Monday
24 Jun 2019

തെരഞ്ഞെടുപ്പ് കടപ്പത്രത്തില്‍ സുപ്രീംകോടതി; സുതാര്യത വേണം

By: Web Desk | Friday 12 April 2019 11:03 PM IST


supreme court- janayugom

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ ഫണ്ട് സമാഹരണം നിഗൂഢമാക്കിക്കൊണ്ട് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ക്ക് പിടിവീഴുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സംഭാവന സ്വീകരിക്കുന്നവരുടെ പേരുകളും തുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ മുദ്രവെച്ച കവറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
മെയ് 15 വരെ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിക്കുന്ന തുകയും നല്‍കിയവരുടെ പേര്, അക്കൗണ്ട് വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷനെ മെയ് 30നകം അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. മെയ് 30ന് ശേഷം ഹര്‍ജിയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. കടപ്പത്ര സംവിധാനം ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് മാത്രം അനുകൂലമാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വ്യക്തമാക്കിയാണ് കോടതി ഇടപെടല്‍.
തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങുന്നതിനുള്ള സമയപരിധിയും കോടതി വെട്ടിക്കുറച്ചു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ബോണ്ട് വാങ്ങുന്നതിനുള്ള സമയപരിധി 10 ദിവസത്തില്‍ നിന്നും അഞ്ചു ദിവസമായി വെട്ടിച്ചുരുക്കാന്‍ ധനമന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.

വിഷയത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. ബോണ്ട് പദ്ധതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ സുതാര്യമാക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം കൂടുതല്‍ നിഗൂഢമാക്കുകയാണ് ചെയ്തത്.

ഇന്ത്യന്‍ പൗരന്മാര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എസ്ബിഐയില്‍ നിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ക്കു നല്‍കാം. 15 ദിവസത്തിനകം ഇവ പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരം ബാങ്കിന് മാത്രമേ അറിയാന്‍ സാധിക്കൂ. ഇലക്ടറല്‍ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ വലിയ അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് എഡിആറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

2017 ഫെബ്രുവരി രണ്ടിനാണ് ധനമന്ത്രി ജെയ്റ്റ്‌ലി തെരഞ്ഞെടുപ്പ് കടപ്പത്രം പദ്ധതി പ്രഖ്യാപിച്ചത്. പ്രത്യേക നിയമനിര്‍മ്മാണത്തിന് പകരം ഫൈനാന്‍സ് ബില്ലായി അവതരിപ്പിച്ച പദ്ധതി സംബന്ധിച്ച് പിന്നീട് ധനമന്ത്രി തന്നെ നിരവധി ഭേദഗതികള്‍ അവതരിപ്പിച്ചു. ജനപ്രാതിനിധ്യ നിയമം, ആദായനികുതി നിയമം, കമ്പനി നിയമം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവ ഭേദഗതി ചെയ്തു പാസാക്കുക വഴി തെരഞ്ഞെടുപ്പ് ഫണ്ട് സുതാര്യമാക്കുന്നതിന് പകരം കൂടുതല്‍ നിഗൂഢമാക്കി മാറ്റുകയായിരുന്നു.

2018 ജനുവരി രണ്ടിനാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. കടലാസ് കമ്പനികള്‍ക്ക് വരെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. ഓരോ കമ്പനിയും എത്ര പണം ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി എന്ന് വെളിപ്പെടുത്തേണ്ട. ട്രസ്റ്റുകള്‍ക്കും ഇക്കാര്യം വെളിപ്പെടുത്തേണ്ടതില്ല.
എന്നാല്‍ ആരൊക്കെ, ഏത് പാര്‍ട്ടികള്‍ക്ക് ആണ് സംഭാവന നല്‍കിയതെന്ന് ബാങ്കില്‍ നിന്നും ധനമന്ത്രാലയത്തിന് വിവരങ്ങള്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇലക്ടറല്‍ ബോണ്ട് വഴി സമാഹരിക്കപ്പെട്ട തുകയില്‍ 90 ശതമാനവും ബിജെപിക്കായിരുന്നു ലഭിച്ചത്. 2018 ല്‍ മാത്രം ബിജെപിക്ക് ഇതുവഴി ലഭിച്ചത് 1300 കോടിയിലധികം രൂപയാണ്.

കേന്ദ്രസര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ സുതാര്യമാക്കണമെന്ന നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോഴുള്ള ചട്ടങ്ങള്‍ പുനഃപരിശോധിക്കേണ്ടതില്ലെന്നും സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വോട്ടര്‍മാര്‍ പൊളിറ്റിക്കല്‍ ഫണ്ടിംഗിനെക്കുറിച്ച് അറിയേണ്ട ആവശ്യമില്ലെന്ന് ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

Related News