കുരീപ്പുഴ ശ്രീകുമാർ

വർത്തമാനം

February 06, 2020, 5:15 am

അന്ധവിശ്വാസ പ്രചാരണം കുറ്റകരം

Janayugom Online

ആദരണീയനായ കേരള മുഖ്യമന്ത്രി അടുത്തകാലത്ത് നടത്തിയ ചില പ്രതികരണങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. പാലക്കാട്ട് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ചപ്പോൾ, അന്ധവിശ്വാസപ്രചാരണം ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതഭരണഘടനയിൽ പൗരന്റെ മൗലിക കർത്തവ്യങ്ങളെകുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ആർട്ടിക്കിൾ 51 എ(എച്ച്) വിഭാഗത്തിലാണ് സംശയരഹിതമായി ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്ക്കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കുക എന്നാണു ഭരണഘടനയിൽ ഉള്ളത്. അന്ധവിശ്വാസ പ്രചാരണം തീർച്ചയായും ശാസ്ത്രീയമായ കാഴ്ചപ്പാടിന് എതിരാണല്ലോ. അതുകൊണ്ടുതന്നെ അത് ഭരണഘടനാ ലംഘനവുമാണ്. നമ്മുടെ നാട്ടിൽ വ്യാപകമായി ഭരണഘടനാലംഘനം നടന്നുകൊണ്ടിരിക്കുന്നു. ദുർമന്ത്രവാദത്തെ തുടർന്നുണ്ടാവുന്ന നരഹത്യകൾ ഭരണഘടനയെ നോക്കി കൊഞ്ഞനം കുത്തുന്നു. ശാസ്ത്രാന്വേഷണത്തിനു പകരം ഉപേക്ഷിക്കപ്പെട്ട യാഗങ്ങളും ജാതിതിരിച്ചുള്ള താലപ്പൊലികളും ചമയവിളക്കുകളും തുടർന്നുകൊണ്ടിരിക്കുന്നു.

റോക്കറ്റ് വിടുമ്പോൾപോലും നാളീകേരം ഉടച്ച് ശാസ്ത്രജ്ഞന്മാർ പ്രാകൃത വിശ്വാസത്തെ സാധൂകരിക്കുന്നു. പ്രളയത്തിൽ പെട്ട് കേരളം നട്ടം തിരിയുമ്പോഴും അമ്പലപ്പറമ്പുകളിൽ പൊങ്കാലയും സപ്താഹവും പൊടിപൊടിക്കുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള അട്ടഹാസങ്ങളും പാരഡി ഭക്തിപ്പാട്ടുകളും തെരുവു തകർക്കുന്നു. ചൊവ്വയിലേക്ക് ശാസ്ത്രാന്വേഷണങ്ങൾ നീളുമ്പോഴും ചൊവ്വാദോഷം ജീവിത വിഘ്‌നമായി നിലകൊള്ളുന്നു. ഇതൊക്കെ മനസ്സിനെ വിഷമിപ്പിക്കുന്നത് കൊണ്ടാകാം മുഖ്യമന്ത്രി ഈ ഭരണഘടനാ ലംഘനത്തെ കുറിച്ച് ഓർമ്മിപ്പിച്ചത്. സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകത്തിന്റെ പ്രാധാന്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ദൈവദശകം കേൾക്കുമ്പോൾ എഴുന്നേറ്റുനിന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവർ, അതിനുശേഷമുണ്ടായ സയൻസ് ദശകത്തെ അവഗണിക്കുകയാണ് പതിവ്. ആ കവിത ശാസ്ത്ര കോണ്‍ഗ്രസിൽ മാത്രമല്ല, വിദ്യാലയങ്ങളിലുടനീളം പരിചയപ്പെടുത്തുന്നത് ഭരണഘടനാ മൂല്യങ്ങളെ നിലനിർത്താൻ സഹായിക്കും.

അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള ബോധവൽക്കരണം പുതുതലമുറയിൽ സൃഷ്ടിക്കുവാൻ സയൻസ് ദശകത്തിനു കഴിയും. കേളപ്പന്റെയും പി കൃഷ്ണപിള്ളയുടെയും ഏ കെ ജി യുടെയും മറ്റും പ്രവർത്തന ഫലമായാണ് ഗുരുവായൂർ അമ്പലം എല്ലാ ഭക്തജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തത്. അവിടെ ഒരു യോഗത്തിനെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആദർശങ്ങളെ ഒഴിവാക്കാതെതന്നെ അവിടെയാണോ കൃഷ്ണൻ ഉള്ളത് എന്ന് ചോദിക്കുകയായിരുന്നു. പ്രധാനമന്ത്രി വന്നു ത്രാസിൽ തൂങ്ങി അന്ധവിശ്വാസത്തെ വിശ്വാസപ്പട്ടികയിൽ പെടുത്തി സാധൂകരിച്ച സ്ഥലമാണത്. ഒരു മുൻ മുഖ്യമന്ത്രിയുടെ സ്ഥിരം സന്ദർശനസ്ഥലം. അവിടെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി മാതൃകയായത്. കേരളീയരിൽ പേരിനോടൊപ്പം ജാതിപ്പേർ വയ്ക്കുന്ന പ്രവണത വർധിച്ചു വരുന്നതിനെയും മുഖ്യമന്ത്രി അടുത്ത കാലത്ത് വിമർശിച്ചിരുന്നു.

കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭയിൽ ജാതിവാലുള്ള ഒരാൾപോലും ഇല്ലെന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അഭിമാനകരമായ കാര്യം. പുരോഗമന വീക്ഷണമുള്ള കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിനു മുന്നിൽ രണ്ടു പ്രധാന പ്രശ്നങ്ങൾ തുടർ നടപടികൾക്കായി അവശേഷിക്കുന്നുണ്ട്. ഒന്ന് അന്ധവിശ്വാസ (ദുർമന്ത്രവാദ) നിർമ്മാർജ്ജന നിയമം. കേരളത്തിലെ സാംസ്കാരിക സംഘടനകൾ ബില്ലായിത്തന്നെ എഴുതിയുണ്ടാക്കി മുൻ ഭരണാധികാരികളുടെ മുന്നിൽ സമർപ്പിച്ചതാണ്. അത് പരിഗണിക്കണം. രണ്ട്, കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് സൈമൺ ബ്രിട്ടോ നിയമസഭയിൽ അവതരിപ്പിച്ച മൃതദേഹ സംസ്ക്കരണം സംബന്ധിച്ച ബിൽ കണ്ടെടുത്തു പരിഗണിക്കണം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ശാസ്ത്രാവബോധം വളർത്താനുള്ള നടപടികൾ ഭരണതലത്തിൽ നിന്നുതന്നെ ഉണ്ടാകേണ്ടതുണ്ട്.