സ്വന്തം ലേഖകൻ
കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ മരണത്തില്‍ സുപ്രീംകോടതി ഇടപെടല്‍. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് യു പി സര്‍ക്കാര്‍ അന്വേഷണസംഘത്തെ മാറ്റി. പുതിയ സംഘത്തില്‍ സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി, റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്, വിരമിച്ച ഹൈക്കോടതി ജഡ്ജി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഗുണ്ടാനേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണസംഘത്തിന്റെ ഭാഗമാകാന്‍ സിറ്റിങ് ജഡ്ജിയെ വിട്ടുതരാന്‍ ആകില്ലെന്ന് സുപ്രിംകോടതി അറിയിക്കുകയായിരുന്നു. പകരം റിട്ടയേര്‍ഡ് ജഡ്ജിയുടെയും വിരമിച്ച പൊലിസ് ഓഫീസറുടെയും സേവനം ഉപയോഗപ്പെടുത്തണമെന്ന് യുപി സര്‍ക്കാരിനെ കോടതി ഉപദേശിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റ് ജഡ്ജിമാര്‍ അലഹബാദിലേക്ക് പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിനകത്തുള്ള റിട്ടയേര്‍ഡ് ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് കോടതി ഈ നിലപാടെടുത്തത്.
യുപി പോലിസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയാണ് ഹാജരായത്. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയെയും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാമെന്ന് യുപി സർക്കാർ ഉറപ്പ് നൽകി. കരട് വിജ്ഞാപനം നാളെ ഹാജരാക്കാമെന്നും കോടതിയെ അറിയിച്ചു. കാണ്‍പൂരില്‍ പിടികൂടാനെത്തിയ എട്ടുപൊലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ചാണ് പൊലീസ് പിടികൂടുന്നത്. ഇവിടെ നിന്നും കാണ്‍പൂരിലേക്ക് കൊണ്ടു വരുന്നതിനിടെ വഴിമധ്യേ, രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലിലാണ് വികാസ് ദുബെ മരിക്കുന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അതിനിടെ വികാസ് ദുബെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
ആറ് തവണയാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറിയിട്ടുണ്ട്. ആകെ പത്ത് പരിക്കുകളാണ് വികാസ് ദുബെയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. രണ്ട് വെടിയുണ്ടകള്‍ ദുബെയുടെ നെഞ്ചിന്റെ ഇടത് വശത്തും ഒന്ന് തോളിന്റെ വലത് വശവും തുളച്ചു കടന്നുപോയി. അതേസമയം എത്ര ദൂരത്തില്‍ വെച്ചാണ് വെടിയേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നില്ല. എല്ലാ വെടിയുണ്ടകളും മുന്‍വശത്ത് നിന്നാണ് തുളച്ചുകയറിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
English summary: supreme court on Vikas dube’s death
You may also like this video;