ഞായറാഴ്ച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കും

Web Desk
Posted on August 19, 2018, 8:03 am

തിരുവനന്തപുരം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്ച്ച ഭാഗികമായി പുനഃസ്ഥാപിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാവും പുനഃസ്ഥാപിക്കുക.  ഷൊര്‍ണൂര്‍ വഴിയുള്ള റെയില്‍ ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാവും. തിരുവനന്തപുരത്തുനിന്ന് കായംകുളം, കോട്ടയം വഴിയുള്ള റെയില്‍ഗതാഗതം ഞായറാഴ്ച്ച രാവിലെ 6 മണിയോടെ ഭാഗികമായി പുനഃസ്ഥാപിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്. വേഗനിയന്ത്രണത്തോട് കൂടിയായിരിക്കും ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂര്‍ വരെയുള്ള റെയില്‍ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ആലപ്പുഴ വഴി എറണാകുളം വരെയുള്ള റെയില്‍ഗതാഗതം ഇപ്പോള്‍ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്.

അതേസമയം, റോഡ് ഗതാഗതവും സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. എംസി റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. പന്തളം ഭാഗത്തെ കുത്തൊഴുക്ക് കുറഞ്ഞതോടെയാണിത്. രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാത്രമെ തൽക്കാലം  കടത്തിവിടൂ. തൃശ്ശൂര്‍ കോഴിക്കോട് പാതയിലും ഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്. തെന്മല കോട്ടവാസല്‍ റൂട്ടിലെയും ഗതാഗതം പുനഃസ്ഥാപിച്ചു.