സംസ്ഥാനം ഉരുകുന്നു: പൊള്ളലേറ്റത് 37 പേര്‍ക്ക്

Web Desk
Posted on March 26, 2019, 10:42 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് ചൂട് കൂടുന്നു. മിക്ക ജില്ലകളിലും പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാനാകാത്ത വിധം ചൂട് വര്‍ധിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്ത ചൂടില്‍ പൊള്ളലേല്‍ക്കുന്നവരുടെ എണ്ണവും കൂടി. ചൂടിന്റെ കാഠിന്യത്തില്‍ സൂര്യാഘാതവും, സൂര്യാതപവും മൂലം പൊള്ളലേറ്റത് 37 പേര്‍ക്കാണ്. ഇതില്‍ സൂര്യാതപമേറ്റത് 35 പേര്‍ക്കാണ്. ആലപ്പുഴ ‚എറണാകുളം ഏഴ്, തൃശൂര്‍,പത്തനംതിട്ട , കാസര്‍കോട് ഒന്ന്, കണ്ണൂര്‍ , മലപ്പുറം, കൊല്ലം രണ്ട്, കോട്ടയം,പാലക്കാട് കോഴിക്കോട് നാല് എന്നിങ്ങനെയാണ് സൂര്യാതപമേറ്റവരുടെ കണക്കുകള്‍. എറണാകുളം ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. 23 പേര്‍ക്ക് ചൂട് മൂലം ശരീരത്തില്‍ ചുവന്ന പാടുകള്‍ ഉണ്ടാകുന്ന ഹീറ്റ് റാഷ് ഉണ്ടായി.
ഇന്നലെ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നു. ഇന്നും നാളെയും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെയും ഉയരുവാന്‍ സാധ്യതയുണ്ട് .
ഇന്നും നാളെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്.

കരുതല്‍ വേണം

രാവിലെ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം.
പരീക്ഷാ കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ അവധിക്ക് വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും ശ്രദ്ധിക്കണം.താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും 11നും മൂന്നിനുമിടയില്‍ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്നും ദുരന്തനിവാരണ അതോറിട്ടി നിര്‍ദ്ദേശിക്കുന്നു. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ ജനങ്ങള്‍ സഹായിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകരും ശ്രദ്ധിക്കണം.
മുന്നറിയിപ്പ് ഗൗരവമായി കണക്കാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.