20 April 2024, Saturday

Related news

August 28, 2023
February 10, 2023
November 27, 2022
October 9, 2022
August 2, 2022
July 30, 2022
May 29, 2022
May 28, 2022
May 27, 2022
February 26, 2022

സുഗന്ധമീ നടനം

ഇ ആര്‍ ജോഷി
October 24, 2021 4:18 pm

നാടകം ആയിരുന്നല്ലോ സിജി യുടെ മേഖല, എങ്ങനെയാണ് നാടകത്തിലേക്ക് വരുന്നത്? നാടകത്തിലെ അഭിനേത്രി എന്ന നിലയിലുള്ള അനുഭവങ്ങൾ എന്തെല്ലാമാണ്?

 

തിരുവനന്തപുരം അഭിനയ നാടക പഠന കേന്ദ്രത്തിലൂടെ ആയിരുന്നു അഭിനയ ജീവിതത്തിനു തുടക്കം. അഭിനയയിലെ കലാകാരൻ മാരെ അണിനിരത്തി പ്രൊഫ. രാമാനുജം സംവിധാനം ചെയ്ത ജി ശങ്കരപിള്ള യുടെ കറുത്ത ദൈവത്തെതേടി എന്ന നാടകത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു, തുടർന്ന് അഭിനയയിലെ മറ്റു നാടകങ്ങളിലും ഭാഗമായി. എം ജി ജോതിഷ് സംവിധാനം ചെയ്ത സിദ്ധാർഥ, ഭഗവദജ്ജുകം, മദർ കറേജ് (ഡയറക്ടർ:തനി ലിമ), നിരീക്ഷ വുമൺ നാടകവേദിയുടെ പ്രവാചക, ആണുങ്ങൾ ഇല്ലാത്ത പെണ്ണുങ്ങൾ, (ഡയറക്ടർ. സി വി സുധി )ഓക്സിജൻ തിയേറ്ററിനൊപ്പം സ്പൈനൽ കോഡ് (ദീപൻ ശിവരാമൻ )എന്നീ നാടകങ്ങളിലൂടെ ദേശീയ അന്തർദേശീയ തിയേറ്റർ ഫെസ്റ്റിവലുകളുടെ ഭാഗമാകാൻ കഴിഞു. തുടർന്ന് നാടകത്തെ കുറച്ചുകൂടി ഗൗരവമായി കണ്ടു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തിയേറ്ററിൽ എംഫിൽ ചെയ്തു.

ഡോ. വയലാ വാസുദേവൻ നായർ ന്റെ ആണ്ടുബാലി എന്ന നാടകത്തിലും പ്രധാന വേഷത്തിൽ എത്താൻ കഴിഞ്ഞു. അരങ്ങിലെ അഭിനയത്തോടൊപ്പം തന്നെ ചെറു ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. പ്രസ്സ് ക്ലബ്ബിൽ നിന്ന് ജേർണലിസം കഴിഞ്ഞു, പനോരമ ടിവി കൈരളി ചാനലിന് വേണ്ടി ചെയ്തിരുന്ന മോർണിങ് പ്രോഗ്രാം ശുഭദിനത്തിന്റെ അവതാരക ആയിരുന്നു. ദൂർദർശൻ വാർത്ത അവതാരക ആകാനും ഭാഗ്യമുണ്ടായി. ആ ജോലി തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞില്ല. ജനയുഗത്തിന്റെ ഫ്രീലാൻസ് എഴുത്തുകാരി ആയിരുന്നു, നാടകത്തെ കുറിച്ച് ഒരു പുസ്തകം എഴുതി. നിലവിൽ എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റർസിൽ പിഎച്ച്ഡി ചെയ്യുന്നുണ്ട്. 2009 ഇൽ നന്ദകുമാർ സംവിധാനം ചെയ്ത് ഏറനാടിൻ പോരാളി ആയിരുന്നു ആദ്യ മുഴുനീള ചിത്രം. തുടർന്ന് ലൂമിർ ബ്രോതേർസ്, കന്യക ടാക്കീസ്, സുവർണപുരുഷൻ, (സുനിൽ പൂവേലി )ദേവസ്പർശം (വി ആർ ഗോപിനാഥ് ) ഇളയരാജ (മാധവ് രാമദാസ്) തുടങ്ങി പതിമൂന്നോളം സിനിമകളിൽ അഭിനയിച്ചു. ഇനിയും റിലീസ് ആകാൻ മൂന്നു ചിത്രങ്ങൾ ഉണ്ട്, ഐ ജി മിനി സംവിധാനം ചെയ്ത ഡിവോഴ്സ്, അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി, എ കെ വിനോദ് സംവിധാനം ചെയ്ത മൂൺ വാക് എന്നിവയാണ് അവ.

 

ഭാരത പുഴ എന്ന സിനിമയിലെ സുഗന്ധി എന്ന കഥാപാത്രം ആണല്ലോ അവാർഡ് നേടിത്തന്നത്. സെക്സ് വർക്കർ എന്ന ജോലിയെ നമ്മുടെ സമൂഹവും നിയമവും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അങ്ങനെയൊരു കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എങ്ങനെയാണ് സാധിച്ചത്?

 

സെക്സ് വർക്കർമാരെ മഹദ്‌വൽക്കരിക്കുന്ന സിനിമയല്ല ഭാരത പുഴ, എന്നാൽ ആ ജോലിയിൽ ഏർപ്പെടേണ്ടിവരുന്ന വ്യക്തികളെകുറിച്ചാണ് സിനിമ സംവദിക്കുന്നത്. സുഗന്ധി ആ വഴിയിൽ ഏത്തപ്പെടുന്നതിനു കൃത്യമായ കാരണങ്ങൾ ഉണ്ട്. ഒരു സ്ത്രീയും ആ തൊഴിലിലേക്ക് എത്തുന്നത് സ്വയം ആഗ്രഹിച്ചാണെന്ന് കരുതുന്നില്ല. മറ്റൊരു വഴി തെരെഞ്ഞെടുക്കാൻ ഉണ്ടെങ്കിൽ തീർച്ചയായും അവർ അത് തിരഞ്ഞെടുക്കും. ജീവിതത്തിന്റെ അതിജീവനത്തിന് വേണ്ടിമാത്രം ആണ് ഭൂരിഭാഗം പേരും ആ മേഖലയിലേക്ക് എത്തുന്നത്. മരണം വേണോ ജീവിതം വേണോ എന്ന ചോദ്യം ഉയരുമ്പോൾ ജീവിതം തെരെഞ്ഞെടുക്കുകയാണ് അവർ. എല്ലാ ഇടങ്ങളിൽനിന്നും ചൂഷണം നേരിടേണ്ടി വരുമ്പോൾ അവർ തെരെഞ്ഞെടുപ്പുകൾ അവരുടേതായി മാറ്റുകയാണ്.

പകൽ വെളിച്ചത്തിൽ ആട്ടിയകറ്റുന്നവരെ ഇരുട്ടിൽ സ്വീകരിക്കുന്ന കപട സദാചാര ലോകം നമുക്ക് ഉള്ളത് കൊണ്ടാണ് സുഗന്ധിമാർ നമ്മുടെ സമൂഹത്തിൽ ഉള്ളത്. കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞോ എന്ന് വിലയിരുത്തേണ്ടത് പ്രേക്ഷകർ ആണ്. ഞാൻ എന്ന അഭിനേത്രി കാണാൻ ശ്രമിച്ചത് സുഗന്ധിയുടെ വ്യക്തിത്വത്തെയാണ്. സംവിധായകൻ പറഞ്ഞുതന്ന രീതിയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ എടുത്തു പറയേണ്ട ഒരു പേര് നളിനി ചേച്ചിയുടേതാണ് (നളിനി ജമീല) വസ്ത്രാലങ്കാരത്തിനു ചേച്ചിക്കും പ്രത്യേക പരാമർശം ലഭിച്ചു. ചേച്ചിയുടെ ആത്മകഥ വായിക്കുകയും അനുഭവങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു, കഥാപാത്രമായി ഒരുങ്ങാൻ അതേറേ സഹായിച്ചിട്ടുണ്ട്. സുഗന്ധി എന്ന കഥാപാത്രത്തിലൂടെ കാലഘട്ടത്തെയും സമൂഹത്തെയും സമൂഹത്തിലെ സദാചാര പൊള്ളത്തരങ്ങളെയും അടയാളപ്പെടുത്തുന്ന സിനിമയാണ് ഭാരത പുഴ. തന്റെ നാട്ടിൽ കണ്ട തന്റെടിയായ ഒരു സ്ത്രീയുടെ സ്വഭാവ സവിശേഷതകൾ സുഗന്ധിയിൽ ഉണ്ടെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്. സാധാരണ സിനിമകൾ അടയാളപ്പെടുത്തിയിരിക്കുന്ന വാർപ്പ് മാതൃകകളിൽ നിന്നും തികച്ചും വിത്യസ്ഥയാണ് സുഗന്ധി. സിനിമ കാണുമ്പോൾ അത് പ്രേക്ഷകർക്ക് മനസിലാവും എന്ന ഉറപ്പുണ്ട്.

ഭാരത പുഴയുടെ പ്രമേയം സംവാദാത്മകമാണ് എന്നല്ലേ സിജി പറയുന്നത്? പാർശ്വവൽകൃത സമൂഹത്തിന്റെ പ്രശ്നങ്ങൾ അടയാളപ്പെടുത്തുന്നു എന്നതാണോ ഈ സിനിമയുടെ പ്രാധാന്യം? പത്ര പ്രവർത്തക /ഗവേഷക കൂടിയായ സിജി എങ്ങനെയാണ് അത് മനസിലാക്കുന്നത്?

 

തീർച്ചയായും സംവാദാത്മകമാണ്, ഒപ്പം പാർശ്വവൽകൃത സമൂഹത്തിന്റെ പ്രശ്നങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഭാരത പുഴ.

 

 

മലയാളത്തിൽ സമാന്തര സിനിമകൾക്ക് ഇപ്പോൾ എത്രത്തോളം പ്രാധാന്യം ഉണ്ട്? സമാന്തര സിനിമ എന്ന് ഭാരത പുഴയെ വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടോ?

 

സമാന്തര സിനിമകൾക്ക് മലയാളത്തിൽ എക്കാലത്തും പ്രാധാന്യം ഉണ്ട്. സമാന്തര സിനിമകൾ ആണ് ലോക സിനിമയിൽ മലയാളത്തെ അടയാളപെടുത്തിയത്. കലാമൂല്യമുള്ള ചിത്രങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉള്ളത് കൊണ്ടാണല്ലോ സിനിമ ഫെസ്റ്റിവലുകൾ ഇവിടെ വിജയിക്കുന്നത്. ഭാരത പുഴയെ സമാന്തര സിനിമ എന്ന ലേബലിൽ ഒതുക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാ തരം പ്രേക്ഷകർക്കും ഈ സിനിമയെ ഉൾക്കൊള്ളാൻ കഴിയും.

 

ലിംഗപരമായ വിവേചനങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സമൂഹം ആണല്ലോ നമ്മുടേത്, അത്തരത്തിലുള്ള നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുമുണ്ട്, ഒരു തൊഴിലിടം എന്ന നിലയിൽ സിനിമ /നാടക മേഖലയെ എങ്ങനെയാണ് സിജി നോക്കി കാണുന്നത്. സ്ത്രീ സൗഹാർദ്ദപരമാണോ നമ്മുടെ കലാരംഗം?

 

ലിംഗപരമായ വിവേചനം എല്ലാ മേഖലയിലും നിലനിൽക്കുന്നുണ്ട്. വ്യക്തിപരമായി അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. നാടകം കൂട്ടായ്മയുടെ കലയാണ്. അവിടെ ഒരിക്കലും വലുപ്പചെറുപ്പം ഉണ്ടാവാറില്ല. സിനിമയിൽ കാലകാലങ്ങൾ ആയി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉണ്ട്. വ്യക്തിപരമായി അനുഭവങ്ങൾ ഇല്ലെങ്കിൽപ്പോലും അങ്ങനെ ഒന്നും ഇല്ല എന്ന് പറയാൻ പറ്റില്ല. നിരവധി പേർ പല തരത്തിൽ ഉള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. സ്ത്രീ മുന്നോട്ട് വരുമ്പോൾ ഏത് മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. അവളെ അംഗീകരിക്കാൻ സമൂഹത്തിലെ ഒരു വിഭാഗത്തിന് ഇപ്പോഴും വൈമനസ്യം ഉണ്ട്. മുന്നോട്ട് വരിക എന്നത് മാത്രമാണ് പ്രതിവിധി. തൊഴിലിടം എന്ന നിലയിൽ പറയുമ്പോൾ ഏത് രംഗത്തും പ്രശ്നങ്ങൾ ഉണ്ടാവും അതിനെ അതിജീവിച്ചു മുന്നോട്ടുപോകാൻ കഴിയുമ്പോൾ മാത്രമേ നിലനിൽക്കാൻ കഴിയുകയുള്ളു. കലാരംഗം സ്ത്രീ സൗഹാർദ്ദപരമാണ് എന്ന് എന്റെ അഭിപ്രായം. ഇന്ന് സിനിമയിലും നാടകത്തിലും എല്ലാം എല്ലാ മേഖലയിലും സ്ത്രീകൾ കടന്നുവന്നിട്ടുണ്ട്. കൂടുതൽ സ്ത്രീ മുന്നേറ്റം ഈ മേഖലകളിൽ ഉണ്ടാവും എന്നാണ് എന്റെ വിശ്വാസം.

സംസ്ഥാന ചലച്ചിത്ര അവാർഡ് എന്ന ഈ വലിയ പുരസ്കാരം സിജി എന്ന അഭിനേത്രിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ എത്ര ആത്മവിശ്വാസം നൽകുന്നുണ്ട്?

 

ആത്മവിശ്വാസവും പ്രചോദനവും ആണ് ഈ അവാർഡ്. കൂടുതൽ വേഷങ്ങൾ ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടാവണം എന്ന പ്രാർത്ഥന ഉണ്ട്. സിനിമ യെ സ്നേഹിക്കുന്ന ഏതൊരു സിനിമ പ്രവർത്തകനും ആഗ്രഹിക്കുന്ന ഈ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ട്. കൂടുതൽ ആത്മ വിശ്വാസവും തോന്നുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.