അതിര്‍ത്തി അടച്ച കര്‍ണ്ണാടകത്തിന്റെ നടപടിക്കെതിരെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കര്‍ണ്ണാടകത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. കാസര്‍കോടു നിന്നുള്ള രോഗികള്‍ക്ക് മംഗലാപുരത്തു ചികിത്സ തേടാന്‍ അതിര്‍ത്തി തുറക്കുന്നതിന് കേന്ദ്രം ഇടപെടണമെന്നായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. അതേസമയം നിലവിലെ സാഹചര്യം പരിഗണിച്ച് ഇരു സംസ്ഥാനങ്ങളും വിഷയത്തില്‍ തിടുക്കം കാട്ടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം സമാധാനപരമായി പരിഹരിക്കണം. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ഹെല്‍ത്ത് സെക്രട്ടറിമാരുമായും കേന്ദ്ര ഹെല്‍ത്ത് സെക്രട്ടറി ചര്‍ച്ച നടത്തണം. ആരോഗ്യപരമായ അടിയന്തരാവശ്യം വന്നാല്‍ രോഗികള്‍ക്ക് അതിര്‍ത്തി കടന്നു പോകുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റു സംഗതികളും യോഗം ചര്‍ച്ച ചെയ്യണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തി റോഡുകള്‍ കര്‍ണ്ണാടകം മണ്ണിട്ട് അടച്ചിരുന്നു. ഇതുമൂലം കാസര്‍കോട് നിന്നുള്ള രോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നതിനും ആവശ്യ സാധനങ്ങളുടെ ലഭ്യത കുറവിനും കാരണമാകുന്നെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദം കേട്ട ഹൈക്കോടതി കേരള-കര്‍ണ്ണാടക അതിര്‍ത്തി റോഡുകള്‍ തുറന്നു കൊടുക്കാന്‍ കേന്ദ്രത്തിനു നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു. ഇതിനെതിരെ കര്‍ണ്ണാടകം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനു പുറമെ കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ കര്‍ണ്ണാടകം അടച്ചതിനെതിരെ കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി ഇന്നലെ പരിഗണിച്ചു. കര്‍ണ്ണാടകത്തിന്റെ നടപടി മൂലം ചരക്കു നീക്കവും രണ്ടു രോഗികള്‍ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവവും ഉന്നയിച്ചാണ് ഉണ്ണിത്താന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
you may also like this video;
അതിര്‍ത്തികള്‍, പ്രത്യേകിച്ച് തലപ്പാടി, ഉള്‍പ്പെടെയുള്ളവ തുറക്കണമെന്നും ചരക്കു നീക്കവും രോഗികളെ വഹിച്ചു കൊണ്ടുള്ള ആംബുലന്‍സുകളുടെ നീക്കവും സാധ്യമാക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രണ്ടു ഹര്‍ജികളിലും വാദം കേട്ട സുപ്രീം കോടതി വിഷയത്തില്‍ ധൃതി വേണ്ടെന്ന് ഇരു സംസ്ഥാനങ്ങളോടും നിര്‍ദ്ദേശിച്ചു. അതിര്‍ത്തി തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 7വരെ തിടുക്കം കാട്ടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. തര്‍ക്കം സമാധാനപരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് കോടതി മുന്നോട്ടു വച്ചത്. കര്‍ണ്ണാടകത്തിന്റെ അപ്പീലില്‍ കേന്ദ്രത്തിനും കേരളത്തിനും നോട്ടീസയക്കാന്‍ ബെഞ്ച് ഉത്തരവായി. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനു മുന്‍തൂക്കം നല്‍കി തര്‍ക്കം രൂക്ഷമാകാതിരിക്കാനുള്ള നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.
അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി വരുന്ന വാഹനങ്ങള്‍ കടത്തി വിടുന്നതിനായി തടസ്സങ്ങള്‍ മാറ്റണം എന്നു മാത്രമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. അതിര്‍ത്തി അടച്ചതു മൂലം ചികിത്സ കിട്ടാതെ ആറു രോഗികളാണ് ഇതുവരെ മരിച്ചതെന്ന് കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ റോമി ചാക്കോ കോടതിയെ ബോധിപ്പിച്ചു. അതിര്‍ത്തി തുറന്നാല്‍ അത് പ്രാദേശികമായ എതിര്‍പ്പുകള്‍ക്കും നിയമ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുമെന്നും കര്‍ണ്ണാടക അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാഡ്ഗി സുപ്രീം കോടതില്‍ വാദിച്ചു. അതേസമയം കര്‍ണ്ണാടകത്തിനു ബാധകമാകുന്ന ഉത്തരവു പുറപ്പെടുവിക്കാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നത് ഉള്‍പ്പെടെയുള്ള കേസിന്റെ മറ്റ് വിഷയങ്ങളിലേക്ക് കോടതി കടന്നില്ല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.