കൊടുംചൂട്; സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി

Web Desk
Posted on March 31, 2019, 5:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരും. ചൂടിനെതിരെയുള്ള ജാഗ്രതാ നിര്‍ദ്ദേശം ചൊവ്വാഴ്ച വരെ നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യല് വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

താപ തീവ്രതയുടെ തോതും ഉയര്‍ന്നേക്കും. സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത വളരെ കൂടുതല്‍ ഉള്ളതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ അവധിക്കാല ക്ലാസ് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും നല്‍കി.

നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാന്‍ കര്‍മ്മ സമിതികള്‍ തയ്യാറായിട്ടുണ്ട്. പാലക്കാടാണ് ശനിയാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 39.1 ഡിഗ്രി സെല്‍ഷ്യസ്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രിയിലും താപനില 27 ഡിഗ്രിക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.