശപിക്കപ്പെട്ടവളാണ് ഒരു ഭ്രാന്തിയേപ്പോലെ ഉച്ചത്തിൽ ആൻ മേരി അലറികരഞ്ഞു. പകച്ചു നിന്ന ഡോക്ടറുടെ മുന്നിലേക്ക് ബെഡ് റൂമിൽ നിന്നും ബെനഡിക്ക് നടന്നു വന്നു. ഒന്നും വിശ്വസിക്കാനാകാതെ ആ പാവം മനുഷ്യൻ സ്തംഭിച്ചു നിന്നു. ശിരസ്സുയർത്താതെ ആ ഡെവിൾ പുറത്തേക്ക് കടന്നുപോയി. കാലിൽ കെട്ടിപിടിച്ചു കരയുന്ന ആൻ മേരിയെ രണ്ടു കൈ കൊണ്ടും പിടിച്ചുയർത്തി. പിന്നെ ആൻ മേരിയുടെ ചുണ്ടിലും, തിരുനെറ്റിയിലും അമർത്തി ചുംബിച്ച ശേഷം ഒന്നും മിണ്ടാതെ ആൻ മേരിയെ തന്നിൽ നിന്നും അകററി മാറ്റി അദ്ദേഹം ബെഡ് റൂമിലേക്ക് പോയി. ആൻ മേരി അവിടെ തന്നെ നിലത്ത് കമിഴ്ന്ന് കിടന്ന് പൊട്ടികരഞ്ഞു കൊണ്ടേയിരുന്നു. എന്തോ നിശ്ചയിച്ച പോലെ ഡോക്ടർ മരുന്നുകൾ സൂക്ഷിക്കുന്ന അലമാര തുറന്ന്, ഒരു ചെറിയ ബോട്ടിൽകൈയ്യിലെടുത്തു. അതിലിങ്ങനെ എഴുതിയിരുന്നു കാർ ഫെന്റാനിൽ ഇഞ്ചക്ഷൻ. മാരകമായ വിഷമാണ്. സമയമേറെ കടന്നു പോയി, പരിഭ്രാന്തയായ ആൻ മേരി പിടഞ്ഞെണീറ്റ് ബെഡ്റൂമിലേക്കോടി. അവിടെ ചാരുകസേരയിൽ നിശ്ചലനായി ഡോ. അലക്സാണ്ടർ കിടപ്പുണ്ട്. അവൾ അദ്ദേഹത്തെ കുലുക്കി വിളിച്ചു. അലക്സേട്ടാ.. ഇല്ല അവൾക്കു മനസിലായി തന്റെ പ്രിയപ്പെട്ട ഭർത്താവ് ഒരു വാക്ക് പോലും മിണ്ടാതെ എന്നന്നേക്കുമായി യാത്ര പറഞ്ഞിരിക്കുന്നു. ആൻ മേരി മെല്ലെ കണ്ണുതുറന്നു. ഓർമ്മകൾ തന്നെ ജീവിതകാലം മുഴുവൻ വേട്ടയാടി കൊണ്ടേയിരിക്കും. തനിക്കിനി ഈ ലോകത്ത് ജീവിക്കാനാകില്ല, അതിനവകാശമില്ല. മരണമെന്ന ശിക്ഷ താൻ ഏറ്റുവാങ്ങിയേ തീരൂ. ഒരുറച്ച തീരുമാനത്തോടെ കിടക്കയിൽ നിന്നും എഴുന്നേറ്റ അവൾ മെല്ലെ ബാത്ത്റൂമിലേക്ക് നടന്നു. അവിടെ ഷെൽഫിലിരുന്ന ബ്ലെയിടെടുത്ത്, ധൈര്യപൂർവം തന്റെ ഇടത്തെ കൈ തണ്ടയിലെ ഞരമ്പ് ശക്തിയായ് അമർത്തി മുറിച്ചു. ചുടുരക്തം ചീറ്റിയൊഴുകി. മെല്ലെ ആൻ മേരി തറയിലേക്കിരുന്നു. ബോധം കുറെശ്ശെയായ് മറയുമ്പോൾ അവൾ ഇങ്ങിനെ പറഞ്ഞു കൊണ്ടിരുന്നു. മാപ്പ്, അലക്സേട്ടാ മാപ്പ്. പിന്നെ ആ ശബ്ദവും നിലച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.