Web Desk

ന്യൂഡല്‍ഹി

November 21, 2020, 10:44 pm

താങ്ങുവില: കേന്ദ്രത്തിന്റെ പ്രഖ്യാപനം പാഴായി

വർധന നാമമാത്രമാണെന്ന് സംസ്ഥാനങ്ങൾ നടപ്പിലാക്കാതെ ബിജെപി ഭരണ സംസ്ഥാനങ്ങളും
Janayugom Online

ചരിത്രപരമെന്ന വിശേഷണത്തോടെ ആറ് റാബി വിളകള്‍ക്കുള്ള താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപടി കർഷകർക്ക് ഗുണംചെയ്തില്ല. കര്‍ഷക ദ്രോഹ ബില്ലുകള്‍ പാസാക്കിയതിനു പിന്നാലെ രാജ്യത്തുയർന്ന പ്രതിഷേധം തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം താങ്ങുവില വർധിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. എന്നാൽ പല സംസ്ഥാനങ്ങളും വർധന നാമമാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഇത് നടപ്പിലാക്കിയിട്ടില്ല. കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില അപര്യാപ്തമാണെന്ന് കര്‍ഷകരും പറയുന്നു. ഇതിനെതിരെ ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന, ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും താങ്ങുവിലയ്ക്കെതിരെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. വർധന കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. 

2020–21 കാലയളവിലെ ഗോതമ്പ്, ബാര്‍ലി, പയര്‍, കടുക്, പരിപ്പ്, സൺഫ്ലവര്‍ തുടങ്ങിയ ആറ് ഇനം റാബി വിളകളുടെ താങ്ങുവിലയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വര്‍ധിച്ച ഉല്പാദന ചെലവ് അനുസരിച്ച് താങ്ങുവില നിര്‍ണയിക്കാന്‍ യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. താങ്ങുവില സംബന്ധിച്ച് ഝാര്‍ഖണ്ഡ്, യുപി, ബിഹാര്‍, ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍ കേന്ദ്ര കൃഷി മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഉചിതമായ പ്രതിഫലം ലഭിക്കണമെങ്കില്‍ നിലവില്‍ പ്രഖ്യാപിച്ച താങ്ങുവില വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ കൃഷിയ്ക്കായി മൊത്തം ചെലവാകുന്ന തുകയുടെ അടിസ്ഥാനത്തില്‍ താങ്ങുവില കണക്കാക്കണമെന്നും ഇവര്‍ പറയുന്നു. 

താങ്ങുവിലയിൽ നേരിയ വര്‍ധനവ് വരുത്താനുള്ള കേന്ദ്ര തീരുമാനം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്നും അവരെ ദുരിതത്തില്‍ നിന്നും കരകയറ്റില്ലെന്നും സംസ്ഥാനങ്ങള്‍ പറയുന്നു. ക്വിന്റലിന് ഗോതമ്പ് 4,254 രൂപ, പരിപ്പ് 6,118 രൂപ, കടുക് 6,517 രൂപ എന്നിങ്ങനെ താങ്ങുവില നല്‍കണമെന്നാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കൃഷി മന്ത്രാലയത്തിന് ഓഗസ്റ്റ് 18ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 1,975 രൂപയാണ് കേന്ദ്രം ഗോതമ്പിന് പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില. പരിപ്പ്, കടുക് എന്നിവയ്ക്കും സംസ്ഥാന സര്‍ക്കാരുകൾ ആവശ്യപ്പെട്ടതിനേക്കാള്‍ വളരെ കുറവ് താങ്ങുവിലയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്തിന്റെ മൊത്തം ഗോതമ്പ് ഉല്പാദനത്തിന്റെ 31.5 ശതമാനവും യുപിയിലാണ്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് താങ്ങുവില ഉയര്‍ത്തണമെന്ന് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിപ്പ് ഒഴികെയുള്ള മറ്റ് റാബി വിളകള്‍ക്ക് ഏറ്റവും കൂടുതല്‍ താങ്ങുവില ആവശ്യപ്പെട്ടതും യുപി സര്‍ക്കാരാണ്. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ടതിനേക്കാള്‍ വളരെ തുച്ഛമായ തുകയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിന്റെയും ഛത്തീസ്ഗഢിന്റെയും കാര്യവും വ്യത്യസ്തമല്ല. കര്‍ഷക ബില്ലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴും കര്‍ഷകരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ പോലും മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നതെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് താങ്ങുവില പ്രഖ്യാപനമെന്നും കർഷക സംഘടനകൾ പറയുന്നു.

ENGLISH SUMMARY:Support price: The Cen­tre’s announce­ment made flop
You may also like this video