ജോലി തട്ടിപ്പ്: മുന്‍ സുപ്രീം കോടതി ജീവനക്കാരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

Web Desk
Posted on September 06, 2019, 5:56 pm

ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയ വനിതയാണ് ജോലി തട്ടിപ്പ് കേസിലെ പ്രതി.
സുപ്രീം കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് അന്‍പതിനായിരം രൂപ തന്റെ പക്കല്‍ നിന്ന് വാങ്ങിയെന്നാണ് മുപ്പത്തൊന്നുകാരനായ നവീന്‍കുമാര്‍ ആരോപിക്കുന്നത്. നിരവധി തവണ ഹര്‍ജിക്കാരന് നോട്ടീസ് നല്‍കിയിട്ടും പ്രതികരമില്ലാത്ത സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയതെന്ന് ഡല്‍ഹി കോടതിയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മനിഷ് ഖുറാന പറഞ്ഞു.
നവീന്‍കുമാറിനെ ഏപ്രില്‍ മാസം മുതല്‍ കാണാതായെന്ന് റിപ്പോര്‍ട്ടുണ്ട്. പത്ത് ലക്ഷം രൂപ നല്‍കിയാല്‍ ജോലി സംഘടിപ്പിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് അന്‍പതിനായിരം നല്‍കിയത്.
എന്നാല്‍ സംഭവവുമായി തനിക്കൊരു ബന്ധവുമില്ലെന്നും ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ തന്നെ ഇരയാക്കിയതാണെന്നുമാണ് വനിതയുടെ വാദം.