21 February 2024, Wednesday

സുന്ദരം ധനുവച്ചപുരം; കരുത്തിന്റെയും കറുത്തഹാസ്യത്തിന്റെയും കവി

വി ദത്തൻ
October 10, 2021 5:52 am

റിവുകൊണ്ടും കവിത്വം കൊണ്ടും അദ്ധ്യാപന മികവു കൊണ്ടും ശിഷ്യവാത്സല്യം കൊണ്ടും ഏറ്റവും മുൻപിൽ നിന്ന ഒരു മഹാവ്യക്തിത്വമായിരുന്നു അന്തരിച്ച സുന്ദരം ധനുവച്ചപുരം. തിരുനല്ലൂരിന്റെയും ഒ എൻ വിയുടെയും ശിഷ്യനും സഹപ്രവർത്തകനുമായിരുന്ന അദ്ദേഹം കവി എന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും അവരുടെ യഥാർത്ഥ ശിഷ്യനാ യിരുന്നു. എങ്കിലും, തന്നെ എല്ലാ വിധത്തിലും സ്വാധീനിച്ചത് തിരുനല്ലൂർ കരുണാകരനായിരുന്നു എന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്.

ഏഴു പതിറ്റാണ്ടുകാലം ഈടുറ്റ കവിതകളും ഗഹനങ്ങളായ കാവ്യ പഠനങ്ങളും വിവര്‍ത്തനങ്ങളും കൊണ്ട് ഭാഷയെയും സാഹിത്യ ത്തെയും സമ്പന്നമാക്കിയ ഈ പ്രതിഭാശാലിയായ അദ്ധ്യാപകന് അർഹമായ പരിഗണന കിട്ടിയില്ല. എങ്കിലും പ്രതിഫലേച്ഛ കൂടാതെയും പരിഭവമില്ലാതെയും അദ്ദേഹം തുടർന്നുവന്ന സാഹിത്യസപര്യയുടെ ഗുണഫലങ്ങൾ കാലാതിവർത്തിയായി നിലകൊള്ളും. 1966 ൽ പ്രസിദ്ധീകരിച്ച ‘കന്നിപ്പൂക്കൾ’ എന്ന കവിതാ സമാഹാരം പ്രതിഭാധനനായ ഒരു കവിയുടെ ഉദയത്തിന്റെ വിളംബരമായിരുന്നു. 12 കവിതകൾ മാത്രമുള്ള ഈ സമാഹാരത്തിലൂടെ മലയാള കാവ്യ പ്രപഞ്ചത്തിൽ മായാത്ത മുദ്ര പതിപ്പിക്കാൻ സുന്ദരം ധനുവച്ചപുരത്തിന് സാധിച്ചു.

മറ്റു സമാഹാരങ്ങളായ ‘ഗ്രീഷ്മം,’ ‘ഇനിയും ബാക്കിയുണ്ട് ദിനങ്ങൾ’, ‘പുനർജ്ജനി’, ‘ട്വിൻസ്,’ ‘കൃഷ്ണകൃപാ സാഗരം’ എന്നിവ ഒന്നിനൊന്നു വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ നിലപാടുകളിലും വീക്ഷണത്തിലും പുലർത്തുന്ന സ്ഥൈര്യം അത്ഭുതാവഹമാണ്.

‘‘നിന്നിടത്തു നിൽക്കുകയെന്നത്

കുഴപ്പം പിടിച്ച ഒരു

പണിതന്നെയാണ്…

എങ്കിലും ചാഞ്ചാട്ടത്തിന്

കിട്ടുന്ന പാരിതോഷികങ്ങൾ

ഉറച്ചു നിൽക്കലിന് ഒരിക്കലും

കിട്ടുകയില്ല. ” എന്ന് ‘കൃഷ്ണകൃപാസാഗര’ത്തിലെ ‘പാർട്ടി’ എന്ന കവിതയിൽ കവി വ്യക്തമാക്കിയിട്ടുണ്ട്.

അമർഷവും പ്രതിഷേധവും വേദനയും ഉള്ളിൽ പേറുമ്പോഴും ശാപവാക്കുകൾ ഉച്ചരിക്കാതെ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത വിമർശനം മാത്രമേ വായനക്കാരന് കേൾക്കാൻ കഴിയൂ.

രണ്ടാമത്തെ സമാഹാരമായ ‘ഗ്രീഷ്മ’ത്തിലെ ഒരു കവിതയായ ‘ഞാൻ എന്ന ജന’ത്തിൽ

“കറുത്ത ദു:ഖത്തിൻ കരിമ്പൂച്ചക്കണ്ണും

വെളുത്ത ദു:ഖത്തിൻ വിളറിയ കണ്ണും

ചുവന്ന ദു:ഖത്തിൻച്ചുടുകനൽക്കണ്ണും

ശരിക്കും ഞാനല്ലോ തപിക്കും മുക്കണ്ണൻ.’’ എന്ന് പറയുന്നതിൽ വേദന കൊണ്ട് സഹസ്രാക്ഷികളും നിറയുന്നത് മറയ്ക്കാൻ നടക്കുന്ന ശ്രമം തിരിച്ചറിയാൻ, അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയവർക്കേ കഴിയൂ. ദു:ഖത്തെ കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ജീവിതത്തിലുടനീളം ഇങ്ങനെ തന്നെ ആയിരുന്നു.

തന്ത്രശാലിയായ ദു: ഖത്തിന്റെ അനന്തവൈചിത്ര്യ മാർന്ന ആക്രമണ ശൈലി കൾ വിവരിക്കുന്ന ഏറെ പ്രത്യേകതകൾ ഉള്ള ഒരു കവിതയാണ് ‘കൃഷ്ണകൃപാ സാഗര’ത്തിലെ ‘’ദുഃഖം- ഒരൗഷധം’’. അറിവോതിടുന്ന ഗുരുവായിട്ടാണ് മഹാകവി കുമാരനാശാൻ വ്യഥയെ കാണുന്നതെങ്കിൽ പ്രൊഫ. സുന്ദരത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്.

”എങ്കിലും ദു:ഖത്തെ

വെറുക്കരുത്

ദു:ഖത്തെച്ചൊല്ലി

ദു:ഖിക്കുകയുമരുത്.

കാരണം, ദു:ഖം മാത്രമാണ്

നമ്മെ നവീകരിക്കുന്ന

സിദ്ധൗഷധം.’’ ഇങ്ങനെ പറയുവാൻ ദു:ഖത്തിന്റെ മറുകര കണ്ട ഒരു കവിക്ക് മാത്രമേ കഴിയൂ. വേദനയുടെ സാന്ദ്രസാഗരങ്ങൾ താണ്ടിയിട്ടും എന്തും നേരിടാൻ അദ്ദേഹം കാണിക്കുന്ന ചങ്കൂറ്റം അത്ഭുതാവഹമാണ്.

”എന്തും വരട്ടെയെന്നുള്ളോരു ചിന്തയാൽ

അന്ത: കാരണമചഞ്ചലമാകവേ,

ദു:ഖവുമില്ല, സുഖവുമില്ലെന്നുള്ള

സത്യ,മടുത്തണഞ്ഞെന്നെപ്പുണരുന്നു.” (എന്തും വരട്ടെ)

അനുഭവതീക്ഷ്ണമായ ജീവിതത്തിൽ നിന്നും ഉയിർക്കൊണ്ട ഈ തത്ത്വശാസ്ത്രവും കാഴ്ചപ്പാടുമാണ് സമകാലികരായ കവികളിൽ നിന്നും സുന്ദരം ധനുവച്ചപുരത്തെ വ്യത്യസ്തനാക്കുന്നത്.

അതുകൊണ്ട് അദ്ദേഹം ശോകഗായകൻ മാത്രമാണെന്ന് കരുതേണ്ട. ജീവിതത്തെ അതിന്റെ സമസ്ത വൈചിത്ര്യത്തോടും, വൈവിദ്ധ്യത്തോടും ആവിഷ്ക്കരിച്ച കവിയാണ് സുന്ദരം. നിശിതമായ സാമൂഹിക വിമർശനവും പരിഹാസവും മനുഷ്യസ്നേഹവും പ്രകൃതിയോടുള്ള പ്രതിപത്തിയും കൊണ്ട് സമ്പന്നമാണ് മിക്ക കവിതകളും.

പ്രൊഫസർ സുന്ദരം ധനുവച്ചപുരം മലയാളഭാഷയ്ക്ക് നൽകിയ വലിയ സംഭാവന കാവ്യ പരിഭാഷകളാണ്. ടാഗോറിന്റെ ‘ഉദ്യാനപാലകൻ’, ‘ഗീതാഞ്ജലി’, ‘ടാഗോർ കവിതകൾ’, ബില്ഹണ കവിയുടെ ‘ചൗരപഞ്ചാശിക’, ഭർത്തൃഹരിയുടെ ‘ശതകത്രയം’, ആദിശങ്കരന്റെ ‘അമരുകശതകം’ കല്യാണമല്ലന്റെ ‘അനംഗരംഗം’ എന്നിവയാണ് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതികൾ.

നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം, എന്നീ മൂന്നു ശാഖകൾ കൂടിച്ചേർന്ന, ഭർത്തൃ ഹരിയുടെ ശതകത്രയത്തിനു ഭാഷാവൃത്തങ്ങളിൽ ഉണ്ടായ ആദ്യ പരിഭാഷ സുന്ദരത്തിന്റെതാണ്. ശങ്കരാചാര്യർ രചിച്ച ശൃംഗാര കാവ്യമായ അമരുക ശതകത്തിനു പ്രൊഫ. സുന്ദരം തയ്യാറാക്കിയ തർജ്ജമ മൂല കാവ്യം പോലെ മനോഹരമാണ്. ദ്രാവിഡ വൃത്തങ്ങളിൽ ആദ്യമായി അമരുക ശതകം വിവർത്തനം ചെയ്തതും അദ്ദേഹമാണ്.

പതിനൊന്നാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന സംസ്കൃത കവിയായ ബിൽഹണന്റെ പ്രസിദ്ധ കാവ്യമായ ‘ചൗരപഞ്ചാശിക’യ്ക്ക് സുന്ദരം രചിച്ച പരിഭാഷ അതുല്യമാണ്. മലയാളത്തിൽ ചൗരപഞ്ചാശികയ്ക്ക് ഇത്ര കുറ്റമറ്റ വിവര്‍ത്തനമുണ്ടാകുന്നത് ആദ്യമായാണ്. കല്യാണ മല്ലന്റെ ‘അനംഗരംഗ’മാണ് മറ്റൊരു വിലപ്പെട്ട പരിഭാഷ.

വിദ്യാപതിയുടെ പ്രേമഗീതങ്ങളുടെയും മീരയുടെ ഭക്തി ഗീതങ്ങളുടെയും പരിഭാഷ ഭാഷാവൃത്തങ്ങളിൽ തന്നെ തയ്യാറാക്കിയിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഇതുവരെ അച്ചടിമഷി പുരണ്ടിട്ടില്ല.

പരിഭാഷകളോടൊപ്പമോ അതിനപ്പുറമോ ഭാഷയ്ക്ക് മുതൽക്കൂട്ടാണ് സുന്ദരം പഠനവും വ്യാഖ്യാനവും നിര്‍വ്വഹിച്ച പ്രാചീനകൃതികൾ. അതിലേറ്റവും പ്രസിദ്ധം മേല്പുത്തൂരിന്റെ നാരായണീയമാണ്. ഈ ഒറ്റ കൃതി മതി സംസ്കൃതത്തിലും മലയാളത്തിലും പ്രൊഫ. സുന്ദരത്തിനുള്ള അഗാധ പാണ്ഡിത്യവും അതുല്യമായ വ്യാഖ്യാന സാമർത്ഥ്യവും മനസ്സിലാക്കുവാൻ. ”ജിജ്ഞാസുക്കൾക്ക് ഒരിടത്തും ശങ്കയുടെ നിഴൽ കലരാത്ത വിധത്തിൽ വ്യാഖ്യാതാവ് തന്റെ പ്രാർത്ഥനയ്ക്ക നുസരിച്ച് ഈ കൃത്യം പൂര്‍ത്തിയാക്കിക്കാണുന്നതിൽ ഏവരും അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കില്ല.’’ എന്നാണു സുകുമാർ അഴീക്കോട് അവതാരികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നാരായണീയ പഠനത്തിന്റെ ആമുഖമായി സുന്ദരം രചിച്ച വന്ദനശ്ലോകദശകം മാത്രം മതി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴവും നാരായണീയം വിവർത്തനം ചെയ്യാനും വ്യാഖ്യാനിക്കാനുള്ള യോഗ്യതയും വ്യക്തമാകാൻ.

കേരളത്തിലെ വിവിധ കോളേജുകളിലെ 30 വർഷത്തെ അദ്ധ്യാപകവൃത്തിക്ക് ശേഷം, 1993ൽ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാൾ ആയിരിക്കേ സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചെങ്കിലും തീരെ കിടപ്പാകും വരെ അദ്ധ്യാപനം തുടർന്നു. ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ക്ലാസ്സിലിരുന്നിട്ടുള്ളവർ അദ്ദേഹത്തിന്റെ ശിഷ്യരാണെന്ന് പറയുന്നതിൽ അഭിമാനിച്ചു. സ്നേഹവും വാത്സല്യവും കരുതലും എന്നും തന്റെ വിദ്യാര്‍ത്ഥികളുടെ മേൽ ചൊ രിഞ്ഞു. അറിവു പകർന്നു നൽകുന്നതിൽ യാതൊരു പിശുക്കും കാട്ടിയില്ല. താൻ പഠിപ്പിച്ച കുട്ടികൾക്ക് മാത്രമല്ല വരും തലമുറയിലെ കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുവാൻ തക്കവണ്ണം വിജ്ഞാനം കരുതിവയ്ക്കാനും അദ്ദേഹം ശുഷ്ക്കാന്തി കാണിച്ചു. അതിന്റെ ഫലമാണ് കേരള പാണിനീയം വ്യാഖ്യാനവും വിചിന്തനവും, ഉണ്ണിച്ചിരുതേവീ ചരിതം, ഉണ്ണിയാടീ ചരിതം എന്നീ മണിപ്രവാള കൃതികളുടെ വ്യാഖ്യാനം തുടങ്ങിയവ. മലയാള ബിരുദ, ബിരുദാനന്തര ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്നവയാണ് ഈ ഗ്രന്ഥങ്ങളെല്ലാം. ഒട്ടു മിക്ക വിദ്യാർത്ഥികൾക്കും ബാലികേറാമലയായി അനുഭവപ്പെടുന്ന മലയാളവ്യാകരണ പഠനം രസകരവും ആസ്വാദ്യകരവും ആക്കി മാറ്റുവാൻ സുന്ദരം സാറിന്റെ ‘കേരള പാണിനീയം-വ്യാഖ്യാനവും വിചിന്തനവും’ എന്ന കൃതി യ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സുന്ദരം ധനുവച്ചപുരം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും നൽകിയ സംഭാവനകൾ അതുല്യമാണ്. ആരൊക്കെ അവഗണിച്ചാലും തമസ്ക്കരിച്ചാലും പ്രൊഫ. സുന്ദരത്തിന്റെ സാഹിത്യസംഭാവനകളും ഭാഷാപോഷണ പ്രവർത്തനങ്ങളും കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.