വാഷിങ്ടൺ: ഇറാനിലെ സാംസ്കാരിക കേന്ദ്രങ്ങളുടെ നേർക്ക് ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തെ ന്യായീകരിച്ച് ഡൊണാൾഡ് ട്രംപ് രംഗത്ത്. ട്രംപിന്റെ പ്രഖ്യാപനത്തെ യുദ്ധക്കുറ്റകൃത്യമായാണ് ലോകം വിലയിരുത്തുന്നത്. ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് തിരിച്ചടിക്കാൻ ഒരുങ്ങിയാൽ ഇറാനിലെ 52 സാംസ്കാരിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇറാഖില്‍ നിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കാനുള്ള പാർലമെന്റ് തീരുമാനത്തെയും ട്രംപ് അപലപിച്ചു. ഉപരോധങ്ങളുമായി ഈ തീരുമാനത്തെ നേരിടുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാൻ‑ഇറാഖ് സാംസ്കാരിക പൈതൃകവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന അതീവ പ്രാധാന്യമുള്ള കേന്ദ്രങ്ങളെ അടക്കം തീവ്രമായി ആക്രമിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഔദ്യോഗിക ഹെലികോപ്റ്റർ എയർഫോഴ്സ് വണിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് ട്രംപ് തന്റെ പ്രസ്താവനകൾക്ക് ന്യായങ്ങൾ നിരത്തിയത്. അവരെ ഞങ്ങളുടെ ജനങ്ങളെ കൊല്ലാൻ അനുവദിക്കണം, അവരെ പീഡിപ്പിക്കാനും. ഞങ്ങളുടെ പാതകളിൽ അവർക്ക് ബോംബ് വർഷിക്കാം, ഞങ്ങളുടെ ജനങ്ങളെ കത്തിക്കാം, ഞങ്ങൾക്ക് അവരുടെ സാംസ്കാരിക കേന്ദ്രങ്ങൾ തൊട്ടുകൂടാ. അത് സാധ്യമല്ല- എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
സാംസ്കാരിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ജനീവ‑ഹേഗ് രാജ്യാന്തര ഉടമ്പടികൾ നിരോധിച്ചിട്ടുണ്ട്. പൈതൃക കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിനെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഏകകണ്ഠമായി ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. ട്രംപിന്റെ ആക്രമണ പദ്ധതികളിലൂടെ ധാരാളം സാധാരണക്കാരുടെ ജീവനുകളും നഷ്ടമാകുമെന്നുറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.