Janayugom Online
supreme court

സുപ്രീംകോടതി കാരണമില്ലാതെ നിരാകരിച്ചത് 69 ശതമാനം വിവരാവകാശ അപേക്ഷകൾ

Web Desk

ന്യൂഡൽഹി

Posted on August 14, 2020, 10:55 pm

വിവരാവകാശ നിയമ(ആർടിഐ)ത്തിന്റെ കാര്യത്തിൽ സ്വന്തം ഉത്തരവ് തന്നെ സുപ്രീംകോടതി ലംഘിക്കുന്നു. കാരണങ്ങളൊന്നുമില്ലാതെയും മതിയായ കാരണങ്ങൾ വിവരിക്കാതെയും നിരാകരിച്ച അപേക്ഷകളുടെ എണ്ണം 69 ശതമാനത്തിലധികം. 2017 നവംബറിലാണ് വിവരാവകാശ നിയമപ്രകാരം ചീഫ് ജസ്റ്റിസിന്റെ ഓഫീസും പൊതു സ്ഥാപനമാണെന്ന് പരമോന്നത കോടതിവിധി പുറപ്പെടുവിച്ചത്. എന്നാൽ ഇതുവരെയായി സുപ്രീംകോടതി നിരാകരിച്ചത് 13,394 വിവരാവകാശ അപേക്ഷകളാണ്. ഇതിൽ 4,101 അപേക്ഷകൾ നിരസിക്കുന്നതിനും കാരണങ്ങൾ പറഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷകർ എന്ന പേരിലുള്ള പോർട്ടൽ നടത്തിയ പരിശോധനയിൽ വ്യക്തമായതായി മണിലൈഫ് ഓൺലൈൻ പോർട്ടലിന്റെ വാർത്തയിൽ പറയുന്നു. ആകെ അപേക്ഷകളുടെ 30.6 ശതമാനമാണ് ഇത്തരത്തിൽ നിരാകരിക്കപ്പെട്ടത്.

അപേക്ഷ നിരാകരിക്കുന്നത് ആർടിഐ നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കാരണങ്ങൾ സഹിതം നിരസിക്കപ്പെട്ട 9,293 ൽ 6,410 അപേക്ഷകളാകട്ടെ മറ്റുള്ളവ എന്ന, നിയമത്തിൽ ഇല്ലാത്ത വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നിരാകരിച്ചിട്ടുള്ളത്. ഇതുകൂടിചേരുമ്പോൾ കാരണമില്ലാതെ നിരാകരിച്ചത് 69 ശതമാനമാണെന്ന് വാർത്തയിലുണ്ട്. ദേശീയതാല്പര്യം, സ്വകാര്യത, രഹസ്യാത്മകത എന്നീ കാരണങ്ങളാൽ അപേക്ഷ നിരാകരിക്കുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ഇതിന് പുറമേയാണ് മറ്റുള്ളവ എന്ന കാരണം പറഞ്ഞ് ഇത്രയും അപേക്ഷകൾ നിരാകരിച്ചിരിക്കുന്നത്.

Eng­lish summary:supreme court rejects 69 per­centR­TI appli­ca­tions

You may also like this video: