കാനം രാജേന്ദ്രന്‍

April 01, 2021, 5:17 am

പുതിയ കേരളത്തിനായുള്ള പിന്തുണ

Janayugom Online

പ്രിൽ ആറിന് കേരളത്തിലെ വോട്ടർമാർ തങ്ങളുടെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനായി പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. പ്രളയവും ഓഖിയും നിപയുമെല്ലാം ദുരന്തങ്ങളായി നമ്മുടെ മുന്നിൽ എത്തിയപ്പോഴും പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുവാൻ സാധ്യമാകുന്ന തരത്തിൽ തന്നെയാണ് സർക്കാർ മുന്നോട്ടു പോയത്. എന്നാൽ കോവിഡിന്റെ വരവും അതിന്റെ പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള ലോക്ഡൗണും പ്രകടന പത്രിക നടപ്പാക്കൽ പ്രക്രിയ പ്രായോഗികമാക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയായിരുന്നു.

സർക്കാർ സംവിധാനങ്ങളെ പ്രതിരോധ പ്രവർത്തനങ്ങളിലും ബോധവൽക്കരണത്തിലും കേന്ദ്രീകരിക്കേണ്ട സാഹചര്യവുമുണ്ടായി. എങ്കിലും പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ അപൂർവം ചിലതൊഴിച്ച് പൂർത്തീകരിച്ചു എന്ന അഭിമാനം തന്നെയാണ് സംസ്ഥാന സർക്കാരിനുള്ളത്.

അതോടൊപ്പം തന്നെ പ്രകടന പത്രികയിൽ പറയാത്ത നിരവധി കാര്യങ്ങൾ ചെയ്തുതീർക്കുന്നതിനും, ഈ കാലയളവിൽ ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നതിനും കഴിഞ്ഞിട്ടുണ്ടെന്നത് ഏവരും അംഗീകരിക്കുന്നതാണ്.

വികസനത്തിന് ഏറ്റവും പ്രധാനമായൊരു ഘടകമാണ് സമാധാനപൂർവവും ഐക്യത്തോടെയുമുള്ള ജനങ്ങളുടെ ജീവിതം. അത് രൂപപ്പെടുത്തുന്നതിനുള്ള ശക്തമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞു. ഭദ്രമായ ക്രമസമാധാന നിലയും മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലുള്ള ജീവിതക്രമവും ശക്തമായി തുടരുന്നത് അതിന്റെ ഫലംകൂടിയാണ്.

ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉല്പാദനം വർധിപ്പിച്ച് അവ നീതിയുക്തമായി വിതരണം ചെയ്യുന്നതിനുമുള്ള ഇടപെടലുകളും സർക്കാർ നടത്തുകയുണ്ടായി.

ലോകത്തെമ്പാടുമുള്ള വിജ്ഞാനങ്ങളെ തുറന്ന മനസോടെ സ്വീകരിച്ചുകൊണ്ട് അതിനെ നമ്മുടെ വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുക എന്ന നയം സർക്കാർ നടപ്പിലാക്കി.

നമ്മുടെ വികസനത്തിന്റെ ദൗർബല്യങ്ങളായി പൊതുവിൽ വിലയിരുത്തിയ കാർഷിക, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനും സർക്കാർ ഇടപെട്ടിട്ടുണ്ട്. അടിസ്ഥാന മേഖലാ വികസനം ദുർബലമായി കിടന്നത് മൂലധന നിക്ഷേപത്തെ തളർത്തുന്നു എന്ന സ്ഥിതിയെ മറികടക്കുന്നതിന് ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ടെന്നതും അഭിമാനകരമാണ്.

പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങളെ സവിശേഷമായി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിന് ഊന്നൽ നൽകി എന്നതും സർക്കാരിന്റെ വികസന നയത്തിന്റെ സവിശേഷതയാണ്.

പരിസ്ഥിതി സൗഹാർദ്ദപരമായ വികസന കാഴ്ചപ്പാട് പ്രായോഗികമാക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്.

സർക്കാരിന്റെ നയങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഭരണയന്ത്രത്തെ ജനസൗഹൃദപരവും കാര്യക്ഷമവുമാക്കാൻ ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏറെ കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളുടെ അടിത്തറയിലാണ് കേരളത്തിലെ സാമ്പത്തിക ഘടന രൂപംകൊണ്ടിരിക്കുന്നത്. ഈ കാലയളവിൽ സമ്പദ്ഘടന ആർജിച്ച കരുത്ത് കുറച്ച് വർഷങ്ങളായി കേരളം അനുഭവിക്കേണ്ടിവന്ന ആഘാതങ്ങളുടെ പരമ്പരയെ നേരിടാൻ സഹായിച്ചിട്ടുണ്ട്.

അഭൂതപൂർവമായ രണ്ട് വെള്ളപ്പൊക്കങ്ങൾ, നിപ വൈറസ് അണുബാധ, കോവിഡ് 19 മഹാമാരി എന്നിവയുടെ ആഘാതങ്ങൾ നേരിടുന്നതിനും സാമൂഹ്യ സുരക്ഷ വർധിപ്പിക്കുന്നതിനും ഉപജീവന അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി നടപടികൾ സ്വീകരിച്ചു.

വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന രീതിയിലുള്ള മാനവ വികസന നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൂചകങ്ങൾ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനം നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണ്.

നൂതന ആശയങ്ങളിലും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവി വിജയത്തിന് ഉത്തമമായിരിക്കും. കേന്ദ്ര സമ്പദ്‌വ്യവസ്ഥയുടെ ആധുനികവൽക്കരണത്തിനായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കേണ്ടതായിട്ടുണ്ട്. 2019–20ൽ നെല്ലിന്റെ ഉല്പാദനവും ഉല്പാദന ക്ഷമതയും 2018–19നെ അപേക്ഷിച്ച് യഥാക്രമം 1.52 ശതമാനവും, 5.24 ശതമാനവും വർധിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന ഉല്പാദന ശേഷി, ഹെക്ടറിന് 3,073 കിലോ, 2019–20 ൽ രേഖപ്പെടുത്തി. 2019–20ൽ സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം 14.9 ലക്ഷം ടണ്ണാണ്. പച്ചക്കറി ഉല്പാദനത്തിൽ 2018–19ൽ നിന്നും 23 ശതമാനം വർധനവാണ് ഉണ്ടായത്.

സംസ്ഥാന കൃഷി വികസന, കർഷകക്ഷേമ വകുപ്പ്, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, കേരള സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നീ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതികളിലൂടെ ലഭിക്കുന്ന പിന്തുണയാണ് പച്ചക്കറി ഉല്പാദനവും വിസ്തൃതിയും വർധിക്കുവാന്‍ കാരണം.

എല്ലാ മേഖലകളിലുംപോലെ, കോവിഡ് 19 പകർച്ചവ്യാധി കൃഷിയെ പലവിധത്തിൽ ബാധിച്ചു. സർക്കാരിന്റെ ഇടപെടൽമൂലം പല വിഷമതകളുടേയും ആഘാതം കുറയ്ക്കാനായി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും കൃഷിയുടെ വിസ്തൃതി കൂടിയും ഭക്ഷ്യോല്പാദനം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചു.

സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ സാമ്പത്തിക സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണ്. കേരള ബാങ്ക് രൂപീകരണത്തോടെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന് വലിയ മുന്നേറ്റമാണുണ്ടായത്. 769 ശാഖകളിലൂടെയാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത്. ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷാ പെൻഷൻ, സാമ്പത്തിക സഹായം തുടങ്ങിയ വിവിധതരം പിന്തുണ ജനങ്ങൾക്ക് നൽകുന്നതിലും സഹകരണ ബാങ്ക് മുൻപന്തിയിലാണ്.

പരിസ്ഥിതി സംരക്ഷണവും പരിപാലനവും സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളുടേയും ഒരു പ്രമുഖ പരിഗണന ആയിരുന്നു. ഹരിതകേരളം മിഷൻ, ജലസംരക്ഷണവും മാലിന്യ നിർമ്മാർജനവും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തി.

പ്രാദേശിക ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി ഹരിതകേരളം മിഷൻ 1000 പച്ചത്തുരുത്ത് എന്ന നൂതന പദ്ധതി 2019ൽ ആരംഭിച്ചു. വിപുലമായ പൊതുവിതരണ ശൃംഖലയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ പ്രത്യേക ശ്രമങ്ങൾ നടത്തി, പ്രത്യേകിച്ചും കോവിഡ് 19 പകർച്ചവ്യാധി പ്രതിസന്ധിഘട്ടത്തിൽ.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 പ്രകാരം മുഴുവൻ റേഷൻ കാർഡ് ഡാറ്റായും ഡിജിറ്റലൈസ് ചെയ്യുകയും ഗുണഭോക്താക്കളെ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ പൂർത്തിയായി വരുന്നു. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷൻ കാർഡിന്റെ ഇന്റർ സ്റ്റേറ്റ് പോർട്ടബിലിറ്റി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 972 രൂപ വില വരുന്ന 17 ഇനം അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ അതിജീവന കിറ്റ് സംസ്ഥാനത്തെ 87.9 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. കൂടാതെ എല്ലാ വിഭാഗത്തിലുള്ള കുടുംബങ്ങൾക്കും 300 കോടി രൂപയുടെ സൗജന്യ റേഷൻ വിതരണം ചെയ്തു. കുടിയേറ്റ/അതിഥി തൊഴിലാളികൾക്ക് സൗജന്യമായി ഒരാൾക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ നാല് കിലോ ആട്ട എന്ന രീതിയിൽ വിതരണം ചെയ്തു.

കേരളത്തിലെ ആരോഗ്യ മേഖല മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണ്. അത് ഈ മേഖലയിലെ നേട്ടങ്ങളുടെ കാര്യത്തിൽ മാത്രമല്ല, പൊതുജനാരോഗ്യ ആവശ്യകതകൾ കൈകാര്യം ചെയ്യുന്നതിലുള്ള മികവുകൊണ്ടു കൂടിയാണ്. നിപയും കോവിഡ് 19 ഉം കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ സംവിധാനം അവസരത്തിനൊത്ത് ഉയർന്നു. കോവിഡ് 19 മഹാമാരിയെ നേരിടാൻ സഹായിച്ചത് സംസ്ഥാനത്തെ ശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ്.

2020 ജൂലൈ ഒന്നു മുതൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) അഞ്ച് ലക്ഷം രൂപയുടെ കവറേജ് നൽകുന്ന അഷ്വറൻസ് രീതിയിലാണ് നടപ്പാക്കുന്നത്. മൊത്തം 41.41 ലക്ഷം കുടുംബങ്ങൾക്ക് കാസ്പ് പദ്ധതിയിൽ പരിരക്ഷ ലഭിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന നിക്ഷേപങ്ങൾക്ക് കേരളം പ്രസിദ്ധമാണ്. ഇക്കാര്യത്തെ പ്രധാന ഇടപെടലുകളിലൊന്നാണ് പെൻഷൻ രംഗത്ത് നടത്തുന്നവ.

സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻകാരുടെ എണ്ണം 49.14 ലക്ഷമാണ്. 2015ൽ 600 രൂപയായിരുന്ന വാർധക്യകാല പെൻഷൻ 2020 ആയപ്പോഴേക്കും 1400 രൂപയായി വർധിപ്പിച്ചു. ഏപ്രിൽ മുതൽ 1600 രൂപ പ്രതിമാസ പെൻഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കേരളം തൊഴിലാളി സൗഹൃദ നയങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പകർച്ചവ്യാധി സമയത്ത് അതിഥി തൊഴിലാളികൾക്ക് നൽകിയ പിന്തുണ ശ്രദ്ധേയമാണ്.

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും നൽകി. അവരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. എല്ലാവർക്കും പാർപ്പിടം നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ സംസ്ഥാനത്തെ പാർപ്പിട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകി ലൈഫ് മിഷൻ എന്ന പദ്ധതി സർക്കാർ ആരംഭിച്ചു.

2020 ഡിസംബർ ഒന്നിലെ കണക്കുകൾ പ്രകാരം 2,43,522 വീടുകൾ മിഷൻ പൂർത്തിയാക്കി. പ്രാദേശിക സർക്കാരുകൾ സംസ്ഥാനത്ത് പ്രധാനപ്പെട്ടതും ശക്തവുമായ ഭരണ സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. മൊത്തത്തിലുള്ള ആസൂത്രണത്തിലും നടപ്പാക്കലിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.

പ്രകൃതിക്ഷോഭത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആഘാതം ലഘൂകരിക്കാനും ദുരന്ത തയ്യാറെടുപ്പ് മെച്ചപ്പെടുത്താനും രാജ്യത്ത് ആദ്യമായി കേരളത്തിലെ പ്രാദേശിക സർക്കാരുകൾ 2020 ജനുവരി-മാർച്ച് കാലഘട്ടത്തിൽ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കി. എല്ലാ പ്രവർത്തനങ്ങൾക്കും കോവിഡ് 19 മഹാമാരി വലിയ ആഘാതമായി.

2020 ജനുവരി 30ന് കോവിഡിന്റെ ആദ്യ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻതന്നെ സംസ്ഥാനത്തെ ആരോഗ്യ സംവിധാനം ദ്രുതഗതിയിൽ പ്രതിസന്ധിയോട് പ്രതികരിച്ചു. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ എല്ലാ സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ചു.

സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പൊതുഇടപെടലുകളുടെ ശക്തി കേരളം വീണ്ടും ലോകത്തിന് കാട്ടിത്തന്നു. കോവിഡ് 19 പകർച്ചവ്യാധിയെ സംസ്ഥാനം കൈകാര്യം ചെയ്ത രീതി ലോകമെമ്പാടും പ്രശംസ നേടി. എല്ലാ ജനങ്ങളുടെ ക്ഷേമവും ലിംഗനീതിയും ഉറപ്പാക്കാനുള്ള നയങ്ങളും പരിപാടികളും വിജയകരമായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്.

പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾക്ക് കേരളീയ സമൂഹത്തിന്റെ ശക്തമായ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പ് വിധിയെഴുത്തിലും ഉണ്ടാകുമെന്ന് ഉറപ്പാണ്.