വേനല്‍ക്കാല പരിചരണം കോഴികള്‍ക്ക്

Web Desk
Posted on March 24, 2018, 10:47 am

വേനല്‍ക്കാല പ്രശ്‌നങ്ങളായ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും കോഴികളില്‍ ഉണ്ടാക്കുന്ന കൂടിയ ശാരീരിക സമ്മര്‍ദ്ദം രോഗപ്രതിരോധശേഷിയേയും, ഉത്പാദനക്ഷമതയേയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രതിസന്ധി തരണം ചെയ്യുവാനായി കര്‍ഷകര്‍ കൈക്കൊള്ളുന്ന ചില മുന്‍കരുതലുകളെക്കുറിച്ചുള്ള വിശദീകരണങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

1. കോഴിക്കൂടിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ സൂര്യരശ്മികള്‍ നേരിട്ട് പതിക്കാതിരിക്കാന്‍ കിഴക്കു പടിഞ്ഞാറേ ദിശയിലാണ് കൂടുകള്‍ സ്ഥാപിക്കേണ്ടത്.
2. കൂടിനുള്ളില്‍ ധാരാളം വായുസഞ്ചാരം ഉറപ്പുവരുത്തുന്ന രീതിയില്‍ വേണം കൂടുകള്‍ പണിയാന്‍. വശങ്ങളില്‍ മാറാലയും പൊടിയും അടിഞ്ഞു കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.
3. വശങ്ങളില്‍ മരത്തണലുകള്‍ ഉള്ള സ്ഥലങ്ങള്‍ കൂടു പണിയാനായി തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
4. മേല്‍ക്കൂരയുടെ ചായ്‌വ് മൂന്ന് മുതല്‍ അഞ്ച് അടിവരെ നീട്ടിക്കൊടുക്കുന്നത് കൂടിനുള്ളില്‍ ഏല്‍ക്കുന്ന വെയിലിന്റെ അളവ് കുറയ്ക്കും.
5. മേല്‍ക്കൂരയിലെ ചൂടിന്റെ ആഗിരണം കുറയ്ക്കാന്‍ മേല്‍ക്കൂര വെള്ള പൂശുകയോ, ചാക്ക്, വൈക്കോല്‍, ഓല എന്നിവ വിരിക്കുകയോ ചെയ്യുക. ചൂട് കൂടുതലുള്ള ഉച്ചനേരങ്ങളില്‍ മേല്‍ക്കൂര നനച്ചുകൊടുക്കുന്നതും നല്ലതാണ്.
6. വലിയ ഫാമുകളില്‍ ചൂടുവായു പുറത്തേക്ക് വലിച്ചു കളയുന്നതിനായി മേല്‍ക്കൂരയില്‍ ‘ടര്‍ബോ’ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതും വശങ്ങളില്‍ വായു പുറത്തേക്ക് കളയുവാന്‍ ഫാനുകള്‍ ഘടിപ്പിക്കുന്നതും ഏറെ പ്രയോജനപ്രദമാണ്.
7. അന്തരീക്ഷ ഊഷ്മാവ് ഉയരുന്ന ഉച്ചനേരങ്ങളില്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ‘ഫോഗറുകള്‍’ ഉപയോഗിച്ച് കൂടിനകത്ത് ഒന്നോ രേണ്ടാ മിനിറ്റ് വെള്ളം സ്‌പ്രേചെയ്യുന്നത് നല്ലതാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പം (ആര്‍ദ്രത) കൂടിയ നേരങ്ങളില്‍ അതായത് മഴക്കാറുള്ള ദിവസങ്ങളിലും, ചൂട് കുറഞ്ഞ കാലത്തും വൈകിട്ടും ഇങ്ങനെ സ്‌പ്രേ ചെയ്യുന്നത് അഭികാമ്യമല്ല.
8. നിര്‍ജ്ജലീകരണത്തിന് സാധ്യതയേറിയ വേനല്‍ക്കാലങ്ങളില്‍ ശരീരത്തില്‍ വെള്ളത്തിന്റെ ആവശ്യം മൂന്നോ നാലോ ഇരട്ടി വര്‍ദ്ധിക്കുന്നതുകൊണ്ട് കുടിക്കാനായി തണുപ്പുള്ള ശുദ്ധജലത്തിന്റെ ലഭ്യത എപ്പോഴും ഉറപ്പാക്കണം. വയറിളക്കം പോലുള്ള രോഗങ്ങള്‍ വേനല്‍ക്കാലത്ത് കൂടുതലായി കണ്ടുവരുന്നതുകൊണ്ട് കുടിക്കാനായി കൊടുക്കുന്ന വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡറോ, മാര്‍ക്കറ്റില്‍ ലഭ്യമായ അണുനാശിനികളോ നിര്‍മ്മാതാവിന്റെ നിര്‍ദേശപ്രകാരം ചേര്‍ക്കണം.
9. സൂര്യാതാപമേറ്റ് ചൂടാവാതിരിക്കുവാനായി കുടിക്കാനുള്ള വെള്ളം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകള്‍ നനഞ്ഞ ചാക്കുകള്‍കൊണ്ട് മൂടിയിടേണ്ടതും, ചൂട് കൂടിയ വേളകളില്‍ ഐസ് കഷ്ണങ്ങള്‍ ഇട്ട് വെള്ളം തണുപ്പിക്കേണ്ടതും ആവശ്യമാണ്.
10. നിര്‍ജ്ജലീകരണത്തോടൊപ്പം ധാതുലവണങ്ങളുടെ കുറവ് രക്തത്തില്‍ സംഭവിക്കാതിരിക്കാന്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശ പ്രകാരം കുടിവെള്ളത്തില്‍ ഇലക്‌ട്രോലൈറ്റ് മിശ്രിതങ്ങള്‍ ചേര്‍ക്കാവുന്നതാണ്. ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ തീറ്റകൊടുക്കുന്നതിനു മുമ്പ് ഇലക്‌ട്രോലൈറ്റ് മിശ്രിതം നിശ്ചിത അളവില്‍ ചേര്‍ത്ത വെള്ളം നിര്‍ബന്ധമായും കുടിക്കാന്‍ കൊടുക്കണം.
11. ചൂടുകാലത്ത് തീറ്റയെടുക്കുന്നത് സ്വാഭാവികമായും കുറയുന്നു. ശരീരത്തിലേക്കാവശ്യമായ പോഷകങ്ങളുടെ കുറവ് സംഭവിക്കാതിരിക്കാന്‍ കൂടുതല്‍ മാംസ്യം അടങ്ങുന്ന പോഷക സമൃദ്ധമായ തീറ്റ നല്‍കുക. കൂടെ വിറ്റാമിനുകളുടേയും, ധാതുക്കളുടേയും മിശ്രിതവും, തീറ്റയില്‍ 0.1% എന്ന നിലയില്‍ സോഡാപ്പൊടിയും ചേര്‍ക്കേണ്ടതാണ്. രാവിലെയും വൈകിട്ടും ചൂടു കുറഞ്ഞ സമയങ്ങളില്‍ തീറ്റ ഇട്ട് കൊടുക്കുന്നതാണ് നല്ലത്. ഉച്ചനേരങ്ങളില്‍ തീറ്റപ്പാത്രങ്ങള്‍ കാലിയാക്കിവയ്ക്കുക.
12. കാലിത്തീറ്റയില്‍ പൂപ്പല്‍ വിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം.
13. ചൂടുകാലത്ത് കൂട്ടിലെ കോഴികളുടെ എണ്ണത്തില്‍ 10 ശതമാനത്തോളം കുറവ് വരുത്തണം. ഇത് ശരീരത്തിലെ ചൂട്, ചുറ്റുപാടുകളിലേക്ക് ഫലപ്രദമായി വ്യാപിക്കാന്‍ സഹായിക്കും.
14. പ്രതിരോധ കുത്തിവെയ്പുകളും വിരമരുന്നുകളും വിദഗ്‌ധോപദേശ പ്രകാരം നല്‍കണം.
പ്രതിരോധ കുത്തിവെയ്പ്, കോഴികളെ ഒരു സ്ഥലത്ത് നിന്ന് വേറെ സ്ഥലത്തേക്ക് കൊണ്ടുപോകല്‍ എന്നിവ ചൂടു കുറഞ്ഞ സമയങ്ങളില്‍ ചെയ്യണം.
15. തീറ്റയെടുക്കാതിരിക്കല്‍, കിതപ്പ്, വായ തുറന്ന് പിടിച്ച് പ്രത്യേക ശബ്ദമുണ്ടാക്കല്‍, തൂവല്‍ വിടര്‍ത്തി നില്‍ക്കല്‍ തുടങ്ങിയ അത്യുഷ്ണത്തിന്റെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോഴിയുടെ തലയൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ രണ്ടോ, മൂന്നോ മിനിറ്റ് നേരത്തേക്ക് വെള്ളത്തില്‍ മുക്കിപിടിക്കുക.
16. ചൂട് കാലങ്ങളില്‍ മുട്ട പെട്ടെന്ന് കേട് വരാന്‍ സാധ്യതയുള്ളതുകൊണ്ട് തണുപ്പുള്ള അന്തരീക്ഷത്തില്‍ സൂക്ഷിക്കുകയും വിപണനം വേഗത്തിലാക്കുകയും ചെയ്യുക.

കര്‍ഷക ഉപദേശക സമിതി
കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം
കേരള വെറ്ററിനറി സര്‍വ്വകലാശാല,
മണ്ണുത്തി