രാജാജി മാത്യു തോമസ്

January 13, 2020, 8:35 am

സുലൈമാനി വധം: പശ്ചിമേഷ്യയില്‍ പ്രതിഫലിക്കുന്നത് യുഎസ് ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷം

Janayugom Online

ലോകജനതയെയാകെ മറ്റൊരു യുദ്ധഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസമായിരുന്നു ഇറാന്റെ വരേണ്യ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡിന്റെ പ്രച്ഛന്ന വിദേശവിഭാഗമായ ക്വാഡ്സ് സേനാ കമാന്‍ഡര്‍ ജനറല്‍ ക്വാസെം സുലൈമാനിയുടെയും സംഘത്തിന്റെയും കൂട്ടക്കൊല. നയതന്ത്ര ദൗത്യത്തിന്റെ മറവില്‍ യുഎസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശാനുസരണം ബാഗ്ദാദിലേക്ക് ക്ഷണിച്ചുവരുത്തിയ സുലൈമാനിയെ ആസൂത്രിത ചതിയിലൂടെ യുഎസ് വകവരുത്തുകയായിരുന്നു. ഇക്കൊല്ലം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, എണ്ണ, പ്രകൃതിവാതകം, യുറേനിയം നിക്ഷേപവും അതിന്റെ വിനിയോഗവും; ഇസ്രയേല്‍ തുടങ്ങി ഐഎസ്, സൗദി അറേബ്യ, സുന്നി-ഷിയാ കുടിപ്പകകള്‍ വരെ അതീവ സങ്കീര്‍ണമായ വിഷയങ്ങളുടെ പശ്ചാത്തലത്തിലേ ഈ സംഭവവികാസങ്ങള്‍ വിലയിരുത്താനാവൂ. അതില്‍ പ്രഥമവും പ്രധാനവും പ്രസിഡന്റ് തെര‍ഞ്ഞെടുപ്പും അതിന് പശ്ചാത്തലമൊരുക്കുന്ന യുഎസ് ആഭ്യന്തര രാഷ്ട്രീയവും തന്നെ.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിലും ജനപ്രതിനിധിസഭയും യുഎസ് ജനാധിപത്യത്തെ നോക്കുകുത്തിയാക്കി മാറ്റിയ പ്രസിഡന്റ് ട്രംപും തമ്മിലുള്ള രൂക്ഷമായ അധികാര തര്‍ക്കവും പശ്ചിമേഷ്യന്‍ സംഭവവികാസങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നു. പ്രസിഡന്റിന്റെ അമിതാധികാരവും ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയസാധ്യതകളും ഒരുപോലെ വെല്ലുവിളിക്കപ്പെടുകയാണ്. യുദ്ധം പ്രഖ്യാപിക്കാനുള്ള ജനപ്രതിനിധിസഭയുടെ അവകാശം പുനഃസ്ഥാപിക്കാനും ഏകപക്ഷീയമായി സൈനിക നടപടികള്‍ കൈക്കൊള്ളാനുള്ള പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതുമായ ഒരു പ്രമേയം ജനുവരി ഒമ്പത്, വ്യാഴാഴ്ച യുഎസ് കോണ്‍ഗ്രസ് പാസാക്കി. അതിന്റെ പ്രായോഗികത എന്തുതന്നെയായാലും പ്രമേയം പ്രതിക്കൂട്ടിലാക്കുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയാണ്. ജനുവരി മൂന്നിന്, വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്ത് ഇറാന്റെ ജനറല്‍ ക്വാസെം സുലൈമാനിയുടെയും സംഘത്തിന്റെയും കൂട്ടക്കൊലയ്ക്കു കാരണമായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദി പ്രസിഡന്റ് ട്രംപ് തന്നെയെന്നാണ് ജനപ്രതിനിധിസഭയുടെ പ്രമേയത്തിന്റെ അന്തസത്ത അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തുന്നത്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും കടുത്ത നയതന്ത്ര ചതിയുടെയും കൊടിയ അധികാരദുരയുടെയും ഭീകര മുഖമാണ് സുലൈമാനിയുടെയും സംഘത്തിന്റെയും കൂട്ടക്കൊല അനാവരണം ചെയ്യുന്നത്.

സംഘര്‍ഷനിര്‍ഭരമായ പശ്ചിമേഷ്യയില്‍ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ പേരിലാണ് ട്രംപ് സുലൈമാനിക്കും സംഘത്തിനും കെണി ഒരുക്കിയത്. ഇറാനും സൗദി അറേബ്യയും തമ്മില്‍ അനുര‍ഞ്ജനത്തിന് വേദിയൊരുക്കണമെന്ന ട്രംപിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇറാഖ് പ്രധാനമന്ത്രി അദില്‍ അബ്ദുള്‍-മഹ്ദി സുലൈമാനിയെ ബാഗ്ദാദിലേക്ക് ക്ഷണിച്ചുവരുത്തിയത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന യു എസ് പ്രസിഡന്റ്പദവി വഹിക്കുന്ന ട്രംപിന്റെ കൊടും ചതിയും ഭീരുത്വവുമാണ് ലോകത്തെ മുള്‍മുനയിലാക്കിയ ദുരന്തം തുറന്നുകാട്ടുന്നത്. പ്രധാനമന്ത്രി മഹ്ദി തന്നെയാണ് ജനുവരി അ‍ഞ്ചിന് ഞായറാഴ്ച ഇക്കാര്യം ഇറാഖ് പാര്‍ലമെന്റിനെ അറിയിച്ചത്. ലോകത്തെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യം എന്നാണ് യുഎസ് സ്വയം വിശേഷിപ്പിക്കുന്നത്. അത് തികച്ചും അര്‍ത്ഥശൂന്യമാണെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. നിശ്ചിത ഇടവേളകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതൊഴിച്ചാല്‍ യുഎസ് ആഭ്യന്തര രാഷ്ട്രഘടനയിലോ അതിന്റെ ഇതപര്യന്തമുള്ള വിദേശനയപരിപാടികളിലോ ആ ജനാധിപത്യ അന്തസ്സത്ത പ്രകടമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുഎസ് ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഏറ്റവും വിഹ്വലങ്ങളായ പ്രതിഫലനങ്ങളാണ് ആ രാഷ്ട്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഭവവികാസങ്ങളില്‍ ഓരോന്നിലും പ്രകടമാകുന്നത്.

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ കലുഷിതമാക്കിയ ആഭ്യന്തര രാഷ്ട്രീയമാണ് ഇപ്പോഴത്തെ പശ്ചിമേഷ്യന്‍ സംഭവവികാസങ്ങളിലേക്ക് നയിച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ സാധ്യതകള്‍ക്ക് നിഴല്‍വീഴ്ത്തുന്ന സംഭവവികാസങ്ങള്‍ക്കാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്. ട്രംപിനെതിരെ യുഎസ് ജനപ്രതിനിധിസഭ (കോണ്‍ഗ്രസ്) അധികാരദുര്‍വിനിയോഗത്തിനും സഭാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിനും വിചാരണയ്ക്കായി കുറ്റപത്രം തയാറാക്കിയിരിക്കുന്നു. 2016 ലെ തെര‍ഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ട്രംപ് റഷ്യയുടെ സഹായം തേടിയെന്നും അത് ലഭിച്ചുവെന്നും ആരോപണം ഉയരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇത്തവണ തെര‍ഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളിയെന്ന് കരുതുന്ന ജോ ബൈഡനെതിരെ അന്വേഷണം നടത്താന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമെയര്‍ സെലന്‍സ്കിയുടെമേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപണം ഉയര്‍ന്നു. റഷ്യയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന ഉക്രെയ്‌ന് കോണ്‍ഗ്രസ് അംഗീകരിച്ച 390 ദശലക്ഷം ഡോളറിന്റെ സൈനിക സാമ്പത്തിക സഹായം തടയുമെന്ന ഭീഷണി ഉയര്‍ത്തി തന്റെ പ്രതിയോഗിക്കെതിരെ അന്വേഷണം നടത്താനാണ് ട്രംപ് സെലന്‍സ്കിയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ക്ക് നിയന്ത്രണമുള്ള കോണ്‍ഗ്രസ് വിശദമായ തെളിവെടുപ്പ് നടത്തി. അത് തടയാനും സാക്ഷികളെ പിന്തിരിപ്പിച്ച് തെളിവെടുപ്പ് അട്ടിമറിക്കാനും ട്രംപ് നേരിട്ട് നേതൃത്വം നല്‍കി.

കോണ്‍ഗ്രസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കുറ്റപത്രം അംഗീകരിച്ച് വിചാരണയ്ക്കായി സെനറ്റിനെ സമീപിക്കുന്നതിന് തീരുമാനമെടുത്തു. തെര‍ഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ട്രംപിനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉടനീളം പിന്തുടര്‍ന്ന വിവാദ പരമ്പരകള്‍ക്കു പുറത്ത് കോണ്‍ഗ്രസിന്റെ ഔപചാരിക വിചാരണാശ്രമം കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നു. യാഥാസ്ഥിതിക വലതുപക്ഷം അരങ്ങുവാഴുന്ന പല സമൂഹങ്ങളിലുമെന്നപോലെ യുഎസും തീവ്ര സാമൂഹ്യ മഥനപ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. അളവറ്റ ധനശക്തിയും വംശീയതയിലും വിദ്വേഷത്തിലും അധിഷ്ഠിതമായ തീവ്രദേശീയതയും തെരഞ്ഞെടുപ്പില്‍ തുണച്ചേക്കില്ലെന്ന ആശങ്ക മറ്റാരെക്കാളും ട്രംപിനുണ്ട്. ഈ രാഷ്ട്രീയ അനിശ്ചിതത്വത്തെ മറികടക്കാനുള്ള ആഗോള രാഷ്ട്രീയ ആഖ്യാനം രചിക്കാനാണ് ട്രംപിന്റെ ശ്രമം. ആ നാടകമാണ് പശ്ചിമേഷ്യയില്‍ അരങ്ങേറുന്നത്. ഏറ്റക്കുറച്ചിലുകളോടെ യുഎസ് പ്രസിഡന്റുമാര്‍, ഡമോക്രാറ്റുകളെന്നോ റിപ്പബ്ലിക്കുകളെന്നോ വ്യത്യാസം കൂടാതെ, കാലാകാലങ്ങളായി പയറ്റിത്തെളിഞ്ഞ അന്താരാഷ്ട്ര കുടിലതന്ത്രങ്ങളുടെ ഏറെ വികൃതമായ ആവര്‍ത്തനത്തിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്. 9/11ന് ന്യൂയോര്‍ക്കിലും വാഷിങ്ടണിലും അരങ്ങേറിയ അല്‍ക്വയ്ദ ഭീകരാക്രമണമാണ് ഇന്നത്തെ നിലയില്‍ യുഎസ് പ്രസിഡന്റിന് അനിയന്ത്രിതമായ യുദ്ധാധികാരം നല്‍കുന്ന നിയമനിര്‍മ്മാണത്തിന് ജനപ്രതിനിധിസഭയെ നിര്‍ബന്ധിതമാക്കിയത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ‘സൈനിക ശക്തി വിനിയോഗിക്കാനുള്ള ഭരണഘടനാപരമായ അവകാശം’ കോണ്‍ഗ്രസ് അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന് തീറെഴുതുകയായിരുന്നു. അതാണ് പിന്നീട് യുഎസിന്റെ ഇറാഖ് അധിനിവേശത്തിനും സദ്ദാം ഹുസൈന്റെയും ആയിരക്കണക്കിന് ഇറാഖികളുടെയും കൊലകള്‍ക്കും കാരണമായത്. അതാണ് പിന്നീട് ലിബിയ, യെമന്‍, എത്വോപ്യ, സോമാലിയ, എറിട്രിയ, കെനിയ, ജോര്‍ജ്ജിയ, ഫിലിപ്പൈന്‍സ് തുടങ്ങി ലോകത്തുടനീളം വിനാശകരമായ യുഎസ് സായുധ ഇടപെടലുകള്‍‍ക്കും കൂട്ടക്കൊലകള്‍ക്കും വഴിതെളിച്ചത്. മനുഷ്യചരിത്രത്തില്‍ അനിയന്ത്രിതമായ ഹിംസയ്ക്കും ദുരന്തങ്ങള്‍ക്കും മറ്റൊരു ഭരണാധികാര സ്ഥാപനവും യുഎസ് പ്രസിഡന്റിന് സമാനമായി ഉണ്ടായിട്ടില്ലെന്നുവേണം കരുതാന്‍. ഇതുവഴി യുഎസ് യുദ്ധോപകരണ നിര്‍മ്മാണ കോര്‍പ്പറേഷനുകള്‍ ആയിരക്കണക്കിനുകോടി ഡോളറിന്റെ ലാഭം കൊയ്തതായാണ് കണക്കാക്കപ്പെടുന്നത്. യുദ്ധവ്യവസായത്തില്‍ അധിഷ്ഠിതമായ സമ്പദ്ഘടനയാണ് യുഎസ് രാഷ്ട്രീയത്തിന്റെ ചരടുവലിക്കുന്നത്. അനിയന്ത്രിതമായ ആ അധികാരത്തിന് കടി‍ഞ്ഞാണിടാന്‍ യുഎസ് കോണ്‍ഗ്രസ് തന്നെ വ്യാഴാഴ്ച മുന്നോട്ടുവന്നുവെന്നത് സുലൈമാനി സംഘത്തിന്റെ കൂട്ടക്കൊലയുടെ ഉത്തരവാദി ട്രംപാണെന്ന് അനിഷേധ്യമായി തെളിയിക്കുന്നു. 194 നെതിരെ 244 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച സംശയങ്ങള്‍ നിലനില്‍ക്കുന്നു.

റിപ്പബ്ലിക്കന്മാര്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയത്തിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍പോലും പ്രസിഡന്റ് ആസ്വദിച്ചുപോരുന്ന അമിതാധികാരത്തിന് കടിഞ്ഞാണിടാന്‍ ആവുമോ എന്നത് സംശയമാണ്. എന്നിരിക്കിലും യുഎസ് ജനപ്രതിനിധിസഭ പ്രസിഡന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുവെന്നത് നല്‍കുന്ന സന്ദേശം ആ രാജ്യത്തെ ജനതയുടെ ധാര്‍മ്മിക വിജയമായിതന്നെ കണക്കാക്കപ്പെടും. സുലൈമാനി വധത്തിന് തിരിച്ചടിയെന്നോണം ഇറാന്‍ യുഎസിന്റെ ഇറാഖിലെ സൈനിക താവളങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അതിനു പിന്നാലെ വൈറ്റ് ഹൗസിന്റെ നടുത്തളത്തില്‍ ട്രംപ് നടത്തിയ ഔപചാരിക പ്രഖ്യാപനവും ഇറാന്റെ പ്രതികരണവും അന്തരീക്ഷത്തില്‍ തെല്ല് അയവുവരുന്നതായാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് കരുതാനാവില്ല. യുഎസ് കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ പശ്ചിമേഷ്യയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യന്തം ഉല്‍ക്കണ്ഠാജനകമായ അന്തരീക്ഷമാണ് മേഖലയില്‍ നിലനില്‍ക്കുന്നത്. യുഎസും നാറ്റോയുമടക്കം പാശ്ചാത്യശക്തികളുടെ പിന്മാറ്റവും മേഖലയിലെ ഭരണകൂടങ്ങളും ഇതര രാഷ്ട്രീയശക്തികളും തമ്മില്‍ നടക്കുന്ന ജനാധിപത്യപരമായ സമാധാന, അനുര‍ഞ്ജന ശ്രമങ്ങള്‍ക്കും മാത്രമെ അവിടെ സാധാരണനില പുനഃസ്ഥാപിക്കാന്‍ സഹായകമാവൂ. അതാവട്ടെ പശ്ചിമേഷ്യയുടെ ജനാധിപത്യവല്‍ക്കരണവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മേഖലയിലെ എണ്ണ‑പ്രകൃതിവാതക സമ്പത്തില്‍ കണ്ണുനട്ടിരിക്കുന്ന യുഎസും പാശ്ചാത്യ മുതലാളിത്ത ശക്തികളും അതിന് അനുവദിക്കുമെന്നു കരുതാനാവില്ല.

(അവസാനിക്കുന്നില്ല)

Eng­lish sum­ma­ry: Suleimani Assas­si­na­tion: Reflect­ing US Domes­tic Polit­i­cal Con­flict in West Asia