പ്രവർത്തനമേഖല വിപുലീകരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. വടുതല സപ്ലൈകോ ടീ ഗോഡൗൺ അങ്കണത്തിൽ ടീ ബ്ലെൻഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളുടെയും വിപണന മേഖലയിലേക്ക് സപ്ലൈകോ കടന്നു ചെല്ലണം. അവശ്യസാധന വില പിടിച്ചു നിർത്താൻ വലിയ ഇടപെടലാണ് സപ്ലൈകോ നടത്തുന്നത്. അതുകൊണ്ടു തന്നെ വലിയ ബാധ്യതയും ഏറ്റെടുക്കേണ്ടി വരുന്നു. ഇത് മറികടക്കാൻ വിവിധ പദ്ധതികളാണ് തയാറാക്കുന്നത്. മാവേലി സ്റ്റോറുകളെ സൂപ്പർ മാർക്കറ്റുകളാക്കാനും സൂപ്പർ മാർക്കറ്റുകളെ ഹൈപ്പർ മാർക്കറ്റുകളാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ എല്ലാ കൺസ്യൂമർ ഫെഡ് ഔട്ട്ലൈറ്റുകളെയും ഒരു കുടക്കീഴിലാക്കാനും ശ്രമിക്കുന്നു. നോൺ സബ്സിഡി ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യത ലഭിക്കും.
ഗൃഹോപകരണ മേഖലയിൽ എക്സ്ക്ലൂസീവ് ഷോറൂമുകൾ വിവിധ നഗരങ്ങളിൽ ആരംഭിക്കും. കെട്ടിട നിർമ്മാണ ഉത്പന്നങ്ങളുടെ വിപണന സാധ്യതയും പരിശോധിക്കുന്നു. തേയില വ്യാപാരത്തിലൂടെ സപ്ലൈകോയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട്. എല്ലാ റേഷൻ കടകളിലും തേയില വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഉത്പാദനം കൂട്ടാൻ കഴിയാതെ വന്നതിനാൽ എല്ലായിടത്തുമെത്തിക്കാൻ കഴിഞ്ഞില്ല. ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലെൻഡിംഗ് യൂണിറ്റ് ആരംഭിക്കുന്നത്. സപ്ലൈകോ പുറത്തിറക്കിയ ടീ ബാഗുകൾ എല്ലാ ഔട്ട് ലെറ്റുകളിലും ഉടൻ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വിപണി ഇടപെടലിനായി ഓരോ ബജറ്റിലും 200 കോടിയാണ് സർക്കാർ നീക്കിവെക്കുന്നത്. സപ്ലൈകോയുടെ ആദ്യ ടീ ബ്ലെൻഡിംഗ് യൂണിറ്റ് ചുള്ളിക്കലാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ യൂണിറ്റാണ് വടുതലയിൽ ആരംഭിച്ചിരിക്കുന്നത്. സപ്ലൈകോയുടെ തനത് ഉത്പന്നമായ ശബരി ചായയുടെ ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലെൻഡിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്. ടീ ബ്ലെൻഡിംഗ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും യൂണിറ്റ് അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.
ടിജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ സൗമിനി ജെയിൻ, സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎൻ സതീഷ്, കൗൺസിലർമാരായ ഡെലീന പിൻഹീറോ, ആൻസ ജെയിംസ്, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കെഎ അലോഷ്യസ്, മനോജ് കുമാർ, സപ്ലൈകോ ജനറൽ മാനേജർ ആർ റാം മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.