അസം പൗരത്വ രജിസ്റ്റർ കോഡിനേറ്ററെ സ്ഥലംമാറ്റാൻ സുപ്രിം കോടതി ഉത്തരവ്

Web Desk
Posted on October 18, 2019, 10:46 pm

ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കൽ നടപടി കോഡിനേറ്റർ പ്രതീക് ഹജേലയെ മധ്യപ്രദേശിലേയ്ക്ക് അടിയന്തരമായി സ്ഥലംമാറ്റാൻ സുപ്രീം കോടതി ഉത്തരവ്. ഡെപ്യൂട്ടേഷനിൽ അയക്കാനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. ഹജേലയുടെ ജീവന്​ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ്​​ സ്ഥലമാറ്റ ഉത്തരവ്​ എന്നാണ്​ സൂചന. ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ്​ പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി സർക്കാരിനോട്​ ആവശ്യപ്പെട്ടു.
അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സ്ഥലംമാറ്റ ഉത്തരവിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് ചോദിച്ചിരുന്നു. അതിന് ഉണ്ടെന്ന് കോടതി മറുപടി നൽകിയെങ്കിലും എന്താണ് കാരണമെന്ന് വെളിപ്പെടുത്താൻ തയാറായില്ല. കൂടാതെ സ്ഥലംമാറ്റ ഉത്തരവിലും കാരണം പറയുന്നില്ല. എന്തെങ്കിലും കാരണമില്ലാതെ സ്ഥലം മാറ്റങ്ങൾ നടക്കാറില്ലേ എന്നാണ്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി വേണുഗോപാലിനോട് തിരിച്ചു ചോദിച്ചത്​.
48കാരനായ പ്രതീക്​ ഹജേല 1995 അസം-മേഘാലയ കേഡർ ഐഎഎസ്​ ഓഫീസറാണ്​. ഹജേലയുടെ മേൽ​നോട്ടത്തിൽ ഓഗസ്​റ്റ്​ 31 നാണ്​ അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്​. അന്തിമ പട്ടികയിൽ നിന്നും 19 ലക്ഷം പേർ പുറത്തായിരുന്നു.