Web Desk

ദോഹ

May 13, 2022, 12:01 pm

ലോക അത്‌ലറ്റിക്‌സിലെ സൂപ്പര്‍ താരങ്ങള്‍ ഇന്ന് ഖത്തറില്‍ ഏറ്റുമുട്ടുന്നു

Janayugom Online

ഖത്തറില്‍ ലോക അത്‌ലറ്റിക്‌സിലെ സൂപ്പര്‍ താരങ്ങള്‍ ഇന്ന് ഏറ്റുമുട്ടുന്നു. ലോക അത്‌ലറ്റിക്‌സ് സീസണിന്റെ ആരംഭം കുറിച്ച് ദോഹ ഡയമണ്ട് ലീഗിലൂടെ പുതു വര്‍ഷത്തെ ട്രാക്ക്-ഫീല്‍ഡ് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുകയാണ്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ 13 ലീഗുകളായി നീളുന്ന ഡയമണ്ട് ലീഗിലെ ആദ്യ ചാമ്പ്യന്‍ഷിപ്പിനാണ് ദോഹ വേദിയാവുന്നത്. വിവിധ ഇനങ്ങളിലായി ലോക അത്‌ലറ്റിക്‌സിലെ സൂപ്പര്‍ താരങ്ങള്‍ ട്രാക്കില്‍ മാറ്റുരക്കും. പുരുഷ വിഭാഗത്തില്‍ എട്ടും, വനിതകളില്‍ ആറും ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ സുഹൈം ബിന്‍ ഹമദ് സ്‌റ്റേഡിയമാണ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്.

വൈകുന്നേരം അഞ്ചിന് ഖത്തര്‍ അത്‌ലറ്റുകളുടെ മത്സരങ്ങളോടെ തുടക്കമാവും. 6.10നാണ് ഡയമണ്ട് ലീഗ് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. 14 ഇനങ്ങളിലായി 170 ഓളം അത്‌ലറ്റുകള്‍ മത്സരത്തിനിറങ്ങുന്നുണ്ട്. ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം ചൂടിയ ശേഷം ആദ്യ ജംപിനിറങ്ങുന്ന മുഅതസ് ബര്‍ഷിം തന്നെയാണ് താരം. സ്വന്തം മണ്ണില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഇറങ്ങാന്‍ കഴിയുന്നത് അഭിമാന നിമിഷമാണെന്ന് വ്യാഴാഴ്ച നടന്ന വാര്‍ത്തസമ്മേളനത്തില്‍ താരം പറഞ്ഞു. എങ്കിലും, സീസണിലെ ആദ്യ മത്സരം തന്നെ അന്താരാഷ്ട്ര മേളയായി മാറിയതില്‍ താരം ആശങ്കയും പ്രകടിപ്പിച്ചു.

ദോഹ അല്ലായിരുന്നു വേദിയെങ്കില്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ ഞാനിറങ്ങുമായിരുന്നില്ല. എന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കൂടുതല്‍ ആവേശത്തോടെ മത്സരിക്കാന്‍ കഴിയും. സാധാരണ ചെറിയ ചാമ്പ്യന്‍ഷിപ്പുകളിലൂടെയാണ് തുടക്കം. ഇക്കുറി നേരിട്ട് വലിയ മത്സരത്തിലിറങ്ങുന്നത് കഠിനമാണ്. പരിചയ സമ്പത്തും, ഹോം ഇഫക്ടും ഗുണകരമാവും. കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ലക്ഷ്യം’ ‑മുഅതസ് ബര്‍ഷിം പറഞ്ഞു. അബ്ദുറഹ്‌മാന്‍ സാംബ (400 മീ. ഹര്‍ഡില്‍സ്), ഫെമി സെന്‍ ഒഗുനോഡെ (200 മീ.), മുസാഇബ് അബ്ദുല്‍റഹ്‌മാന്‍ ബല്ല, അബ്ദുറഹ്‌മാന്‍ സഈദ് ഹസന്‍ (800 മീ.), മുസാബ് ആദം അലി (1500 മീ.) എന്നീ ഖത്തര്‍ താരങ്ങളും ട്രാക്കിലിറങ്ങുന്നുണ്ട്.

Eng­lish sum­ma­ry; Super­stars from World Ath­let­ics meet in Qatar today

You may also like this video;