സ്വന്തം ലേഖകൻ

തിരുവനന്തപുരം

March 24, 2021, 8:33 pm

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനൽചൂടും കഠിനം

വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു
Janayugom Online

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനൽച്ചൂടിനും കാഠിന്യമേറുന്നു. മാർച്ച് ആദ്യത്തോടെ സംസ്ഥാനം കടുത്ത ചൂടിലേക്കാണ് കടന്നത്. ഇപ്പോള്‍ തന്നെ ശരാശരി 35 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത് ചൂട് അനുഭവപ്പെടുന്നുണ്ട്. വേനല്‍ മാസം തുടങ്ങുന്നതോട് കൂടി ചൂട് വീണ്ടുമുയരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പും വേനലും ഒരുമിച്ചെത്തിയതോടെ പ്രതിദിന വൈദ്യുതി ഉപയോഗത്തിലും വലിയ വർധനവാണുണ്ടായിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിലെ റെക്കോഡ് വൈദ്യുതി ഉപയോഗം മാർച്ച് 19 ന് രേഖപ്പെടുത്തി. സാധാരണ വേനൽ കടുക്കുന്ന മെയ് മാസത്തിലാണ് റെക്കോഡുകൾ പിറക്കുന്നത്. മാർച്ച് 19 ന് വൈദ്യുതി ഉപയോഗം സർവ റെക്കോഡുകളും ഭേദിച്ച് 8.84 കോടി യൂണിറ്റിലെത്തി. 2019 മെയ് 23‑ലെ 8.83 കോടി യൂണിറ്റ് ഉപയോഗമായിരുന്നു പഴയ റെക്കോഡ്. കാലാവസ്ഥ വ്യതിയാനത്തിലൂടെ ഫെബ്രുവരിയിൽ തന്നെ ചൂട് കൂടിയതാണ് ഉപഭോഗം കൂടാൻ കാരണമെന്നാണ് നിഗമനം. 

രാത്രി പത്ത് മണിക്ക് ശേഷമാണ് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നത്. രാത്രിയില്‍ ചൂട് കൂടുന്നത് നിമിത്തം എസികളുടെ ഉപയോഗം കൂടുന്നതും ഇതിന് കാരണമാകുന്നു. കഴിഞ്ഞവർഷം 6.7 കോടി യൂണിറ്റായിരുന്നു കേരളത്തിലെ പ്രതിദിന ശരാശരി ഉപയോഗം. ഇത്തവണ മാർച്ചിൽ ഇതുവരെയുള്ള ശരാശരി 8.17 കോടി യൂണിറ്റാണ്. വരും ദിവസങ്ങളിലും വൈദ്യുതി ഉപയോഗം ഇനിയും കൂടാനാണ് സാധ്യത. വൈദ്യുതി ഉപയോഗം കൂടിയതോടെ ഉല്പാദനവും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. 

ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.നിര്‍ജലീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തടയാൻ കുടിവെള്ളം എപ്പോഴും കുപ്പിയില്‍ കരുതുകയും കുടിക്കുകയും ചെയ്യണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടണം. 

Eng­lish Sum­ma­ry : Sum­mer heat in Kerala

You may also like this video :