തരുണ്‍ തേജ്പാലിന്റെ ഹര്‍ജി തള്ളി; ആരോപണം ഗൗരവമുള്ളതെന്ന് സുപ്രീംകോടതി

Web Desk
Posted on August 19, 2019, 11:53 am

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തെഹല്‍ക്ക മാഗസിന്‍ മുന്‍ എഡിറ്ററുമായ തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.
തേജ്പാലിനെതിരായ ബലാല്‍സംഗ ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി വിലയിരുത്തി.കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു.
ഗോവ സെഷന്‍സ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു തേജ്പാലിന്റെ അപേക്ഷ. എന്നാല്‍ കേസില്‍ വിചാരണ നടത്താനുള്ള തെളിവുകള്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. തേജ്പാലിന്റെ വാട്‌സ്ആപ്പ്, ഇ മെയില്‍ സന്ദേശങ്ങള്‍ ഇതിന്റെ തെളിവാണെന്നും പൊലീസ് പറഞ്ഞു.
2013 ല്‍ തെഹല്‍ക്കയുടെ നേതൃത്വത്തില്‍ തിങ്ക് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ ഗോവയിലെ ഹോട്ടലില്‍വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2013 നവംബറിലാണ് ആരോപണത്തെ തുടര്‍ന്ന് തരുണ്‍ തേജ്പാല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. 2014 മുതല്‍ ജാമ്യത്തിലാണ് തേജ്പാല്‍. ലൈംഗികാരോപണത്തെ തുടര്‍ന്ന് തേജ്പാല്‍ തെഹല്‍ക്ക പത്രാധിപ സ്ഥാനം ഒഴിഞ്ഞിരുന്നു.