September 26, 2022 Monday

Related news

September 14, 2022
September 13, 2022
September 5, 2022
August 17, 2022
August 12, 2022
August 12, 2022
August 3, 2022
July 19, 2022
July 11, 2022
July 11, 2022

കുടിയേറ്റ തൊഴിലാളികളുടെ യാത്രാപ്രശ്നം കൈകാര്യം ചെയ്തതില്‍ സുപ്രീംകോടതിക്ക് നീരസം

റെജി കുര്യന്‍
ന്യൂഡല്‍ഹി
May 28, 2020 4:13 pm

ലോക്ഡൗണിൽ കുടിയേറ്റ തൊഴിലാളികൾ അഭിമുഖീകരിച്ച യാത്രാപ്രശ്നം കേന്ദ്രവും സംസ്ഥാനങ്ങളും കൈകകാര്യം ചെയ്തതിൽ സുപ്രീംകോടതിക്ക് നീരസം. വിഷയത്തിൽ സർക്കാരിന് കൃത്യമായ നയമില്ലെന്നും കോടതി നിരീക്ഷിച്ചു. കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും മുതിർന്ന അഭിഭാഷകർ നൽകിയ കത്തും മറ്റ് അപേക്ഷകളും പരിഗണിച്ച് കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ട്രെയിനിലോ, ബസിലോ യാത്ര ചെയ്യുന്നതിന് കുടിയേറ്റ തൊഴിലാളികളില്‍നിന്നും യാത്രാക്കൂലി ഈടാക്കരുതെന്നും റയില്‍വേ യാത്രാക്കൂലി സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. സ്വന്തം നാട്ടിലേക്കു മടങ്ങുന്ന സമയംവരെ ഇവര്‍ക്കുള്ള ഭക്ഷണം ഇവര്‍ ഇപ്പോള്‍ ഉള്ള സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണം. ഏത് സംസ്ഥാനങ്ങളില്‍ നിന്നാണോ തൊഴിലാളികള്‍ യാത്ര തിരിക്കുന്നത് ആ സംസ്ഥാനം ആദ്യ ദിവസത്തെ ഭക്ഷണം ഉറപ്പാക്കണം. മറ്റു ദിവസങ്ങളിലെ ഭക്ഷണവും കുടിവെള്ളവും റയില്‍വേ നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

ബസ്സ് യാത്രയിലും ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, എസ് കെ കൗള്‍, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ശ്രദ്ധേയമായ വിധി പ്രസ്താവിച്ചത്. സ്വന്തം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവര രജിസ്ട്രേഷന്‍ എത്രയും വേഗത്തിലാക്കണം. അവരെ എത്രയും പെട്ടെന്ന് സ്വന്തം നാട്ടിലെത്തിക്കാനുള്ള യാത്രാ സൗകര്യങ്ങള്‍ ഒരുക്കണം. കുടിയേറ്റ തൊഴിലാളി കാല്‍നടയായി യാത്ര ചെയ്യുന്നതു കണ്ടാലുടന്‍ അവരെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റുകയും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച ചിറ്റമ്മ നയത്തിന് സുപ്രീം കോടതി വിധിയോടെ ഒരു പരിധിവരെ പരിഹാരമായി. കുടിയേറ്റ തൊളിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ വിഷയത്തില്‍ കോടതി ഇടപെടാത്തത് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ ദുഷ്യന്ത് ദവെ ഉള്‍പ്പെടെ രാജ്യത്തെ 20 മുതിര്‍ന്ന അഭിഭാഷകരും കോടതിക്ക് കത്തയച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഏകദേശം അമ്പതോളം ചോദ്യങ്ങള്‍ക്ക് കോടതി വിശദീകരണം തേടി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതില്‍ കോടതിക്ക് തര്‍ക്കമില്ല. എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് എല്ലാം അത് ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുടിയേറ്റ തൊഴിലാളികളെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന വാദം അംഗീകരിക്കുന്നു. എന്നാല്‍ യാത്ര തുടങ്ങുംവരെ എല്ലാവര്‍ക്കും ഭക്ഷണവും താമസസൗകര്യവും നല്‍കണം. എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് കോടതി എസ് ജിയോടു ചോദിച്ചു. തൊഴിലാളികളെ തിരിച്ചയക്കാന്‍ ഇനി എത്ര സമയം ആവശ്യമാണ്, ഇതിനായി എന്തൊക്കെ സജ്ജീകരണങ്ങള്‍ ഒരുക്കി, എന്ത് കേന്ദ്രീകൃതസംവിധാനമാണ് ഇതിനായി നടപ്പിലാക്കുന്നത്, എപ്പോള്‍ യാത്രതിരിക്കാന്‍ കഴിയുമെന്നത് തൊഴിലാളികള്‍ എങ്ങനെയാണ് അറിയുന്നതെന്നും കോടതി എസ് ജിയില്‍ നിന്നും വിശദീകരണം തേടി. സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം ഒരു സംസ്ഥാനത്തിനും നിഷേധിക്കാനാകില്ല.

യാത്രാക്കൂലി ഏത് സംസ്ഥാനം വഹിക്കണമെന്നതില്‍ അടിയന്തരമായി കൃത്യത ഉറപ്പാക്കണം. പണം നല്‍കാന്‍ തൊഴിലാളികളോട് പറയാന്‍ ആര്‍ക്കും സാധിക്കില്ല. ഇക്കാര്യത്തില്‍ വളരെ പെട്ടെന്ന് ഒരു തീരുമാനം വേണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചു. മെയ് ഒന്ന് മുതല്‍ 91 ലക്ഷം കുടിയേറ്റത്തൊഴിലാളികളെ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് മടക്കി അയച്ചുവെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാന തൊഴിലാളിയും തിരിച്ചുപോവുന്നതുവരെ തുടരുമെന്നും തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.

ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് കുടിയേറ്റ തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ളത്. ഇതുവരെ ഇല്ലാത്ത തരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും എസ് ജി പറഞ്ഞു. യാത്രയ്ക്കുള്ള പണം നല്‍കുന്നത് തൊഴിലാളികളെ അയക്കുന്ന സംസ്ഥാനങ്ങള്‍-സ്വീകരിക്കുന്ന സംസ്ഥാനങ്ങള്‍ ആണ്. ചില സംസ്ഥാനങ്ങള്‍ തൊഴിലാളികളില്‍ നിന്നും പണം വാങ്ങുന്നുണ്ട്, ചിലര്‍ വാങ്ങുന്നില്ല. സംസ്ഥാനങ്ങളാണ് ഇക്കാര്യം നോക്കുന്നത്. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് യാത്ര അനുവദിക്കുന്നില്ല. ഭക്ഷണവും വെള്ളവും സൗജന്യ നിരക്കില്‍ റയില്‍വേ നല്‍കുന്നുണ്ട്. ഇതുവരെ 80 ലക്ഷം ഭക്ഷണപ്പൊതികളും ഒരു കോടിയോളം വെള്ളക്കുപ്പികളും വിതരണം ചെയ്തുവെന്നും എസ് ജി വിശദീകരിച്ചു.

Eng­lish sum­ma­ry; Supreme Court upset over migrant work­ers’ trav­el problem

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.