ചീറ്റപ്പുലികള്‍ക്ക് ഇന്ത്യയിൽ അനുമതി നൽകി സുപ്രീം കോടതി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചീറ്റപ്പുലികള്ക്കാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഇന്ത്യയില്‍ വംശനാശം സംഭവിക്കുന്ന ചീറ്റപ്പുലികളുടെ ഇനത്തില്‍ പെട്ട പുലികളെ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തേയ്ക്ക് കൊണ്ടുവരാനാണ് കോടതി അനുമതി നല്‍കിയത്. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ആവശ്യ പ്രകാരമാണ് പഴയ ഉത്തരവ് കോടതി നീക്കിയത്. വന്യജീവി വിദഗ്ധരായ രഞ്ജിത് സിംഗ്, ധനഞ്ജയ് മോഹന്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാവണം ചീറ്റപ്പുലികളെ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് പുലികളെ പാർപ്പിക്കേണ്ടത്.
എന്നാൽ ഈ സ്ഥലം പുലികൾക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റണം. ആഫ്രിക്കയില്‍ നിന്നു ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം 2013ല്‍ സുപ്രീം കോടതി തടഞ്ഞിരുന്നു. ശരിയായ രീതിയില്‍ പഠനം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്ന് ഈ നീക്കം തടഞ്ഞത്. എന്നാല്‍, അപൂര്‍വ ഇനത്തിലുള്ള ഇന്ത്യന്‍ ചീറ്റകള്‍ രാജ്യത്ത് ഏറെക്കുറെ വംശനാശം സംഭവിച്ചതായി ചൂണ്ടിക്കാട്ടി ദേശീയ കടുവ സംരക്ഷണ അഥോറിറ്റി വീണ്ടും കോടതിക്ക് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
you may also like this video;