സുനന്ദ പുഷ്‌കറിന്‍റെ മരണം: ഡല്‍ഹി പൊലീസിന് നോട്ടീസ്

Web Desk
Posted on February 23, 2018, 9:16 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന സ്വാമിയുടെ വാദം നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കേസുമായി നേരിട്ട് ബന്ധമില്ലാത്ത സ്വാമിക്ക് ഹര്‍ജി നല്‍കാന്‍ നിയമപ്രകാരം കഴിയുമോ എന്ന് പിന്നീട് പരിശോധിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് അറിയിച്ചു.
സുനന്ദയുടേത് കൊലപാതകമാണെന്ന് വ്യക്തമാണെന്നും അന്വേഷണത്തില്‍ നിന്ന് രക്ഷനേടാന്‍ ശശി തരൂര്‍ ബിജെപിക്കാരായ ചിലരില്‍ നിന്നുതന്നെ സഹായം തേടിയിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മൂന്നര വര്‍ഷമായി ഡല്‍ഹി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ കേസിന്റെ സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തോടും പൊലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

2017ലാണ് കേസില്‍ കോടതി നിരീക്ഷണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. എന്നാല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു.
തുടര്‍ന്നാണ് ഇതേ വിഷയത്തില്‍ സ്വാമി സുപ്രിംകോടതിയെ സമീപിച്ചത്. 2014 ജനുവരി 14 ന് രാത്രിയില്‍ സൗത്ത് ഡല്‍ഹിയിലെ ഫൈവ് സറ്റാര്‍ ഹോട്ടല്‍ മുറിയിലാണ് സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.