October 3, 2022 Monday

ഭാഷാലക്ഷ്മി ചാരി നിൽക്കും ഒരു കണിക്കൊന്ന

മിനി വിനീത്
September 27, 2020 2:58 am

മിനി വിനീത്

ച്ചവെയിലിൽ നിന്നും കോലായയിലേക്ക് കയറിവന്ന ദേവരന് ഉണ്ണാനായി എട്ടത്തിയമ്മ പലകയിട്ടു കൊടുത്തു. യഥാർത്ഥത്തിൽ ഊണ് കാലമായിരുന്നില്ല. അദ്ദേഹം നോക്കുമ്പോഴതാ പലകയിൽ കരിക്കട്ട കൊണ്ട് ഒരു ശ്ലോകം. എഴുതിയിരിക്കുന്നു.

”ദേവരാജമഹം ദൃഷ്ട്വാ

വാരി വാരണമസ്തകേ

ഖാതമർക്കഞ്ച സോമഞ്ച

ജലം പീത്വാ ദിവംഗതാ”

എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ അർത്ഥം ദേവരന് വേഗം പിടികിട്ടി. “വെളുത്ത ഐരാവതത്തിന്റെ പുറത്തെഴുന്നള്ളിയ ദേവേന്ദ്രനെ ഞാൻ കണ്ടു.” പക്ഷെ, അടുത്ത രണ്ടുവരികളുടെ അർത്ഥം മറ്റെതുമായി ചേർന്നില്ല ഒടുവിൽ “ദേവരാ ഉണ്ണാൻ വരരൂ” എന്ന വിളി വന്നപ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരുന്നു. നടുത്തളത്തിലേക്ക് കാൽ വയ്ക്കും മുൻപേ ദേവരാ എന്ന വിളി ഒരിക്കൽക്കൂടി അയാളുടെ മനസിലേക്ക് വന്നു. വളരെ പെട്ടെന്ന് അദ്ദേഹത്തിന് ശ്ലോകത്തിന്റെ അർത്ഥം പിടി കിട്ടി.

ദേവരാ/അജo/ അഹം/ദൃഷ്ട്വാ

ദേവരാ ഞാനൊരു ആടിനെ കണ്ടു

എവിടെ?

വാരി വാരണം/ജലത്തെ തടയുന്നത്(അണക്കെട്ട്)

മസ്തകേ/മുകളിൽ

(അണക്കെട്ടിനു മുകളിൽ )

അർക്കം/എരിക്കില

സോമം /സോമലത

ഇവ രണ്ടും കടിച്ചു പിടിച്ചു കൊണ്ട്

ജലം.… / വെള്ളം കുടിച്ച് ദിവംഗതനായി

എന്നായിരുന്നു അതിന്റെ അർത്ഥം. അന്തർജ്ജനത്തിന്റെ ബുദ്ധിസാമർഥ്യംകണ്ട് അനുജൻ അത്ഭുതപ്പെട്ടുപോയി.”

മുത്തച്ഛൻ കഥ പറഞ്ഞുനിർത്തിയിട്ടും അവൾക്ക് ഇരുന്നിടത്തു നിന്നും അനങ്ങാനായില്ല. അതിബുദ്ധിമതിയായ ആ അന്തർജ്ജനം അവളെ വല്ലാതെ മഥിച്ചു. ഒടുവിൽ അവരെക്കുറിച്ച് എന്തെങ്കിലും എഴുതാൻ അവൾ തീരുമാനിച്ചു. നോട്ടുബുക്കിൽ എഴുതിയിട്ട ആ അക്ഷരങ്ങൾ ഒരിക്കൽക്കൂടി വായിച്ചപ്പോൾ, ‘കേരള സ്ത്രീകളുടെ ഭാഷാ പാണ്ഡിത്യം’ എന്ന പേരാണ് അതിനു യോജിക്കുക എന്നു തോന്നി. കേരളശ്രീ മാസികയിൽ പ്രസിദ്ധീകരിച്ചു വന്ന ആ ലേഘനം എഴുതിയ ഒൻപതാം ക്ലാസുകാരിയാണ് പിന്നീട് മലയാള ഭാഷയുടെ ലീലാതിലകമായി മാറിയ പദ്മശ്രീ ഡോ. എം ലീലാവതി. സെപ്റ്റംബർ 16ന് തൊണ്ണൂറ്റി മൂന്നാം പിറന്നാൾ ആഘോഷിച്ച ഡോ. എം ലീലാവതിയുടെ ജീവിതത്തിലെ ആൾവഴികളിലൂടെ.…

ഭാഷയിലെ നവതരംഗം

ഹൈസ്കൂൾ ക്ലാസോടെ പഠനം നിർത്തണമെന്ന് തീരുമാനിച്ച ആ പെൺകുട്ടി കൊച്ചിൻ സ്റ്റേറ്റിൽ ഒന്നാം റാങ്കോടെ പെൺകുട്ടികളുടെ സ്കോളർഷിപ്പിന് അർഹയായി. പഠിക്കാനുള്ള ഭൗതിക സാഹചര്യങ്ങളുടെ കുറവും ദിവസവും ഉള്ള 16 കിലോമീറ്റർ നടത്തവും അവളുടെ പഠനം നിർത്താനുള്ള കാരണങ്ങളായി. ശിഷ്യയുടെ അസാധാരാണ മിടുക്ക് തിരിച്ചറിഞ്ഞ അധ്യാപകർ വീട്ടിലെത്തി നിർബന്ധപൂർവ്വം അവളെ പഠനത്തിലേക്ക് തിരിച്ചെത്തിച്ചു.

‘ഇനി പഠിക്കാൻ പണം തരില്ലെന്ന’ അച്ഛന്റെ വാശിയെ മറികടന്ന അമ്മയുടെ നിശ്ചയദാർഢ്യംകൊണ്ട് മാത്രം അവൾ കോളേജിലേത്തി. അന്ന് കാലം അവൾക്കു മുന്നിൽ തുറന്നു കൊടുത്തത് മഹാരാജാസ് എന്ന കലാലയത്തിന്റെ വാതിലുകളായിരുന്നില്ല.

നിറപറയും നിലവിളക്കും വച്ച് അവൾക്കായി കാത്തിരുന്ന മലയാളസാഹിത്യ തറവാടിന്റെ വാതിലുകളായിരുന്നു.

അണയാത്ത ദീപം

കെമിസ്ട്രിയും കണക്കും ഇംഗ്ലീഷും മാത്രം ഇഷ്ടപ്പെട്ടിരുന്ന വിദ്യാർത്ഥിനിയായിരുന്നു ലീലാവതി. മഹാരാജാസ് പ്രിൻസിപ്പൽ ആയിരുന്ന പി ശങ്കരൻ നമ്പ്യാർ ഒരിക്കൽ ക്ളാസിൽ ഷേക്സ്പിയർ കൃതിയുടെ വരികളോട് സാമ്യമുള്ള കവിതയെക്കുറിച്ച് വിദ്യാർത്ഥികളോട് ചോദിച്ചു. ചാടിയെഴുന്നേറ്റ് വള്ളത്തോൾ കവിത ചൊല്ലിയ പെൺകുട്ടി അദ്ദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. അന്ന് അദ്ദേഹമാണ് “മലയാളം പഠിക്കൂ” എന്ന് ശിഷ്യയോട് ആദ്യമായി ആവശ്യപ്പെട്ടത്. സയൻസ് വിഷയങ്ങളിൽ ഒന്നാമതായി ജയിച്ചു. മാഷ് വിട്ടില്ല. മലയാളം പഠിച്ചാൽ മതി എന്ന് ശഠിച്ചു. പെൺകുട്ടിക്ക് അടക്കാനാവാത്ത സങ്കടമായി. സയൻസ് പഠിച്ച് ഒരു സ്കൂൾ ടീച്ചറായി ഒതുങ്ങിക്കൂടേണ്ടവളല്ല നീ എന്ന് ആ അധ്യാപകൻ വാശി പിടിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ബിഎ മലയാളത്തിന് ചേർന്നു. ബിഎയ്ക്ക് പഠിക്കുമ്പോഴാണ് മഹാകവി ജി ശങ്കരക്കുറുപ്പ് അവരുടെ അധ്യാപകനായത്. പുസ്തകങ്ങളിൽ നിന്നും കവിതകൾ പകർത്തിയെഴുതി സൂക്ഷിക്കുമായിരുന്ന അമ്മയെപ്പോലെ അവളും ജിയുടെ മേഘസന്ദേശം പകർത്തിയെഴുതി. എഴുതിത്തീർന്നപ്പോഴേക്കും അതിലെ മിക്കവാറും വരികൾ ആ പെൺകുട്ടിക്ക് ഹൃദിസ്ഥമായിരുന്നു. അതിലെ വരിൾ ചൊല്ലി അക്ഷര ശ്ലോക മൽസരങ്ങളിൽ സ്ഥിരം സമ്മാനിതയായ ശിഷ്യയുടെ അസാധാരണ മികവ് തിരിച്ചറിഞ്ഞ കവി അവളെക്കൊണ്ട് നിരന്തരം എഴുതിച്ചു എഴുതിയതെല്ലാം ലേഖനങ്ങളായിരുന്നു. സമസ്ത കേരള സാഹിത്യ പരീക്ഷത്തിന്റെ മാസികയിൽ വന്ന ലേഖനങ്ങളോടെ എം ലീലാവതി ‘ഒരു പുതിയ എഴുത്തുകാരി’ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങി.

വിമര്‍ശനം പുല്ലിംക കല

പുല്ലിംഗ കല എന്ന് നിരൂപണത്തെ വിശേഷിപ്പിച്ചത്. കെ പി അപ്പൻ മാഷാണ്. നിരൂപണം നയിച്ചേക്കാവുന്ന വിദ്വേഷ വഴികളെ പരാമർശിക്കാനല്ല മറിച്ച് നിരൂപണം എന്ന കലയുടെ ഓരോ അണുവിലും തുളുമ്പി നിൽക്കുന്ന പൗരുഷത്തെ ഓർമ്മിപ്പിക്കാനാണ് അദ്ദേഹം ഇത്തരമൊരു വിശേഷണം നടത്തിയത്. ഡോ എം ലീലാവതിയ്ക്കു മുൻപുവരെ നിരൂപണം പുരുഷൻമാരുടെ മേഘലയായിരുന്നു. പുരുഷ കേസരികൾ മറിച്ചു മേഞ്ഞിരുന്ന ആ കൊടും കാട്ടിലേക്ക് കാലെടുത്തു വച്ച ആദ്യ വനിത സ്വാഭാവികമായും ആക്രമിക്കപ്പെട്ടു. നിരൂപണം സ്ത്രീക്ക് വഴങ്ങില്ല എന്ന പ്രസ്താവനയെ അവർ നേരിട്ട രീതി തന്നെ രസകരമായിരുന്നു. പുരുഷനേക്കാൾ നിരീക്ഷണ പാടവം സ്ത്രീക്കാണെന്ന് യുക്തി യുക്തമായി അവർ സ്ഥാപിച്ചെടുത്തു. തനിക്കു മുന്നിൽ മെരുങ്ങാതെ നിന്ന സാഹിത്യ ലോകത്തെ ഒരു ഇന്ദ്രജാലക്കാരിയുടെ വഴക്കത്തോടെ അവർ മെരുക്കിയെടുത്തു.

മലയാളത്തിൽ നിലനിന്നിരുന്ന Inter­pre­tive Crit­i­cism എന്ന പൊതു രീതിയിൽ നിന്നു കൊണ്ടു തന്നെ ലീലാവതി ടീച്ചർ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തി. മനശാസ്ത്രജ്ഞനായ സി ജി യുങ്ങിന്റെ നിരീക്ഷണങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുള്ള ആര്‍ക്കി ടൈപ്പല്‍ ക്രിട്ടിസിസം ആയിരുന്നു ഈ ശൈലിയുടെ അടിസ്ഥാന ശില. കവിതയോട് അല്പം കൂടുതൽ ഇഷ്ടം പ്രകടിപ്പിച്ച ലീലാവതി ടീച്ചറുടെ ക്ലാസിക് കൃതികളായ വർണ്ണരാജിയും കവിതാ സാഹിത്യ ചരിത്രവും അനന്യങ്ങളാണ്. വള്ളത്തോളിന്റെയും ജിയുടെയുമൊക്കെ കൃതികളോട് വലിയ ആഭിമുഖ്യം പ്രകടിപ്പിക്കുമ്പോഴും അവർ ആധുനിക കവിതയ്ക്ക് നേരെ മുഖം തിരിച്ചില്ല

കണ്ണീരും മഴവില്ലും

സ്നേഹപൂർവ്വം പ്രോൽസാഹിപ്പിച്ചിരുന്ന ജി ശങ്കരക്കുറുപ്പ് തന്നെ ഒരിക്കൽ ലീലാവതി ടീച്ചറെ കഠിനമായി ശാസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതയായ ‘നിമിഷ’ത്തെക്കുറിച്ചെഴുതിയ ലേഖനമാണ് അതിനു കാരണം. നിരൂപണ രംഗത്തെ അതികായനായിരുന്ന കുട്ടികൃഷ്ണ മാരാർ ഇതേ കവിതയെ അതിനിശിതമായി വിമർശിച്ചു കൊണ്ട് ഒരു ലേഘനം എഴുതിയിരുന്നു. ആ കവിതയുടെ ചൈതന്യം മനസ്സിലാക്കുന്നതിൽ മാരാർ പരാജയപ്പെട്ടു എന്ന ആശയം വച്ചു കൊണ്ട് എം ലീലാവതി മാരാരുടെ വിമർശനങ്ങളെ ഖണ്ഡിക്കുന്ന ഒരു ലേഖനമെഴുതി. അത് പ്രസിദ്ധീകരിക്കാൻ സമ്മതിക്കില്ല എന്നറിയാവുന്നതുകൊണ്ട് ജി ശങ്കരക്കുറുപ്പിനെ അത് കാണിച്ചില്ല. അദ്ദേഹത്തിനോടു പറയാതെ അത് മാതൃഭൂമിക്കയച്ചുകൊടുത്തു. അവരത് വലിയ പ്രാധാന്യത്തോടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. വലിയ വിവാദമായി. മാരാർക്കെതിരായി ജി തന്നെ എഴുതിയതാണെന്ന മട്ടിൽ വിവാദം കത്തിപ്പടർന്നു. പ്രിയശിഷ്യയോട് ഇത്തിരി ദേഷ്യത്തോടെ തന്നെ കവി പറഞ്ഞു. “മാരാരെ വിമർശിക്കാൻ ലീലാവതി ആയിട്ടില്ല.” അത് ഒരിക്കലും മനസ്സിൽ നിന്ന് വന്ന വാക്കുകളല്ല എന്ന് ഉറപ്പുണ്ടായിരുന്നു. കാരണം ഇതേ ജി തന്നെയാണ് മുണ്ടശ്ശേരിയെക്കുറിച്ചുള്ള ഒരു ഖണ്ഡന വിമർശനം ഏറെ താൽപര്യത്തോടെ പ്രസിദ്ധീകരിച്ചതും.

എം എന്‍ വിജയന്‍

ഏറെ പ്രിയപ്പെട്ട മറ്റൊരാളുടെ പേരിലും ലീലാവതി ടീച്ചർ അകാരണമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. ആത്മസുഹൃത്തും സഹപാഠിയും സഹപ്രവർത്തകനും ഒക്കെയായിരുന്ന എം എൻ വിജയനായിരുന്നു അത്. ഇടതുപക്ഷത്തോടു ചേര്‍ന്നു നിന്ന്, സാഹിത്യം മാത്രമാണ് തന്റെ തട്ടകം എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ലീലാവതി. എങ്കിലും അതിലെ ഹിംസാത്മക പ്രവണതകളെ ശക്തമായി എതിർക്കാൻ മടി കാണിക്കാത്ത ഒരാൾ. അഹിംസയെന്ന ഗാന്ധിമാർഗ്ഗത്തോട് മാർക്സിസത്തെ സമന്വയിപ്പിക്കുക എന്ന ആശയത്തിൽ അടിയുറച്ചു നിൽക്കുന്ന വ്യക്തി. അക്രമത്തിനെതിരെ അക്രമം, അനീതിക്കെതിരെ അനീതി എന്ന മട്ടിൽ ഒരു ചെയിൻ പോലെ തുടർന്നു പോകുന്ന ഹിംസാ രീതികളെ ഒരിക്കലും അംഗീകരിക്കാത്ത ഒരാൾക്ക് തന്റെ സുഹൃത്ത് ചില മാനുഷിക മൂല്യങ്ങളിൽ നിന്നും ഒഴിവായി നിൽക്കുന്നോ എന്ന സ്വാഭാവിക സന്ദേഹമുണ്ടാകുന്നു. “കൂട്ടിലടയ്ക്കപ്പെട്ട സിംഹത്തിന്റെ ഗർജ്ജനം കുട്ടികളെപ്പോലും ചിരിപ്പിക്കും” എന്ന വിജയൻമാഷിന്റെ തന്നെ വാക്കുകൾ ലീലാവതി ടീച്ചർ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. കൂട്ടിലേക്ക് സ്വയം ചെന്നു വീണോ? എന്ന ആ സ്നേഹ സന്ദേഹം വലിയ വിവാദമായി. ലീലാവതി വിജയൻ മാഷെ നിന്ദിച്ചു എന്ന രീതിയിൽ അത് പ്രചരിപ്പിക്കപ്പെട്ടു. പക്ഷേ വിജയൻ മാഷ് അതെക്കുറിച്ചു സൂചിപ്പിക്കുക പോലും ചെയ്യാതെ ആ സൗഹൃദം പൂർവ്വാധികം ശക്തമായി തുടരുകയാണ് ചെയ്തത്.

ജീവന്റെ വർണ്ണരാജി

സി പി മേനോനാണ് ലീലാവതി ടീച്ചറിന്റെ ജീവിത പങ്കാളി. നേരിട്ടറിയുന്ന കാലം മുതൽ അവരോട് ഒരിഷ്ടം അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ആ സമയത്ത് മുറച്ചെറുക്കനുമായി വിവാഹം പറഞ്ഞു വച്ചിരുന്ന ലീലാവതിക്ക് അത്തരം ചിന്തകളൊന്നുമില്ലായിരുന്നു. അവധിക്ക് നാട്ടിൽ വന്നപ്പോൾ ടീച്ചറിന്റെ വിവാഹം മാറിപ്പോയതറിഞ്ഞ അദ്ദേഹം, അവരോട് തന്റെ പ്രണയം തുറന്നു പറഞ്ഞു. വീട്ടുകാരോട് ആലോചിക്കാനായിരുന്നു മറുപടി. വീട്ടുകാരുടെ പൂർണ്ണ ആശിർവാദത്തോടെ വിവാഹം. അങ്ങനെ സി പി മേനോൻ ലീലാവതിയുടെ മാത്രമല്ല ആ അക്ഷരങ്ങളുടെയും പ്രണയിയായി മാറി. നിരൂപണത്തെ ശാസ്ത്രീയമായി സമീപിക്കാൻ ഭാര്യക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകുകയും അവരുടെ ലേഖനങ്ങളുടെ ആദ്യ വായനക്കാരനും വിധികർത്താവും ഒക്കെയായി അദ്ദേഹം. മാറി

ഭർത്താവിനോടുള്ള അഗാധമായ സ്നേഹം തന്നെയാണ് ഒരിക്കൽ എഴുത്ത് മതിയാക്കാം എന്ന ചിന്ത ടീച്ചറിലുണ്ടാക്കിയത്. വികെ എന്നുമായുള്ള സംഘർഷങ്ങൾക്കിടയിലാണത്. പലപ്പോഴും അശ്ലീലച്ചുവയുള്ള കത്തുകളിലൂടെയും, അശ്ളീല പരാമർശമുള്ള കഥകളിലകടെയും അദ്ദേഹം ടീച്ചറെ ശല്യം ചെയ്തിരുന്നു. റിസർച്ച് ഗൈഡ് എന്ന സ്ഥാനത്തിരുന്ന് കൈപ്പറ്റുന്ന അലവൻസിനെച്ചൊല്ലിയായിരുന്നു വിവാദം. ഈ ശല്യം ചെയ്യലുകളും സഭ്യമല്ലാത്ത ഭാഷാ പ്രയോഗങ്ങളും ടീച്ചറെ കടന്ന് ഭർത്താവിലേക്കെത്തിയപ്പോഴാണ് എഴുത്ത് നിർത്താൻ തീരുമാനിച്ചത്. സി പി മേനോന്റെ നിരന്തര സ്നേഹസമ്മർദ്ദമാണ് അവരെ ആതീരുമാനത്തിൽ നിന്ന് പിൻതിരിപ്പിച്ചത്.

നിരൂപണം സംഘര്‍ഷരഹിത കല

സ്ത്രീ സഹജമായ ആർദ്രത ലീലാവതി ടീച്ചറിന്റെ എഴുത്തിൽ പ്രകടമല്ല. സ്ത്രീപക്ഷ നിരീക്ഷണങ്ങൾ സുലഭമെങ്കിലും, ലീലാവതി ടീച്ചർ സ്ത്രീ സ്വത്വമെന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങുന്ന വ്യക്തിത്വമല്ല. തീക്ഷ്ണത ഒട്ടും കുറവല്ലാത്ത ആ തൂലിക അതിനു സാക്ഷ്യമാണ്. എല്ലാ വിഷയങ്ങളിലും വളരെ കൃത്യമായ നിലപാടുള്ള ഒരാൾ. കാല്പനികമായും മനശാസ്ത്രപരമായും ശാസ്ത്രീയമായും ഭൗതികമായും ഒരു കൃതിയോടൊപ്പം സഞ്ചരിക്കുമ്പോൾ നിരൂപണം സംഘർഷരഹിതതമായ കലയാകും എന്നാണ് ടീച്ചറുടെ അഭിപ്രായം. വായനയിൽ തോന്നുന്ന എതിർപ്പുകൾ പ്രകടിപ്പിക്കും. കുറവുകളെക്കുറിച്ച് സൂചിപ്പിക്കും, പെരുപ്പിച്ചു കാണിക്കാറില്ല. തീർത്തും എതിർപ്പുള്ളതിനെക്കുറിച്ച് പൂർണ്ണമായും മൗനം പാലിക്കുകയും എഴുതാതിരിക്കുകയും ചെയ്യും. അതിന്റെ പേരിലുമുണ്ട് ധാരാളം ശത്രുക്കൾ. അത് ടീച്ചറെ ബാധിക്കുകയേയില്ല കാരണം, ഒരു എഴുത്തുകാരന് പറയാനുള്ളതുപോലെ തന്നെ സ്വാതന്ത്ര്യം (ഇന്നത്തെ എഴുത്തുകാരൻ തിരിച്ചറിയാതെ പോകുന്ന സ്വാതന്ത്ര്യം ) പറയാതിരിക്കാനും ഉണ്ടെന്ന് പൂർണ്ണമായും വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഡോ. എം ലീലാവതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.