June 29, 2022 Wednesday

ജാമിയ മിലിയ സംഘർഷം: ഹൈക്കോടതിയെ സമീപിക്കാൻ പ്രക്ഷോഭകരോട് സുപ്രീംകോടതി

By Janayugom Webdesk
December 17, 2019

ന്യൂഡൽഹി: ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമം സംബന്ധിച്ച് ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതികള്‍ ഉചിതമായ അന്വേഷണം പരിഗണിക്കുമെന്ന് ഉറപ്പുണ്ട്. മുന്‍ സുപ്രീംകോടതി ജഡ്ജിമാരെ അന്വേഷണത്തിന് നിയോഗിക്കുന്നത് കോടതികള്‍ തീരുമാനിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.

സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും വാദങ്ങള്‍ ഹൈക്കോടതികള്‍ കേള്‍ക്കണം. അതിനു ശേഷം ഹൈക്കോടതികള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി പറ‌ഞ്ഞു. വിദ്യാർത്ഥികൾക്ക് നേരെ വലിയ അതിക്രമം നടന്നു എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ മഹമൂദ് പ്രാച്ച പറഞ്ഞു. ഒരു വിദ്യാർത്ഥിയേയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു.

you may also like this video

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ജാമിയ മിലിയ, അലിഗഢ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണം. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കണം, അനുമതിയോടുകൂടി മാത്രമേ പൊലീസ് സര്‍വ്വകലാശാലകളില്‍ പ്രവേശിക്കൂ എന്ന അവസ്ഥയുണ്ടാകണം എന്നിവയായിരുന്നു ആവശ്യങ്ങള്‍. ബന്ധപ്പെട്ട ഹൈക്കോടതികള്‍ ഈ കേസ് കേള്‍ക്കട്ടെ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. പരിക്കേറ്റ 67 വിദ്യാർത്ഥികൾക്ക് വൈദ്യസഹായം നല്കി. രണ്ടു പേർ മരിച്ചെന്ന് വ്യാജപ്രചാരണവും നടന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.