ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

Web Desk
Posted on April 23, 2019, 2:47 pm

ഗുജറാത്തില്‍ 2002ലെ വംര്‍ഗീയകലാപത്തില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. ബാനു സര്‍ക്കാര്‍ ഇടക്കാല സഹായമായി അനുവദിച്ച അഞ്ചുലക്ഷം രൂപ കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു. ബില്‍കിസ് ബാനുവിന്‍റെ മൂന്ന് വയസുള്ള മകളടക്കം എട്ട് കുടുംബാംഗങ്ങള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനുശേഷം എല്ലാംനഷ്ടപ്പെട്ട് നാടോടികളെപ്പോലെയുള്ള ജീവിതം നയിക്കുന്ന ബില്‍ക്കിസ് ബാനുവിന് മതിയായ സഹായം നല്‍കണമെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷക ശോഭാഗുപ്ത പറഞ്ഞു.
കൃത്യവിലോപം കാട്ടിയ ഐപിഎസ് ഓഫീസര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ രണ്ടാഴ്ചക്ക് അകം നടപടി എടുക്കാന്‍ മാര്‍ച്ച് 30ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും പലരും പെന്‍ഷന്‍പറ്റി സുഖജീവിതത്തിലാണെന്നും അഭിഭാഷക പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍മേത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിച്ചതായി അറിയിച്ചു.