കേന്ദ്രത്തിന്റെ വാദങ്ങള്‍ക്ക് ന്യായീകരണമില്ല: ജസ്റ്റിസ് ചെലമേശ്വര്‍

Web Desk
Posted on June 22, 2018, 10:04 am

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ ന്യായീകരണമില്ലാത്തതാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. താന്‍ കൂടി അംഗമായ കൊളീജിയത്തിന്റെ നിര്‍ദ്ദേശം വീണ്ടും കേന്ദ്രസര്‍ക്കാരിന് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രിംകോടതിയില്‍ നിന്നും ഔദ്യോഗികമായി വിരമിച്ച ഇന്നലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസ് കെ എം ജോസഫ് സുപ്രിംകോടതിയിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹം. അതിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ന്യായാധിപന്‍ ആയിരുന്നപ്പോള്‍ ഇക്കാര്യം നടപ്പിലാക്കാന്‍ തനിക്ക് ആയില്ല.
സുപ്രിംകോടതി കൊളീജിയം ഐകകണ്‌ഠ്യേനയാണ് കെ എം ജോസഫിന്റെ നിയമന ഉത്തരവ് കേന്ദ്രത്തിന് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ എം ജോസഫിന്റെ നിയമനം അംഗീകരിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് താന്‍ കൊളീജിയം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എട്ട് പേജുള്ള വിശദീകരണമാണ് താന്‍ കൊളീജിയം യോഗത്തില്‍ നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ചതില്‍ താന്‍ ദുഖിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എന്ത് കാരണത്താലാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്ന് പറയില്ല. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏത് രീതിയില്‍ വേണമെങ്കിലും ചിന്തിക്കാം. വാര്‍ത്താസമ്മേളനത്തിന് ശേഷം നിരവധിപേര്‍ തന്നെ വിളിച്ച് പിന്തുണ അറിയിച്ചു. എന്നാല്‍ ഒരാള്‍ പോലും പൊതുസമൂഹത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.