മട വീഴ്ച; പാടശേഖരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മട കുത്തണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ

Web Desk

ആലപ്പുഴ

Posted on August 12, 2020, 6:33 pm

കുട്ടനാട്ടിലെ മട വീഴ്ച ഉണ്ടായ പാടശേഖരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മട കുത്തണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയത്.

അതത് പാടശേഖര സമിതികളാണ് മട കുത്തേണ്ടത്. കൃഷിക്കാർക്കുണ്ടായ നഷ്ടപരിഹാരം ഉടൻ തിട്ടപ്പെടുത്തണം. ആവശ്യമെങ്കിൽ ഡ്രോൺ സൗകര്യം ഉപയോഗിച്ച് കൃഷി നാശത്തിന്റെ അളവ് തിട്ടപ്പെടുത്തണം. വിവിധ വകുപ്പുകളെ ചേർത്ത് കമ്മിറ്റി രൂപീകരിച്ച് ചെളിനീക്കൽ, വെള്ളം വറ്റിക്കൽ തുടങ്ങിയവ ചെയ്യാനും മന്ത്രി നിർദ്ദേശിച്ചു.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ, ജലസേചനം, പുഞ്ച സ്പെഷ്യൽ ഓഫിസർ, കുട്ടനാട് പാക്കേജ് എഞ്ചിനീയർ, എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിക്കുക. രണ്ടാം കൃഷി നശിച്ചവർക്ക് ആവശ്യമെങ്കിൽ വീണ്ടും കൃഷി ചെയ്യുന്നതിനായി നൽകേണ്ട വിത്തുകളുടെ കണക്ക് കൃഷി ഓഫീസർ തിട്ടപ്പെടുത്തണം. 4322.94 ഹെക്ടർ പാടശേഖരത്തിലാണ് നിലവിൽ വെള്ളം കെട്ടി നിൽക്കുന്നത്. 37 പാടശേഖരങ്ങളിൽ മട വീണു.

Eng­lish sum­ma­ry: Sunilku­mar on kut­tanad rain cri­sis

You may also like this video: