സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ഫണ്ട് വിനിയോഗിക്കണം: സുപ്രീം കോടതി

Web Desk

ന്യൂഡല്‍ഹി

Posted on September 12, 2020, 10:29 pm

രാജ്യത്ത് കോവിഡ് മഹാമാരി വ്യാപകമായ സാഹചര്യത്തില്‍ നിര്‍മ്മാണ മേഖലയ്ക്ക് അനുവദിച്ച ഫണ്ട് എന്തുകൊണ്ട് മറ്റ് സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് വിനിയോഗിക്കുന്നില്ലെന്ന് സുപ്രീം കോടതി. നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമായി സ്വരൂപിച്ച ഫണ്ട് കോവിഡ് പ്രതിരോധത്തിനായി മറ്റ് മേഖലകളിലെ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മറ്റ് മേഖലകളിലെ തൊഴിലാളികളും നിര്‍മ്മാണ മേഖലയിലേതിനു സമാനമായി ദരിദ്രരാണെന്നും കേന്ദ്രം ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു.

ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കണമെന്നും കൈക്കൊണ്ട നടപടി അറിയിക്കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാനോട് ജസ്റ്റിസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

നിര്‍മ്മാണ മേഖലയില്‍ അനുവദിച്ച സാമൂഹ്യക്ഷേമ പദ്ധതി പ്രകാരമുള്ള 1,985 കോടി രൂപയില്‍ നിന്ന് 1,000 കോടി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 50 ശതമാനം കുറവുണ്ടായി.

Eng­lish sum­ma­ry: Supreme court on Social wel­fare fund

You may also like this video;