തീരദേശ പരിപാലന നിയമം ലംഘിച്ച് ആലപ്പുഴ വേമ്പനാട് കായലിലെ നെടിയതുരുത്തിൽ നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവ്. കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കാപ്പികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സൂപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്.
ചേർത്തല പാണാവള്ളിയിൽ വേമ്പനാട് കായൽ പരപ്പിലാണ് നെടിയതുരുത്തിലെ അനധികൃത സപ്തനക്ഷത്ര റിസോർട്ട് സമുച്ചയം. പ്രഥമദൃഷ്ട്യാ നടന്ന കായൽ കയ്യേറ്റത്തിനും തീരപരിപാലന ലംഘനത്തിനുമെതിരെ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനകളും എഐവൈഎഫും നടത്തിയ പോരാട്ടങ്ങൾ നിരവധിയാണ്.
വേമ്പനാട് കായൽ പരപ്പിലെ ദ്വീപായ നെടിയതുരുത്തിന് 9.5 ഏക്കർ വിസ്തീർണ്ണമാണുണ്ടായിരുന്നത്. നെൽവയലുകളും ചെമ്മീൻ വാറ്റ് കേന്ദ്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഏതാനും കുടുംബങ്ങളായിരുന്നു ഇവിടുത്തെ താമസക്കാർ. പലരുടെയും ഉടമസ്ഥതയിൽ നിന്നും ഈ ഭൂപ്രദേശം ഈശ്വരപിള്ളയും രത്നാ ഈശ്വരപിള്ളയും വാങ്ങി സ്വന്തമാക്കി. 2007 ൽ ഇവർ ഇത് കുവൈറ്റ് ആസ്ഥാനമായുള്ള കാപ്പിക്കോ കേരള പ്രൈവറ്റ് ലിമിറ്റഡ് എന്ന അന്തർദേശിയ കമ്പനിക്ക് കൈമാറി. ഇവിടെ വൻകിട റിസോർട്ട് നിർമിച്ച് സിംഗപ്പൂർ ആസ്ഥാനമായുള്ള ബനിയാൻ ട്രീ ഹോട്ടൽ ആന്റ് റിസോർട്ടിന് കൈമാറുക എന്നതായിരുന്നു രത്നാ ഈശ്വരൻ ഡയറക്ടറായുള്ള കാപ്പിക്കോ കമ്പനിയുടെ ലക്ഷ്യം. തുടർന്ന് നെടിയാതുരുത്തിലെ 9.5 ഏക്കർ ഭൂപ്രദേശം 20 ഏക്കറായി വികസിപ്പിച്ചു. ഏകദേശം 250 കോടി രൂപ ചെലവിട്ട് 59 വില്ലകളും അനുബന്ധ കെട്ടിടങ്ങളും മിന്നൽ വേഗത്തിൽ നിർമ്മിച്ചു. ശക്തമായ നീരൊഴുക്കുള്ള കായലിൽ ഇറിഗേഷൻ വകുപ്പിന്റെ അനുമതി വാങ്ങാതെ ഉണ്ടായിരുന്ന ജെട്ടി നശിപ്പിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗ്ഗം തടസ്സപ്പെട്ടു. കായലിനടിയിലൂടെ വൈദ്യുതി കേബിൾ വലിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും പിന്നീട് അവർ അത് സാധ്യമാക്കി. തീരപരിപാലന ലംഘനമാണ് നടന്നതെന്നറിഞ്ഞിട്ടും നിർമാണത്തിന്റെ ഒരുഘട്ടത്തിലും ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടിരുന്നില്ല.
തീരത്തുനിന്നും 50 മീറ്റർ അകലം, കെട്ടിടങ്ങൾ തമ്മിലുള്ള അകലം 20 മീറ്റർ, പരമാവധി ഉയരം ഒൻപത് മീറ്റർ തുടങ്ങിയ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെട്ടു. അഞ്ച് കോടിക്ക് മേൽവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടവും ഇവിടെ പഴങ്കഥയായി. കൂടാതെ നെൽവയൽ നീർത്തട സംരക്ഷണ നിയമം (2008), നീർത്തട സംരക്ഷണ നിയമം (2006) ഇവയുടെ നഗ്നമായ ലംഘനം നടത്തിയാണ് കായലിന് നടുവിലെ ദ്വീപിൽ സപ്ത നക്ഷത്ര റിസോർട്ട് ഉയർന്നത്.
മത്സ്യതൊഴിലാളി യൂണിയൻ (എഐടിയുസി) മണ്ഡലം സെക്രട്ടറി സി പി പത്മനാഭനാണ് കായൽ കയ്യേറിയും തീരപരിപാലന വിജ്ഞാപനത്തെ ലംഘിച്ചുകൊണ്ടും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കേസ് നടത്തിയത്.
കാപ്പിക്കോ റിസോർട്ടിന്റെ ഈ വിധിക്കു മുമ്പേ സി പി പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിൽ മറ്റൊരു കായൽ സാമ്രാജ്യത്തിനും സമാന വിധി ഉണ്ടായിട്ടുണ്ട്. ഇത് പാണാവള്ളിയിലെ പതിനെട്ടാം വാർഡിനോട് ചേർന്ന വെറ്റില തുരുത്തിലാണ്. തുരുത്തിന്ഏഴ് ഏക്കർ വിസ്തീർണമാണുള്ളത്. 1998 ജർമ്മൻകാരൻ വാങ്ങിയ തുരുത്ത് നിലവിൽ റഹോജാ ഗ്രൂപ്പിന്റെ പക്കലാണ്. ഇവിടെ പ്രവർത്തിക്കുന്ന വാമിക ഐലൻഡ് ഗ്രീൻലഗൂൺ റിസോർട്ടിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു സുപ്രീംകോടതി.
.… .… .… .… .… .…
മത്സ്യതൊഴിലാളി ഫെഡറേഷൻ സ്വാഗതം ചെയ്തു
ആലപ്പുഴ: തീരപരിപാലന വിജ്ഞാപനത്തെ പരസ്യമായി ലംഘിച്ച് വേമ്പനാട് കായലിൽ ആലപ്പുഴ ജില്ലയിലെ നെടിയതുരുത്തിൽ നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കുവാനുള്ള സുപ്രീം കോടതി വിധിയെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് സ്വാഗതം ചെയ്തു. വിധിയുടെ പശ്ചാത്തലത്തിൽ റിസോർട്ട് പൊളിക്കൽ നടപടി ഉടൻ ആരംഭിക്കണമെന്നും അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന റവന്യു പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: Supreme Court order to dismantle cappuccino resort
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.