ശബരിമല തിരുവാഭരണം സംബന്ധിച്ച പന്തളം കൊട്ടാരത്തിലെ വലിയ‑ചെറിയ കോയിക്കല്‍ തര്‍ക്കം സംബന്ധിച്ച കേസില്‍ തിരുവാഭരണ സുരക്ഷ സംബന്ധിച്ച് നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് ഇത് സംബന്ധിച്ച കേസ് പരിഗണിച്ചത്. ശബരിമലയില്‍ അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത് പന്തളം രാജ കുടുംബത്തിലെ വലിയ കോയിക്കല്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള സ്ട്രോംഗ് റൂമിലാണ്. പന്തളം കൊട്ടാര നിര്‍വാഹക സമിതിക്കാരുടെ പക്കലാണ് താക്കോല്‍. താക്കോല്‍ കൈവശം വയ്ക്കുന്ന മൂന്നുപേരും കൊട്ടാരത്തിന്റെ ഒരു വിഭാഗമായ വലിയ കോയിക്കലിന്റെ ഭാഗമാണ്. കൊച്ചു കോയിക്കലിനെ പൂര്‍ണമായും ഒഴിവാക്കി തിരുവാഭരണം വലിയകോയിക്കലിന്റെ ഭാഗം ആക്കാനുള്ള നടപടി ആശങ്കപ്പെടുത്തുന്നത് എന്നാണെന്നാണ് കൊട്ടാരത്തിലെ അംഗങ്ങള്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്.
പന്തളം രാജകുടുംബത്തിന്റെ കൈവശം അയ്യപ്പ തിരുവാഭരണം സുരക്ഷിതമായിരിക്കുമോയെന്ന് വെള്ളിയാഴ്ച അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ കൈവശം വയ്ക്കുന്നത് സുരക്ഷിതമാണോ, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് അത് ഏറ്റെടുക്കാന്‍ സാധിക്കുമോ എന്നീ കാര്യങ്ങളിലാണ് നിലപാടറിയിക്കേണ്ടത്.
2006 ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്ന വിധിക്കെതിരേ പന്തളം കൊട്ടാരത്തിലെ പി രാമവര്‍മ്മ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. തിരുവാഭരണം ദൈവത്തിന്റെ ആഭരണമല്ലേ, അത് മടക്കി നല്കിക്കൂടെ. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് രമണ വാക്കാല്‍ ചോദിച്ചു. ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ, പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദ്ദേശം നല്‍കുന്നില്ല. തിരുവാഭരണത്തിന്റെ കാര്യത്തില്‍ രാജ കുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി വ്യക്തമാക്കി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.